കൊച്ചി: ചേരാനെല്ലൂരില്‍ 17 വയസുകാരൻ ഓടിച്ച ബെന്‍സ് കാറിടിച്ച് മരിച്ച ജയ ബാലകൃഷ്ണന്റെ വീട് സന്ദര്‍ശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുടുംബം ആവശ്യപ്പെടുന്ന ആളെ പബ്ലിക് പ്രോസിക്യൂട്ടർ ആക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.
കേസ് ശരിയായ ദിശയിൽ പോകും. സർക്കാർ കുടുംബത്തോടൊപ്പമാണ്. നീതിയും നിയമവും എല്ലാവർക്കും ഒരുപോലെയാണെന്നും നിയമങ്ങൾ കാര്യക്ഷമമല്ല എന്ന പരാതികൾ ഉണ്ട്. പരിഷ്കരണത്തിന്റെ കാര്യം ആലോചിച്ചു തീരുമാനമെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ലഹരി ഉപയോഗിച്ചു വാഹനം ഓടിച്ചാൽ കർശന നടപടിയുണ്ടാവും. പൊലിസ് പരിശോധനയിൽ ആരുമിനി പരാതി പറയരുത്. അപ്പീലിലെ പ്രോസിക്യൂഷൻ പിഴവ് ഗുരുതര പിഴവല്ല. അത് തിരുത്തി നൽകിയിട്ടുണ്ട്. ഭദ്ര കീർത്തി എനിക്ക് മകളെ പോലെയാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നൽകിയ ഉറപ്പിൽ വിശ്വാസമുണ്ടെന്ന് ജയ ബാലകൃഷ്ണന്റെ മകള്‍ ഭദ്ര കീർത്തിയും പ്രതികരിച്ചു.
ചേരാനല്ലൂര്‍ അപകടം: പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി മാറ്റി, തിങ്കളാഴ്ച വീണ്ടും പരിഗണിക്കും
കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തിങ്കളാഴ്ചത്തേക്കു മാറ്റി. കുട്ടികളുടെയും സ്ത്രീകളുടെയും കേസുകള്‍ പരിഗണിക്കുന്ന അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. പതിനേഴുകാരന്റെ വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ അപ്പീല്‍ തിരുത്തി നല്കാന് കോടതി ആവശ്യപ്പെട്ടിരുന്നു.
വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുത്തി അപ്പീല്‍ നല്‍കിയതില്‍ പ്രോസിക്യൂഷനെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രതിയായ പതിനേഴുകാരന്റെ പേരും മറ്റ് വ്യക്തിവിവരങ്ങളും അപ്പീലില്‍ ഉള്‍പ്പെടുത്തിയതിനാണ് കോടതിയുടെ വിമര്‍ശനം.
പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിവരങ്ങള്‍ ഇത്തരത്തില്‍ പരസ്യപ്പെടുത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ആവശ്യമായ തിരുത്തലുകള്‍ വരുത്തി പുതിയ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി ഇന്ന് കോടതി വീണ്ടും പരിഗണിച്ചെങ്കിലും തിങ്കളാഴ്ചത്തേക്കു മാറ്റുകയായിരുന്നു.
