സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ’80s എഐ ട്രെൻഡിന്’ വേറിട്ടൊരു ട്വിസ്റ്റുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. എഐ നിർമിത ചിത്രങ്ങൾക്ക് പകരം 1980കളിൽ നിന്നുള്ള തന്റെ യഥാർഥ ചിത്രമാണ് കേന്ദ്രമന്ത്രി എക്സിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ചാറ്റ് ജിപിടിയും എഐ ടൂളുകളും ഉപയോഗിച്ച് എൺപതുകളിലെ ലുക്കിലേക്ക് മാറിയുള്ള ചിത്രങ്ങൾ പങ്കുവെക്കാൻ ആളുകൾ മത്സരിക്കുമ്പോഴാണ് കിരൺ റിജിജുവിന്റെ ഈ രസകരമായ പോസ്റ്റ്.
തോൽ ജാക്കറ്റും ഷർട്ടും ട്രൗസറും ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. “എല്ലാവരും 80കളിൽ തങ്ങൾ എങ്ങനെയായിരിക്കുമെന്ന് അറിയാൻ ചാറ്റ് ജിപിടിയോട് ചോദിക്കുകയാണ്. ഞാൻ ഒരു കുറുക്കുവഴി തെരഞ്ഞെടുക്കാൻ തീരുമാനിച്ചു. എഐയും ചാറ്റ് ജിപിടിയും ഇല്ല, ഇത് 80കളിലെ യഥാർഥ ഞാനാണ്” എന്ന കുറിപ്പോടെയാണ് മന്ത്രി ചിത്രം പോസ്റ്റ് ചെയ്തത്.
തന്റെ എഐ നിർമിത 80കളിലെ വീഡിയോ പങ്കുവെച്ചതിന് തൊട്ടടുത്ത ദിവസമാണ് അദ്ദേഹം യഥാർഥ ചിത്രവുമായി എത്തിയത്. എൺപതുകളിലെ ഫാഷനും ഹെയർസ്റ്റൈലും ഫോട്ടോഗ്രാഫി രീതികളും പുനഃസൃഷ്ടിക്കുന്ന ഈ എഐ ട്രെൻഡ് നിലവിൽ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റാണ്.
