പരുന്തുകളോടുള്ള കൊച്ചനുന്തരവളുടെ കടുപ്പമേറിയ പ്രണയം മനസ്സിലാക്കി, അബൂദബിയിൽ നടന്ന ലേലത്തിൽ 3.85 കോടി രൂപയ്ക്ക് (1.5 ദശലക്ഷം ദിർഹം) അപൂർവയിനം വെളുത്ത പരുന്തിനെ വാങ്ങി നൽകി അമ്മാവൻ. അബൂദബി ഇന്റർനാഷണൽ ഹണ്ടിംഗ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷനിൽ പങ്കെടുത്ത ഷെയ്ഖ അൽ മൻസൂരി എന്ന പെൺകുട്ടിക്കാണ് അമ്മാവന്റെ വക ഈ സർപ്രൈസ് സമ്മാനം ലഭിച്ചത്.
തനിക്ക് പരുന്തുകളെയും പക്ഷികളെയും കുറിച്ച് പഠിപ്പിച്ചു തന്നതും പരിചയപ്പെടുത്തിയതും അമ്മാവനാണെന്ന് ഷെയ്ഖ ഓൺലൈനിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. പെൺകുട്ടിയുടെ ആഗ്രഹപ്രകാരം അമ്മാവൻ ലേലത്തിൽ പങ്കെടുത്തു പരുന്തിനെ സ്വന്തമാക്കുകയായിരുന്നു.
അമേരിക്കയിലെ ‘മാർക്ക് മോഗ്ലിച്ച് ഫാൽക്കൺ ഫാമിൽ’ നിർമിച്ച ‘അൾട്രാ വൈറ്റ് പ്യുവർ ഗൈർ ഗാർമൗഷ’ (Ultra White Pure Gyr Garmousha) എന്ന അപൂർവ ഇനത്തിൽപ്പെട്ട കുഞ്ഞു പരുന്തിനെയാണ് ഇത്രയും ഉയർന്ന തുക നൽകി വാങ്ങിയത്. ഇതിന്റെ മനോഹരമായ ശുഭ്രവസ്ത്രത്തിന് സമാനമായ വെളുത്ത ചിറകുകളും സവിശേഷതകളുമാണ് ലേലത്തിൽ വലിയ ശ്രദ്ധ നേടാൻ കാരണമായത്.
ഏകദേശം ഒരു കിലോഗ്രാം ഭാരവും 16.5 ഇഞ്ച് നീളവുമുള്ളതാണ് ഈ കുഞ്ഞു പരുന്ത്. ഈ വർഷത്തെ എക്സിബിഷനിൽ ഇതുവരെ വിറ്റഴിക്കപ്പെട്ടതിൽ വച്ച് ഏറ്റവും ഉയർന്ന ലേലത്തുകയാണിത്. ലോകമെമ്പാടുമുള്ള 55 പ്രമുഖ ഫാമുകളാണ് ഇത്തവണ പ്രദർശനത്തിൽ പങ്കെടുത്തത്.
