മുംബൈ:ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. മുംബൈയിലെ പൊവയ് മേഖലയിൽ താനെ ഖാരേഗാവ് സ്വദേശിയായ അനിൽ ശേഷ്റാവു ഷിൻഡെ (28) ആണ് പോലീസിന്റെ പിടിയിലായത്. ദോഷം മാറ്റാനെന്ന വ്യാജേനയാണ് പ്രതി യുവതിയുടെ വീട്ടിലെത്തിയത്.
കിടപ്പുമുറിയിലേക്ക് അതിക്രമിച്ചു കയറിയ ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തുകയും തുടർന്ന് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. സംഭവത്തിനുശേഷം യുവതി പോലീസിൽ പരാതി നൽകി. തുടർന്ന് പൊവയ് പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
സാരി ധരിച്ച് ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന ഇയാളെ താനെയിലെ ഒരു ചേരിയിൽ വെച്ചാണ് പോലീസ് പിടികൂടിയത്. ട്രാൻസ്ജെൻഡറാണെന്ന് നടിച്ചു വേഷംമാറി യാചകനായും ഇയാൾ പലയിടങ്ങളിലും കറങ്ങിനടന്നിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ജനങ്ങൾ ഇത്തരം തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്നും അപരിചിതരെ യാതൊരു കാരണവശാലും വീടുകൾക്കുള്ളിൽ പ്രവേശിപ്പിക്കരുതെന്നും പോലീസ് കർശന മുന്നറിയിപ്പ് നൽകി.
