തലശേരി: തലശേരി വ്യാപാരി വ്യവസായി ഏകോപന സമിതി വെൽഫേർ സഹകരണ സംഘത്തിൽ നടന്ന കോടികളുടെ നിക്ഷേപത്തട്ടിപ്പ് ക്രൈംബ്രാഞ്ച് അന്വേഷിക്കും.കേസിന്റെ വ്യാപ്തി കണക്കിലെടുത്ത് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് ലോക്കൽ പൊലിസ് കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. നടപടിക്രമങ്ങൾ പൂർത്തിയായാൽ ഉടൻ കേസ് ക്രൈംബ്രാഞ്ചിന് കൈമാറും.
ഇതിനിടയിൽ ബാങ്കിന്റെ മുൻ ഭാരവാഹികളെ പൊലിസ് ചോദ്യം ചെയ്തു. സൊസൈറ്റി മുൻ പ്രസിഡന്റ് വീനസ് രവീന്ദ്രൻ, ഡയറക്ടർമാരായ സാക്കിർ, ഇസ്മയിൽ എന്നിവരെയാണ് പൊലിസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. നാലു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ വിലപ്പെട്ട ചില വിവരങ്ങൾ ലഭിച്ചതായാണ് അറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനമായതെന്ന് അറിയുന്നു.
സംഘത്തിന്റെ മറ്റ് ഭാരവാഹികളെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.ബാങ്കിൽ ഡേ ബുക്ക്, കാഷ് ബുക്ക് തുടങ്ങിയ രേഖകൾ സെക്രട്ടറി സൂക്ഷിച്ചിരുന്നില്ലെന്ന് ഭാരവാഹികൾ പൊലിസിന് നൽകിയ മൊഴിയിൽ പറയുന്നു. 2022 വരെ സംഘത്തിൽ നിന്ന് വായ്പ കൊടുത്തിട്ടുണ്ട്. ബോർഡിന്റെ അനുമതിയില്ലാതെ സെക്രട്ടറി സ്വന്തമായി വായ്പ കൊടുത്തതായും പൊലിസ് കണ്ടെത്തി.
വായ്പയെടുത്തവരുടെ പേരുമാത്രമാണ് രേഖയിലുള്ളത്. ജാമ്യക്കാരോ ജാമ്യരേഖകളോ ഉണ്ടായിരുന്നില്ല. സെക്രട്ടറിയുടെ ക്രമക്കേടുകൾ മനസിലാക്കിയ സംഘം ഭരണസമിതി 2023 മുതൽ ലോൺ നിർത്തിവച്ചിരിക്കുകയാണ്. സെക്രട്ടറിക്ക് 5000 രൂപ മാത്രമാണ് മാസശന്പളം ഉണ്ടായിരുന്നത്.
കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സംഘം സെക്രട്ടറി പിണറായി പടന്നക്കര കുന്നോത്തെ സുജാലയത്തിൽ കെ.സി. ജ്യോജിഷിനെ ഇന്ന് പൊലിസ് കസ്റ്റഡിയിൽ വാങ്ങും. ഇയാൾ സ്വകാര്യബാങ്കിൽ അരക്കോടിയുടെ സ്വർണാഭരണങ്ങൾ പണയംവച്ചതായി പൊലിസ് കണ്ടെത്തിയിരുന്നു.
പണയ പണ്ടമെടുക്കാൻ അനുമതിയില്ലാത്ത സംഘത്തിൽ ജ്യോജിഷ് വളരെ ആസൂത്രിതമായാണ് നിക്ഷേപകരിൽനിന്ന് സ്വർണാഭരണങ്ങൾ സ്വീകരിച്ചിരുന്നത്. ജ്യോജിഷിന് ആറ് ബാങ്കുകളിൽ അക്കൗണ്ടുള്ളതായും അന്വേഷണത്തിൽ വ്യക്തമായിരുന്നു. നിലവിൽ ഒമ്പത് പരാതികളിലാണ് പൊലിസ് അന്വേഷണം.
