പരവൂർ: വരുന്ന ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് കർണാടകയിലെ ഹുബ്ബള്ളിയിൽ നിന്ന് കോട്ടയത്തേക്ക് പ്രത്യേക സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്താൻ റെയിൽവേ തീരുമാനിച്ചു.ഓഗസ്റ്റ് 25, 29 തീയതികളിൽ ഹുബ്ബള്ളിയിൽനിന്നും ഓഗസ്റ്റ് 26, 30 തീയതികളിൽ തിരികെ കോട്ടയത്തു നിന്നുമാണ് സ്പെഷൽ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാരുടെ സൗകര്യാർഥം പ്രമുഖ സ്റ്റേഷനുകളിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 25 ചൊവ്വ വൈകുന്നേരം 6.30-ന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെടുന്ന ആദ്യ സ്പെഷൽ ട്രെയിൻ അടുത്ത ദിവസം വൈകുന്നേരം 4.40-ന് കോട്ടയത്ത് എത്തും. തിരികെ ഓഗസ്റ്റ് 26 ബുധൻ രാത്രി 10.30-ന് കോട്ടയത്തുനിന്ന് പുറപ്പെട്ട് വ്യാഴം രാത്രി എട്ടിന് ഹുബ്ബള്ളിയിലെത്തും.രണ്ടാമത്തെ സർവീസ് ഓഗസ്റ്റ് 29 ശനി ഉച്ചകഴിഞ്ഞ് 3.15-ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം വൈകുന്നേരം 4.15-ന് കോട്ടയത്തെത്തും. തിരികെ ഓഗസ്റ്റ് 30 ഞായർ രാത്രി 10.30-ന് കോട്ടയത്തുനിന്ന് തിരിച്ച് അടുത്ത ദിവസം രാത്രി 8.05-ന് ഹുബ്ബള്ളിയിലെത്തും.
കേരളത്തിൽ തൃശൂർ, ആലുവ, എറണാകുളം ടൗൺ, പാലക്കാട് എന്നീ സ്റ്റേഷനുകളിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് ഉണ്ടായിരിക്കും. ഇതിനു പുറമെ ഹവേരി, ദാവൺഗരെ, ബിരൂർ, അരസിക്കരെ, തുമകൂരു, എസ്എംവിടി ബഗളൂരു, കൃഷ്ണരാജപുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോടന്നൂർ എന്നിവിടങ്ങളിലും ട്രെയിൻ നിർത്തി ആളുകളെ കയറ്റും.
ഒരു ടൂ ടയർ എസി, രണ്ട് ത്രീ ടയർ എസി, ഒൻപത് സ്ലീപ്പർ കോച്ചുകൾ, ആറ് സെക്കൻഡ് ക്ലാസ് ജനറൽ, ഭിന്നശേഷി സൗഹൃദമായ രണ്ട് സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിവയടങ്ങുന്ന കോച്ച് ഘടനയിലാണ് ഈ ഫെസ്റ്റിവൽ സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തുന്നത്. ഓണക്കാലത്ത് നാടുകളിലേക്ക് മടങ്ങുന്ന മലയാളി യാത്രക്കാർക്ക് ഈ പുതിയ സർവീസുകൾ വലിയ ആശ്വാസമാകും.
