പത്തനംതിട്ട: മദ്രസയില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന് പരാതി. പ്രതികൾ സഞ്ചരിച്ച കാറിനെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചു. വാഹനത്തിന്റെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. വെള്ള നിറത്തിലുള്ള കാറില്‍ ആണ് രണ്ടുപേര്‍ എത്തിയതെന്ന് കുട്ടികള്‍ മൊഴി നല്‍കിയിരുന്നു. കാര്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കനാല്‍ റോഡില്‍ വിജനമായ സ്ഥലത്ത്വച്ച് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തി എന്നാണ് മൊഴി. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
കുട്ടികള്‍ കാട് മൂടിയ പ്രദേശത്ത് എത്തിയപ്പോഴാണ് കാറ് കുട്ടികള്‍ക്ക് സമീപമെത്തിയത്. ബന്ധുക്കളാണെന്ന് പറഞ്ഞുകൊണ്ട് രണ്ട്പേർ കുട്ടികളോട് കാറില്‍ കയറാനാവശ്യപ്പെടുകയായിരുന്നു. ഉമ്മയെ അറിയാമെന്നും വീട്ടില്‍ കൊണ്ടുവിടാമെന്നുമാണ് ഇവര്‍ പറഞ്ഞത്. തുടര്‍ന്ന് കുട്ടികള്‍ നിലവിളിച്ചുകൊണ്ട് ഓടുന്നത് കണ്ട സമീപവാസിയായ സ്ത്രീ ബഹളം വയ്ക്കുകയും കാര്‍ വേഗത്തില്‍ സ്ഥലത്ത് നിന്ന് പോവുകയുമായിരുന്നു.
ഒമ്പത് വയസുള്ള രണ്ടു പെണ്‍കുട്ടികളെയാണ് കാറിലെത്തിയവര്‍ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്. കാറില്‍ ഉണ്ടായിരുന്നത് ഒരു പുരുഷനും സ്ത്രീയുമാണെന്ന് കുട്ടികള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് കുട്ടികളുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
