പ്രണയബന്ധം മുന്നോട്ട് കൊണ്ടുപോകാൻ പൂർണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏജന്റിനെ ഉപയോഗിച്ച കാമുകനെ യുവതി ഉപേക്ഷിച്ചു. സാൻഫ്രാൻസിസ്കോ പശ്ചാത്തലമാക്കി നടന്ന ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ദിവസേനയുള്ള സന്ദേശങ്ങൾ, അന്വേഷണങ്ങൾ, ഡേറ്റ് പ്ലാനിംഗ്, പിണക്കങ്ങൾ പരിഹരിക്കൽ എന്നിവയെല്ലാം കാമുകൻ എഐ വഴി ഓട്ടോമേറ്റ് ചെയ്യുകയായിരുന്നു. കാമുകന്റെ വ്യക്തിപരമായ ശ്രദ്ധയും സ്നേഹവുമാണെന്ന് കരുതിയ കാര്യങ്ങളെല്ലാം എഐ സാങ്കേതികവിദ്യ ചെയ്തതാണെന്ന് മനസ്സിലായതോടെയാണ് യുവതി ബന്ധം അവസാനിപ്പിച്ചത്.
ഡെലിയ ലസാരെസ്കു എന്ന എക്സ് ഉപയോക്താവാണ് തന്റെ കൂട്ടുകാരിക്ക് നേരിട്ട ഈ അനുഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. “തന്റെ സുഹൃത്ത് സ്നേഹിച്ചത് ഒരു ക്രോൺ ജോബിനെയാണ് ” എന്ന് അവർ കുറിച്ചതോടെ വാർത്ത വളരെ വേഗം വൈറലായി.
സംഭവം പുറത്തുവന്നതോടെ ഇന്റർനെറ്റിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. കാമുകൻ പ്രണയം “ഔട്ട്സോഴ്സ്” ചെയ്തെന്ന് ചിലർ കളിയാക്കുമ്പോൾ, പ്രണയസന്ദേശങ്ങൾ അയക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് വാദിക്കുന്നവരും കുറവല്ല.
ആധുനിക ബന്ധങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്വാധീനം എത്രത്തോളമുണ്ടെന്നതിനെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകൾക്കാണ് ഈ സംഭവം ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്. സാങ്കേതികവിദ്യ ജീവിതം എളുപ്പമാക്കുമെങ്കിലും, പ്രണയബന്ധങ്ങളിൽ വ്യക്തിപരമായ സാന്നിധ്യവും ആത്മാർഥതയുമാണ് പ്രധാനമെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.
