ടെഹ്റാൻ: അമേരിക്കൻ സൈനികരെ വധിക്കുകയോ ജീവനോടെ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ (ഏകദേശം 28 ലക്ഷം രൂപ) പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ സൈന്യം. ഈ ദൗത്യത്തിൽ പങ്കാളികളാകുന്ന വനിതകൾക്ക് ഇരട്ടി തുക നൽകുമെന്നും ഇറാൻ ഔദ്യോഗികമായി അറിയിച്ചു.
പ്രമുഖ ഇറാനിയൻ വാർത്താ ഏജൻസിയായ ‘ഇർന’യാണ് സൈനികത്തലവൻ അമീർ ഹാതമിയെ ഉദ്ധരിച്ച് ഈ വിവരം പുറത്തുവിട്ടത്. ഇത്തരം സാമ്പത്തിക സഹായ പദ്ധതികളിൽ പങ്കാളികളാകാൻ നിരവധി പേർ താൽപ്പര്യം പ്രകടിപ്പിച്ച് അഭ്യർത്ഥനകൾ അയച്ചതിനെ തുടർന്നാണ് ഈ പുതിയ നീക്കമെന്ന് അമീർ വ്യക്തമാക്കി. നിലവിൽ ഇറാനിൽ അമേരിക്ക നേരിട്ട് കരയുദ്ധം നടത്തുന്നില്ലെങ്കിലും, യു.എസ് നിരന്തരം വ്യോമാക്രമണങ്ങൾ തുടർന്നുപോരുന്നുണ്ട്. അതിനാൽ ഈ നിർദ്ദേശം എങ്ങനെ നടപ്പിലാക്കുമെന്ന കാര്യത്തിൽ ഇറാൻ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
കഴിഞ്ഞ ഫെബ്രുവരി 28-ന് യു.എസും ഇസ്രായേലും ചേർന്ന് ഇറാനിൽ നടത്തിയ ആക്രമണത്തെത്തുടർന്നു പൊട്ടിപ്പുറപ്പെട്ട യുദ്ധം പശ്ചിമേഷ്യയെ കടുത്ത സംഘർഷഭരിതാവസ്ഥയിലേക്ക് നയിച്ചിട്ട് ആറുമാസത്തോളമാകുന്നു. ഇതിനിടയിൽ പലതവണ വെടിനിർത്തൽ ചർച്ചകൾ നടന്നെങ്കിലും അവയെല്ലാം പരാജയപ്പെടുകയാണുണ്ടായത്. യുദ്ധം നീണ്ടുപോയാൽ കരയുദ്ധത്തിന് മുതിരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
