കൊല്ലം: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. പന്തളം-തിരുവനന്തപുരം റൂട്ടിലോടുന്ന ബസിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കാരേറ്റ് ഭാഗത്ത് വച്ചാണ് യുവതിക്കുനേരെ അതിക്രമമുണ്ടായത്.
യുവതിയുടെ സമീപത്തായി സീറ്റിലിരുന്ന മലപ്പുറം വണ്ടൂർ സ്വദേശി ഷാനവാസ് ആണ് യുവതിയെ കടന്നുപിടിച്ചത്. ഉപദ്രവം സഹിക്കവയ്യാതെ വന്നതോടെ ദൃശ്യങ്ങൾ തന്ത്രപരമായി യുവതി മൊബൈലിൽ പകർത്തി. വിവരം ബസ് കണ്ടക്ടറെ അറിയിക്കുകയും ചെയ്തു. പൊലിസിൽ പരാതി നൽകണമെന്നും പറഞ്ഞു. ഇതോടെ യുവതിയുടെ ആവശ്യപ്രകാരം ബസ് വട്ടപ്പാറ പൊലിസ് സ്റ്റേഷനിൽ എത്തിച്ചു.
കണ്ടക്ടറും മറ്റു യാത്രക്കാരും ചേർന്ന് ഷാനവാസിനെ പൊലിസിന് കൈമാറുകയായിരുന്നു. അതിക്രമത്തിന്റെ ദൃശ്യങ്ങളും യുവതി പൊലിസിന് നൽകി. മദ്യലഹരിയിലായിരുന്നു യുവാവ്. തന്നെ ഉടൻ തന്നെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഇയാൾ സ്റ്റേഷനിൽ പരാക്രമം കാട്ടി.
കേസെടുത്ത വട്ടപ്പാറ പൊലിസ് പ്രതിയെ വെഞ്ഞാറമൂട് പൊലിസിന് കൈമാറി. സ്ത്രീകൾക്കെതിരായ അതിക്രമം തടയൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. തിരുവനന്തപുരത്തുള്ള റസ്റ്റോറന്റില്‍ പാചകക്കാരനാണ് ഷാനവാസ്.
