കാനഡയിലെ ബ്രാംപ്ടണിൽ സന്ധ്യാനടത്തിനിടയിൽ 78 കാരിയെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തു. വിവാഹസമയത്ത് ഭർത്താവ് സമ്മാനിച്ച, വിലപ്പെട്ടആഭരണങ്ങളുൾപ്പെടെയാണ് കവർച്ചക്കാരി തട്ടിയെടുത്തത്.
ജൂലൈ 28-ന് വൈകുന്നേരം 6 ഓടെ ചിങ്കുവാസൗ റോഡിനും ബോവാർഡ് ഡ്രൈവ് വെസ്റ്റിനും സമീപമുള്ള റെസിഡൻഷ്യൽ ഏരിയയിലൂടെ നടക്കുകയായിരുന്നു വയോധിക. അവർ നിന്ന സ്ഥലത്തേക്ക് ഒരു എസ്യുവി കാർ വന്ന് നിൽക്കുകയും അതിൽ നിന്ന് ഒരു സ്ത്രീ വയോധികയുടെ അരികിലേക്ക് എത്തുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
വയോധികയുടെ വിശ്വാസം നേടിയെടുക്കാൻ ആ സ്ത്രീ ആദ്യം അവരുടെ കാൽ തൊട്ട് വണങ്ങുകയും ആലിംഗനം ചെയ്യുകയും ചെയ്തു. ഈ സ്നേഹപ്രകടനത്തിനിടയിൽ വയോധികയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല മാറ്റിവെച്ച് പകരം വ്യാജമാല അണിയിച്ചു. ഒപ്പം കൈയിലുണ്ടായിരുന്ന സ്വർണ്ണ വളകളും ഊരിയെടുത്ത ശേഷം വന്ന സ്ത്രീ കാറിൽ കടന്നുകളഞ്ഞു.
ഏകദേശം 110 ഗ്രാമോളം വരുന്ന സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.ഏകദേശം 12-16 ലക്ഷം രൂപ വിലവരുമെങ്കിലും, അതിനേക്കാൾ ഉപരിയായി അതൊരു വലിയ വൈകാരിക നൊമ്പരമാണെന്ന് വയോധിക പറഞ്ഞു.
1971-ൽ വിവാഹസമയത്ത് ഭർത്താവ് സ്വന്തം കൈകൊണ്ട് പണിതുനൽകിയ ആഭരണങ്ങളാണിവ 2008-ൽ വിടപറഞ്ഞ ഭർത്താവിന്റെ അവസാന ഓർമകളാണ് കള്ളൻമാർ കവർന്നെടുക്കപ്പെട്ടത്. വയോധികയുടെ മകൻ രാഘവേന്ദ്ര സംഭവത്തെ കുറിച്ച് പൊലിസിൽ പരാതി നൽകി.
