യുകെയിലെ ബിർമിംഗ്ഹാം എയർപോർട്ടിൽ ലാൻഡിംഗിനിടെ കനത്ത കാറ്റിൽപ്പെട്ട് വിമാനം റൺവേയിൽ നിന്ന് നിയന്ത്രണം വിട്ട് സമീപത്തെ പുൽത്തകിടിയിലേക്ക് നീങ്ങി. ‘ബൊവേലോ’ (Storm Boelo) കൊടുങ്കാറ്റതിനെത്തുടർന്ന് ശക്തമായ കാറ്റ് വീശിയടിച്ചതാണ് അപകടഭീഷണി ഉയർത്തിയത്. വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് വെനീസിൽ നിന്ന് ബിർമിംഗ്ഹാമിലേക്ക് വരികയായിരുന്ന ‘ജെറ്റ്2’ (Jet2) കമ്പനിയുടെ LS1310 വിമാനമാണ് അപകടത്തിൽപ്പെട്ടത്. റൺവേയിൽ തൊട്ടതിനു പിന്നാലെ വിമാനം ക്രമരഹിതമായി പുൽത്തകിടിയിലേക്ക് കയറുന്നതിന്റെയും പിന്നീട് സുരക്ഷിതമായി ടാക്സിവേയിലേക്ക് തിരികെ കയറുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ കടുത്ത കാലാവസ്ഥാ വ്യതിയാനമാണ് വിമാനം നിയന്ത്രണം വിടാൻ കാരണമെന്ന് ജെറ്റ്2 അധികൃതർ വ്യക്തമാക്കി. വിമാനം സുരക്ഷിതമായി നിർത്തിയ ശേഷം യാത്രക്കാരെയെല്ലാം സാധാരണ രീതിയിൽത്തന്നെ പുറത്തിറക്കിയതായി ബിബിസി റിപ്പോർട്ട് ചെയ്തു.
ബൊവേലോ കൊടുങ്കാറ്റിനെത്തുടർന്ന് വെസ്റ്റ് മിഡ്ലാൻഡ്സ് ഉൾപ്പെടെയുള്ള യുകെയുടെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ കാറ്റാണ് വീശുന്നത്. നോർത്തേൺ അയർലൻഡ്, സ്കോട്ട്ലൻഡ്, വടക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ കൊടുങ്കാറ്റ് ഗതാഗത തടസങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ബ്രിട്ടനിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (Met Office) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
