ആലപ്പുഴ: കൃപാസനം മരിയന്‍ സന്നിധാനത്തുനിന്ന് അര്‍ത്തുങ്കല്‍ ബസിലിക്കയിലേക്കുള്ള അഖണ്ഡ ജപമാല മധ്യസ്ഥ പ്രാര്‍ഥനാ മഹാറാലിയില്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ ജന ലക്ഷങ്ങളാണ് അണിചേര്‍ന്നത്. പീഡിത സഭകള്‍ക്കും വിശ്വാസ ഞെരുക്കങ്ങളില് കഴിയുന്നവര്‍ക്കും ശക്തി പകരുക എന്ന ദൈവിക ലക്ഷ്യത്തോടെ നടക്കുന്ന പ്രാര്ഥനാപ്രവാഹത്തില് പങ്കുചേരുന്നതിന് അഭൂതപൂര്‍വ്വമായ തിരക്ക് അനുഭവപ്പെട്ടതിനാൽ, വെള്ളിയാഴ്ച രാത്രിമുതല്‍ തന്നെ കൃപാസനത്തില്‍ നിന്നും അര്‍ത്തുങ്കലിലേക്ക് ജപമാലയും ചൊല്ലിയുള്ള ജനങ്ങളുടെ പ്രവാഹം ആരംഭിച്ചിരുന്നു.
തീരദേശപാത തിങ്ങിനിറഞ്ഞ് കടന്നുപോകുന്ന റാലിയില്‍ പങ്കെടുത്തവര്‍ ഉദ്ദേശം നാലര മണിക്കൂര്‍കൊണ്ടാണ് കൃപാസനത്തില്‍ നിന്നും അര്‍ത്തുങ്കല്‍ ബസിലിക്ക വരെ നടന്നെത്തിയത്. വാഹനയാത്ര അത്ര സുഗമമല്ലാത്തതിനാല്‍ ബസിലിക്കയില്‍ നിന്നും വീണ്ടും ഒന്നര മണിക്കൂറോളം നടന്ന് ദേശീയപാതയിലെത്താനും ആരും മടുപ്പു കാണിക്കുന്നില്ല. റാലി പൂര്‍ത്തിയാക്കി ആദ്യമാദ്യമെത്തിയവര് മടങ്ങുമ്പോഴും കൃപാസനത്തിലേക്കുള്ള ജനങ്ങളുടെ ഒഴുക്കും തീരദേശപാതയിലെ റാലിയുമെല്ലാം ഇടമുറിയാതെ തുടരുകയാണ്.
ലക്ഷ്യം
പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടിയെത്തുന്ന ഓരോ ഹൃദയത്തിനും സാന്ത്വനവും സൗഖ്യവും സമാധാനവും ജീവിതവിജയവും വിശ്വാസ സംരക്ഷണവും നല്‍കാനാണ് വിശ്വാസ പ്രഖ്യാപന പ്രാര്‍ഥനാ യാത്ര.
പ്രത്യാശയുടെ യാത്ര
2004ല്‍ പരിശുദ്ധ ദൈവമാതാവ് കൃപാസനത്തില്‍ പ്രത്യക്ഷയായി എന്ന ജീവിക്കുന്ന വിശ്വാസഅനുഭവ സത്യത്തില്‍നിന്ന് ഉദയം കൊണ്ടതാണ് ഈ മരിയന്‍ സന്നിധാനം. ഇവിടെനിന്ന് ഉടമ്പടി എടുത്ത് ജീവിതത്തില്‍ കൃപ അനുഭവിച്ചവരുടെ നന്ദിപ്രഖ്യാപനം കൂടിയാണ് ഈ മഹാറാലി. കൃപാസനത്തില്‍ പ്രത്യക്ഷയായ പരിശുദ്ധ ദൈവമാതാവിനു തങ്ങളെത്തന്നെ പൂര്‍ണമായി സമര്‍പ്പിച്ച് ജപമാല മണികള്‍ ഉരുവിട്ടുകൊണ്ട് പ്രത്യാശയോടെ നടത്തുന്ന യാത്രയാണിത്.
കൃപാസനത്തില്‍ നേരിട്ട് വന്ന് ഉടമ്പടി എടുത്തവർ, വര്‍ഷങ്ങളായി വിശ്വസ്തതയോടെ ഉടമ്പടി പുതുക്കി ജീവിക്കുന്നവർ, മാധ്യമങ്ങളിലൂടെ ശുശ്രൂഷ കണ്ട് നിയോഗങ്ങള്‍ സമര്‍പ്പിച്ചവർ, ഓണ്‍ലൈന്‍ ഉടമ്പടിയിലൂടെ പ്രാര്‍ഥനയില്‍ ബന്ധപ്പെടുന്നവർ, ലൈറ്റ് എ കാന്‍ഡില്‍ പ്രയര്‍ റിക്വസ്റ്റിലൂടെ ജീവിതത്തിന്റെ സങ്കടങ്ങള്‍ സമര്‍പ്പിക്കുന്നവര്‍, ഡോ.ഫാ.വി.പി.ജോസഫ് വലിയവീട്ടില്‍ അച്ചന്റെ രോഗശാന്തി ശുശ്രൂഷകളില്‍ പങ്കെടുത്ത് സൗഖ്യം അനുഭവിച്ചവർ, റാലിയില്‍ പങ്കെടുക്കാന്‍ ആഗ്രഹം ഉണ്ടായിട്ടും പ്രത്യേക സാഹചര്യത്തില്‍ പറ്റാതെ പോയവർ… എല്ലാവരെയും പ്രാര്‍ഥനയില്‍ കൂട്ടി ചേര് ത്തുകൊണ്ടുള്ളതായിരുന്നു റാലി.
ലോകത്തിനായി മധ്യസ്ഥ പ്രാര്‍ഥന
വിശ്വാസ ജനതയില്‍ സഹവര്‍ത്തിത്വവും സാഹോദര്യവും വളര്‍ത്തുക, രാജ്യങ്ങള്‍ തമ്മില്‍ ഒരുമയും പരസ്പര സംരക്ഷണവും, വിശ്വാസ ഞെരുക്കത്തില്‍ അതിജീവനവും രോഗങ്ങളില്‍ സൗഖ്യവും, സാമ്പത്തിക ഞെരുക്കങ്ങളില് സമാശ്വാസം, ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ജനതയ്ക്ക് വിശ്വാസ പരിരക്ഷ, ഉടമ്പടി നിയോഗങ്ങളില്‍ സമ്പൂര്‍ണ ഫലസമൃദ്ധി… തുടങ്ങിയ നിയോഗങ്ങളെല്ലാം സമര്‍പ്പിച്ച് പ്രാര്ഥിച്ചുകൊണ്ടാണ് മഹാറാലി നടന്നത്. ലോകത്തിനുവേണ്ടിയുള്ള മധ്യസ്ഥ പ്രാര്‍ഥനകൂടിയാണ് ഈ ജപമാലയജ്ഞം.
ദൈവം സ്പര്ശ്യനാണ്
ദൈവവുമായുള്ള ബന്ധത്തില്‍ സംഭവിച്ച വീഴ്ചകളെ തിരുത്തി ആ ബന്ധത്തെ നവീകരിക്കുവാന്‍ ഉടമ്പടി പ്രാര്‍ഥന സഹായിക്കുന്നു. അവിടുത്തെ സ്വരം ശ്രവിക്കുന്നവര്‍ക്കും അവിടുത്തെ വചനം അനുസരിക്കുന്നവര്‍ക്കും ദൈവം എന്നും സമീപസ്ഥനാണ്, സ്പര്ശ്യനാണ്. ഈ മഹാസന്ദേശമാണ് മഹാജപമാല റാലിയിലൂടെ അനേകായിരങ്ങള്‍ അനുഭവിക്കുന്നത്. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക എന്ന സുവിശേഷ വചനത്തിന്റെ പൂര്‍ത്തീകരണത്തിലേക്ക് മഹാജപമാല റാലി ഭക്തരെ ക്ഷണിക്കുന്നു.
ദൈവം ഓരോ വ്യക്തികള്‍ക്കും ഓരോ കുടുംബങ്ങള്‍ക്കും കരുതിവച്ചിരിക്കുന്ന നിരവധിയായ അനുഗ്രഹങ്ങള്‍ അവര്‍ക്ക് ലഭിക്കുവാന്‍ അവരെ വീണ്ടും ഒരുക്കി എടുക്കുന്ന ഒരു പദ്ധതി കൂടിയാണ് ജപമാല റാലി. ആലപ്പുഴ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്ന ഈ സമയത്ത് രൂപതയുടെ എല്ലാ മിഷന് പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയും പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥന നടത്തുന്നുണ്ട്.
ആലപ്പുഴ രൂപതയുടെ അജപാലന അധികാരത്തിന് കീഴില്‍, 1998 സെപ്റ്റംബര്‍ 28ന്, B-115/ERE-13/98-832 നമ്പര്‍ രൂപതാ ഡിക്രി പ്രകാരം, സ്ഥാപിക്കപ്പെട്ട, വ്യക്തികളുടെ ജീവിത നവീകരണത്തിലൂന്നിയ കുടുംബസുസ്ഥിതിക്കും, സാമൂഹ്യ ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ആത്മീയസാംസ്ക്കാരിക വേദിയായി, ആലപ്പുഴ ജില്ലയിൽ, അമ്പലപ്പുഴ താലൂക്കില്‍, കലവൂര്‍ കേന്ദ്രമായി, 1992ല്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്ത് അ690/9 രജിസ്റ്റര്‍ നമ്പര്‍ പ്രകാരം വര്‍ഷാവര്‍ഷം രജിസ്ട്രേഷന് പുതുക്കി ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ആത്മീയ സാംസ്ക്കാരിക സ്ഥാപനമാണ് കൃപാസനം.
മരിയന്‍ ഉടമ്പടിയുടെ അന്തഃസത്ത
മരിയന്‍ ഉടമ്പടി സമര്‍പ്പണ പ്രാര്‍ത്ഥന പ്രകാരം സമര്‍പ്പിക്കുന്ന ആവശ്യങ്ങൾ, അമ്മയുടെ മദ്ധ്യസ്ഥതയില്‍ കാനായിലെ കല്യാണവീട്ടില്‍ ഈശോയുടെ മുന്നില്‍ സമര്‍പ്പിക്കപ്പെട്ട 6 കല്‍ഭരണികളുടെ പ്രതീ കങ്ങളാണ്.
ആറ് നിബന്ധനകള്‍
പാപങ്ങള്‍ വെറുത്തുപേക്ഷിക്കുന്നു (CCC 2609, CCC 1490)
ഏകദിന ഉപവാസം (CCC 1430)
പ്രേഷിത പ്രവര്‍ത്തനം അഥവാ ആത്മാ ക്കളുടെ വീണ്ടെടുപ്പ് പ്രവര്‍ത്തനം (CCC 858)
കൃപാസനം മരിയന്‍ ഉടമ്പടി ധ്യാനം കൂടുക (CCC 2716)
ദൈവവചന വായന (CCC 1437)
കാരുണ്യപ്രവൃത്തികള്‍ (CCC 1473)
ഉടമ്പടി എടുത്തവരുടെ ആഗോള കുട്ടായ്മ
കൃപാസനം മാതാവിന്റെ മാധ്യസ്ഥത്തില്‍ ദൈവവുമായി ഓരോ കുഞ്ഞുമക്കളും നല്കിയ ഉടമ്പടിയില്‍ ജീവിക്കുന്ന വിശ്വാസികളുടെ ആഗോള കൂട്ടായ്മ കൂടിയാണ് മഹാജൂബിലി വര്‍ഷത്തിലെ മഹാ ജപമാല റാലി. ലോകവ്യാപക മായി കൃപാസനം മാതാവിന്റെ മാധ്യസ്ഥത്തില്‍ ആത്മീയപിതാവ് വി.പി. ജോസഫ് വലിയവീട്ടില്‍ അച്ചന് നടത്തിയ ഉടമ്പടി ധ്യാനത്തില്‍ പങ്കുപറ്റി അനുഗ്രഹിക്കപ്പെട്ട ലക്ഷോപലക്ഷം ദൈവജനമാണ് ദൂരങ്ങളിലിരുന്നു മനസ്സുകൊണ്ടും സാന്നിധ്യംകൊണ്ടു പങ്കെടുത്തും ആഗോള കൂട്ടായ്മയിലെ ജപമാലയില്‍ പങ്കാളികളാകുന്നത്.
ഈശോയുടെ വചനം അനുസരിച്ച് ജീവിച്ച് യഥാര്‍ത്ഥ സ്നേഹത്തില്‍ ജീവിക്കുന്ന സമൂഹമായി ഈ ജപമാല റാലിയില്‍ പങ്കെടുക്കുന്നു. ജാതിമത ഭേദമന്യേ സ്നേഹത്തില്‍ സന്ധിക്കുന്നതിന്റെ ഒരു മഹാ അടയാളമാണ് കൃപാസനം മാതാവിന്റെ സവിധേ നിന്ന് അര്‍ത്തുങ്കല്‍ സെന്റ്് ആന്‍ഡ്രൂസ് ബസിലിക്ക ദേവാലയം വരെ നടക്കുന്ന നീണ്ട മഹാജപമാല. ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിലും കൃപാസനം അഖണ്ഡ ജപമാല മഹാറാലിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒക്ടോബര്‍ മാസം അവസാനം വരെ അഖണ്ഡ ജപമാല റാലികള്‍ നടക്കുന്നുണ്ട്.
സ്നേഹത്തില്‍ സന്ധിചേരല്‍
സമൂഹത്തില്‍ ഉടലെടുക്കുന്ന അരക്ഷി താവസ്ഥയ്ക്കും അരാജകത്വത്തിനും അറുതി വരുത്താന്‍ ദൈവസ്നേഹത്തില്‍ ഊന്നിയ സജീവമായ വിശ്വാസമാണ് ആവശ്യം. വിശ്വാസത്തിന് അപഭ്രംശം സംഭവിച്ചിടത്തെല്ലാം സംഭവിക്കുന്ന മൂല്യച്യുതിയും അസന്തുഷ്ടിയും അസമാധാനവും ദൂരീകരിക്കപ്പെടുവാന് മഹാ ജപമാല റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു പ്രാര്‍ത്ഥിക്കുന്നു.
യുദ്ധങ്ങളും അക്രമങ്ങളും പരസ്പരബന്ധങ്ങളിലെ വിള്ളലുകളും സമൂഹത്തെ കാര്‍ന്നുതിന്നുന്ന വര്‍ത്തമാനകാലത്തില്‍ സ്നേഹത്തിന്റെ, സമാധാനത്തിന്റെ ഉണര്‍ത്തു പാട്ടായി മാറുന്ന മഹാജപമാല റാലി ജാതിമതഭേദമന്യേ സകല മനുഷ്യരെയും സ്നേഹത്തില്‍ സന്ധിപ്പിക്കുന്നു. സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ കൃപാസനം മാതാവിന്റെ അനുഗ്രഹപെരുമഴ പെയ്യുന്ന മഹാറാലിയായി മാറുന്നു ഈ ജപമാല റാലി.
‘കൃപാസനം’ ശുശ്രൂഷാ ലഘുചരിത്രം
രൂപപ്പെടലിന്റെ നാള്‍വഴി
* 1984 മുതല്‍ പ്രാരംഭ ധ്യാനം
* 1987 മുതല്‍ വളര്‍ച്ചാ ധ്യാനം
* 19902000 പ്രാര്‍ത്ഥനാനുഭവ ധ്യാനം
* 20022004 ജപമാല ജീവിത ദര്‍ശന ധ്യാനം
* 20042015 വരദാനങ്ങളുടെ ധ്യാനം
* 2015 മുതല്‍ മരിയന്‍ ഉടമ്പടി ധ്യാനം
1989 -90 കാലയളവില്‍ ഈ ശുശ്രൂഷകള്‍ ആദ്യമായി വെളിപ്പെട്ടപ്പോൾ, ആദ്യ ദശയില്‍ കൗണ്‍സിലിംഗ് മാത്രമായിരുന്നു നടത്തിയിരുന്നത്. കൗണ്‍സിലിംഗിന് വന്നവര്‍ക്ക് കര്‍ത്താവ് നല്ല അനുഭവങ്ങള്‍ നല്കി. പ്രാര്‍ത്ഥനയ്ക്ക് വരുന്ന ജനം അനുദിനം പെരുകികൊണ്ടിരുന്നു. അതിനാല്ഇപ്രകാരം ജീവിത പ്രശ്നങ്ങള്‍ പറയാനും പ്രാര്‍ത്ഥിക്കാനും വന്നവരെ ഒരുമിച്ചുകൂട്ടി 1990ല്‍ അത് ഏകദിനധ്യാനം ആക്കി മാറ്റി. പിന്നെ പെട്ടെന്ന് കൂട്ടായ്മ വളര്‍ന്ന് 1991 നവംബര്‍ 27ന് അര്‍ത്തുങ്കല്‍ പള്ളിയില്‍ വെച്ച് ഔട്ട്റിച്ച് റിട്രീറ്റ് ആയി അത് വളര്‍ന്നു. ആ കണ്‍വെന്‍ഷനില്‍ അയ്യായിരത്തോളം പേര് പങ്കെടുത്തു. 1991 ഡിസംബര്‍ 21ന് കടലോര കൃപാവരയജ്ഞം എന്ന പേരില്‍ വലിയ തീരദേശ കണ്വെന്ഷന് ആയി അത് കര്‍ത്താവ് ഉയര്‍ത്തി.
തുടര്‍ന്ന് 1991 ഏപ്രില്‍ മാസത്തില്‍ അന്യംനിന്നുപോയ കടലോര സാംസ്കാരിക പഴമകളുടെ പുനഃരുദ്ധാരണ പദ്ധതി കൂടി കര്‍ത്താവ് കൂട്ടിചേര്‍ത്തതോടെ ഈ ശുശ്രൂഷകള്‍ക്ക് ഒരു മേല്‍വിലാസം കൊടുക്കുന്നതിന്റെ ഭാഗമായാണ് കൃപാസനം എന്ന പേര് ശുശ്രൂഷാ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തുടങ്ങിയത്.
കൃപാസനത്തിന്റെ ആഭിമുഖ്യത്തില്‍ നയിക്കപ്പെട്ട അനേകം ശുശ്രൂഷകള്‍ കൃപയുടെ നിറവില്‍ അനേകായിരങ്ങള്‍ അനുഭവിച്ചപ്പോഴാണ് ‘കൃപാസനം’എന്ന ദൈവം തന്ന ആ ദിവ്യനാമത്തിന്റെ പൊരുള്‍ അന്വേഷിക്കാന്‍ ആരംഭിച്ചത്. ആ അന്വേഷണം ചെന്നെത്തിയതാകട്ടെ, സാക്ഷാല്‍ മോശയുടെ നേതൃത്വത്തില്‍ വാഗ്ദാന നാട് തേടി മരുഭൂമിയിലൂടെ തങ്ങളുടെ ചരിത്രനിയന്താവായ ദൈവത്തിന്റെ സാക്ഷ്യപേടകവും സംവഹിച്ചുകൊണ്ട് ദൈവജനം നടന്ന വിമോചന പോരാട്ട വഴികളുടെ നടുത്തളത്തിലും. പുറ: 25, 40, സംഖ്യ: 4 അദ്ധ്യായങ്ങള്‍ പരാമര്ശ്യം.
