വാഷിംഗ്ടൺ ഡിസി: യുദ്ധത്തിൽ അടിയറവു പറയാൻ തയാറാകാത്ത ഇറാനെ സാന്പത്തികമായി തളർത്താൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ട്രംപ്. ഇറാനെ സഹായിക്കുന്ന രാജ്യങ്ങൾക്കുമേൽ അമേരിക്കയുടെ സാന്പത്തിക നടപടികളുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി. ആഗോളതലത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന യുദ്ധം ആറു മാസമായിട്ടും അവസാനിക്കാത്ത പശ്ചാത്തലത്തിലാണ് ട്രംപിന്റ പുതിയ നീക്കം.
ഇറാനെതിരേ ഇനി സാന്പത്തികയുദ്ധം നടത്തുമെന്നും മുന്പു കണ്ടിട്ടില്ലാത്തവിധം ഇറാനെ ഒറ്റപ്പെടുത്തുമെന്നുമാണ് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചത്. ഇറാനിലെ ധനകാര്യ സ്ഥാപനങ്ങൾ, ബിസിനസ് സ്ഥാപനങ്ങൾ, വിമാനത്താവളങ്ങൾ, ഗവൺമെന്റ് സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് ഏതെങ്കിലും തരത്തിൽ സഹായം നല്കുന്ന രാജ്യങ്ങൾ കടുത്ത സാന്പത്തിക പ്രത്യാഘാതം നേരിടേണ്ടിവരും. അതേസമയം, എന്തുതരം നടപടികളാണു പരിഗണനയിലുള്ളതെന്നു ട്രംപ് വ്യക്തമാക്കിയില്ല.
ട്രംപിന്റെ പുതിയ പ്രഖ്യാപനത്തെ ഇറാൻ വിമർശിച്ചു. അമേരിക്കയിലെ സാന്പത്തിക പ്രശ്നങ്ങളിൽനിന്ന് അമേരിക്കൻജനതയുടെ ശ്രദ്ധ തിരിച്ചുവിടാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു. ഉപരോധവും സമ്മർദവും പ്രശ്നങ്ങൾ പരിഹരിക്കില്ലെന്നും ചർച്ച നടത്താനാണു ശ്രമിക്കേണ്ടതെന്നും ചൈന പ്രതികരിച്ചു.
