സെൽഫിയെടുക്കാൻ വന്ന കൊച്ചു ആരാധികയോട് നടി പ്രയാഗ മാർട്ടിൻ മോശമായി പെരുമാറിയെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാകുന്നു. പരപ്പനങ്ങാടി കലാഗ്രാമം രണ്ടാം വാർഷികാഘോഷത്തിൽ അതിഥിയായി എത്തിയപ്പോഴാണ് സംഭവം.
പരിപാടിക്കിടെ പ്രയാഗ മാർട്ടിനൊപ്പം സെൽഫിയെടുക്കണമെന്ന ആഗ്രഹവുമായി ഒരു ചെറിയ കുട്ടി താരത്തിന്റെ അരികിലേക്ക് എത്തുന്നതും, ഫോട്ടോ എടുത്തോട്ടെ എന്ന് അനുവാദം ചോദിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. എന്നാൽ പ്രയാഗയുടെ മറുപടി കേട്ട ഉടൻ തന്നെ കുട്ടി നിരാശയോടെ മടങ്ങിപ്പോകുകയും ചെയ്തു. ഈ വീഡിയോ വൈറലായതോടെയാണ് നടിക്കെതിരെ പ്രതിഷേധം ഉയർന്നത്.
ആ കുഞ്ഞു ആരാധികയുടെ ആഗ്രഹം അപ്പോൾ തന്നെ സാധിപ്പിച്ചു കൊടുക്കേണ്ടിയിരുന്നുവെന്നുംആരാധകരോട് എങ്ങനെ പെരുമാറണമെന്ന് നടി മമിത ബൈജുവിനെ കണ്ടു പഠിക്കണമെന്നുമാണ് ചില നെറ്റിസൺസിന്റെ കമന്റുകൾ.
പ്രയാഗയെ പിന്തുണച്ചും രംഗത്ത്
അതേസമയം, പ്രയാഗ മാർട്ടിനെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ചടങ്ങിന്റെ തിരക്കുകൾ കാരണം തൽക്കാലത്തേക്ക് ‘ഫോട്ടോ പിന്നീട് എടുക്കാം’ എന്നാകും നടി കുട്ടിയോട് പറഞ്ഞിട്ടുണ്ടാവുക എന്നാണ് ഇവർ വാദിക്കുന്നത്.
തിരക്കിനിടയിൽ സെൽഫി ഒഴിവാക്കാൻ പറഞ്ഞതാണെങ്കിലും, ചടങ്ങുകൾക്ക് ശേഷം ആ കുട്ടിയെ സന്തോഷിപ്പിച്ചാകും പ്രയാഗ മടങ്ങിയിട്ടുണ്ടാവുക എന്നും ആരാധകർ അഭിപ്രായപ്പെടുന്നു.
