വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയെയും പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും നിഷ്പ്രഭരാക്കി ഡെമോക്രാറ്റിക് പാർട്ടി അട്ടിമറി വിജയത്തിലേക്ക്.
രാജ്യമെമ്പാടും വീശിയടിച്ച ‘നീലതരംഗ’ത്തിൽ സെനറ്റിന്റെയും ജനപ്രതിനിധി സഭയുടെയും പൂർണ നിയന്ത്രണം ഡെമോക്രാറ്റുകൾ പിടിച്ചെടുത്തു. റിപ്പബ്ലിക്കൻ പാർട്ടിയുടെ പരമ്പരാഗത കോട്ടകളിൽ പോലും വൻ അട്ടിമറികൾ സൃഷ്ടിച്ചാണു ഡെമോക്രാറ്റുകളുടെ തിരിച്ചുവരവ്.
435 അംഗ ജനപ്രതിനിധിസഭയിൽ 222 സീറ്റിലാണ് ഡെമോക്രാറ്റിക് പാർട്ടി ഇതിനോടകം വിജയിച്ചത്. പല സീറ്റിലും മുന്നിട്ടു നിൽക്കുന്നു. 100 അംഗ സെനറ്റിലെ 34 സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിലും വൻ മുന്നേറ്റം നടത്തുന്ന പാർട്ടി 50 എന്ന കേവല ഭൂരിപക്ഷവും കടന്ന് 53 സീറ്റിൽ മുന്നിലാണ്.
ട്രംപിന്റെ രണ്ടാം ഭരണകാലത്തെ അവസാന രണ്ടു വർഷങ്ങളിലെ തീരുമാനങ്ങളെ നിയന്ത്രിക്കാനും ചോദ്യം ചെയ്യാനും നിയമനിർമാണങ്ങൾക്കു തടയിടാനും ഈ വിജയം ഡെമോക്രാറ്റുകൾക്ക് അത്യധികം കരുത്തു പകരും.
ട്രംപിന്റെ ഭരണനയങ്ങൾക്കെതിരേയുള്ള ശക്തമായ ജനവികാരമാണു തെരഞ്ഞെടുപ്പിൽ തിരിച്ചടിയായത്. ഇന്ധനവില വർധനയും അതിരൂക്ഷമായ ജീവിതച്ചെലവും ജനങ്ങളെ ഭരണപക്ഷത്തിനെതിരേ ചിന്തിപ്പിച്ചു. കൂടാതെ ഇറാനുമായുള്ള സൈനികനീക്കങ്ങളും യുദ്ധം മൂലം വിപണിയിലുണ്ടായ അസ്ഥിരതയും ജനങ്ങളിൽ വലിയ അമർഷമുണ്ടാക്കി.
യുഎസ് കോൺഗ്രസിന്റെ ഇരുസഭകളിലും ഭൂരിപക്ഷം ലഭിച്ചതോടെ ട്രംപ് ഭരണകൂടത്തിന്റെ ഭാവി നയങ്ങൾക്കും നിയമനിർമാണങ്ങൾക്കും തടയിടാനും അനാവശ്യ നീക്കങ്ങളിൽ ഭരണപരമായ അന്വേഷണങ്ങൾ പ്രഖ്യാപിക്കാനും ഇനി ഡെമോക്രാറ്റുകൾക്കു കഴിയും. കോൺഗ്രസിൽ പുതിയ ശക്തിസമവായങ്ങൾ രൂപപ്പെടുന്നതോടെ അമേരിക്കൻ രാഷ്ട്രീയത്തിൽ വരുംദിവസങ്ങളിൽ ഭരണ-പ്രതിപക്ഷ പോരാട്ടം കൂടുതൽ രൂക്ഷമാകാനാണു സാധ്യത.
ചരിത്രം തിരുത്തിക്കുറിച്ച വിജയങ്ങൾ
പതിറ്റാണ്ടുകളായി റിപ്പബ്ലിക്കൻ പാർട്ടിയെ മാത്രം പിന്തുണച്ചിരുന്ന സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റിക് സ്ഥാനാർഥികൾ മിന്നുന്ന വിജയം നേടി. കാൻസസിൽ മെത്തഡിസ്റ്റ് പാസ്റ്ററായ ആദം ഹാമിൽട്ടൺ, റിപ്പബ്ലിക്കൻ സ്ഥാനാർഥി റോജർ മാർഷലിനെ അട്ടിമറിച്ചു. 94 വർഷത്തിനു ശേഷമാണ് കാൻസസിൽ നിന്ന് ഒരു ഡെമോക്രാറ്റ് സ്ഥാനാർഥി സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്.
ടെക്സസിൽ 38 വർഷത്തെ ഇടവേളയ്ക്കു ശേഷം ജെയിംസ് ടലാരിക്കോയിലൂടെ ഡെമോക്രാറ്റുകൾ സെനറ്റ് സീറ്റ് കൈക്കലാക്കി. ഐയോവയിലെ സെനറ്റ് പോരാട്ടത്തിൽ ഡെമോക്രാറ്റ് സ്ഥാനാർഥി ജോഷ് തുറെക്ക് അട്ടിമറി വിജയം നേടി.
വിവിധ സംസ്ഥാനങ്ങളിലെ ഗവർണർ മത്സരങ്ങളിലും ഡെമോക്രാറ്റുകൾക്ക് വൻ മുന്നേറ്റമാണുണ്ടായത്. ടെക്സസിൽ പാർട്ടിയുടെ ജിന ഹിനോജോസ വിജയിച്ച് സംസ്ഥാനത്തെ ആദ്യ ലാറ്റിന വംശജയായ ഗവർണറായി മാറി. ജോർജിയയിൽ പാർട്ടിയുടെ കീഷാ ലാൻസ് ബോട്ടംസ് തെരഞ്ഞെടുക്കപ്പെട്ടതോടെ സംസ്ഥാനത്ത് ആദ്യമായി ഒരു കറുത്തവർഗക്കാരി ഗവർണർ പദവിയിലെത്തി. ന്യൂമെക്സിക്കോയിൽ പാർട്ടിയുടെ ദേബ് ഹാലൻഡ് ആദ്യ റെഡ് ഇന്ത്യൻ വംശജയായ ഗവർണറായി ചുമതലയേൽക്കുമ്പോൾ, മിനസോട്ടയിൽ നിലവിലെ സെനറ്ററായ ആമി ക്ലോബുചാർ ഗവർണറായി മിന്നുന്ന വിജയം കണ്ടു.
പിടിവള്ളി ‘വീറ്റോ’ അധികാരം മാത്രം
വാഷിംഗ്ടൺ ഡിസി: യുഎസ് കോൺഗ്രസിന്റെ ഇരുസഭകളുടെയും നിയന്ത്രണം പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി തിരിച്ചുപിടിച്ചതോടെ, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണപരമായ തീരുമാനങ്ങൾക്കുമേലുള്ള അധികാരം പരിമിതപ്പെടുന്നു. രണ്ടാം ഭരണകാലത്ത് പൂർണാധികാരത്തോടെ മുന്നോട്ടുപോകാമെന്ന ട്രംപിന്റെയും റിപ്പബ്ലിക്കൻ പാർട്ടിയുടെയും കണക്കുകൂട്ടലുകൾക്കു തിരിച്ചടിയാണ് ഇടക്കാല തെരഞ്ഞെടുപ്പു ഫലം.
ട്രംപിന്റെ നയങ്ങളും തീരുമാനങ്ങളും ഇനിമുതൽ കോൺഗ്രസിൽ ശക്തമായ ചോദ്യം ചെയ്യലുകളെ നേരിടേണ്ടി വരും. ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരേ ശക്തമായ പാർലമെന്ററി അന്വേഷണങ്ങൾ ആരംഭിക്കാനും ഡെമോക്രാറ്റുകൾക്ക് ഇതിലൂടെ വഴിയൊരുങ്ങിയിട്ടുണ്ട്.
മുന്നോട്ടുപോകുമെന്ന് ട്രംപ്
അതേസമയം, ഡെമോക്രാറ്റുകൾ കോൺഗ്രസ് പിടിച്ചെടുത്താലും തന്റെ ഭരണഘടനാപരമായ പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ച് പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഡെമോക്രാറ്റുകൾ ജനപ്രതിനിധി സഭയിലോ സെനറ്റിലോ ഭൂരിപക്ഷം നേടിയാൽ അവരുടെ നിയമനിർമാണങ്ങളെ ചെറുക്കാൻ തനിക്ക് ‘വീറ്റോ’ അധികാരമുണ്ടെന്ന് ട്രംപ് ഓർമിപ്പിച്ചു.
സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ൽ ‘വീറ്റോ’ എന്നു രേഖപ്പെടുത്തിയ ചുവന്ന തൊപ്പിയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം തന്റെ നിലപാട് കടുപ്പിച്ചത്.
ജനപ്രതിനിധി സഭയുടെയോ സെനറ്റിന്റെയോ പിന്തുണയില്ലെങ്കിലും എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ തന്റെ ഭരണപരിപാടികൾ നടപ്പിലാക്കാൻ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ ആത്മവിശ്വാസം. ഫെഡറൽ ഏജൻസികളിൽ പ്രസിഡന്റിന് വിശാലമായ അധികാരങ്ങൾ നൽകുന്ന സുപ്രീംകോടതിയുടെ സമീപകാല വിധികളും അദ്ദേഹം ഇതിനായി ചൂണ്ടിക്കാണിക്കുന്നു.
നിലപാട് കടുപ്പിച്ചേക്കും
റ്റോ അധികാരം നിരന്തരം ഉപയോഗിക്കുന്നത് ഒടുവിൽ ഡെമോക്രാറ്റുകളെ ഒത്തുതീർപ്പുകൾക്കു നിർബന്ധിതരാക്കുമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടൽ. അനധികൃത കുടിയേറ്റം, വിദേശവ്യാപാരം തുടങ്ങിയ നിർണായക വിഷയങ്ങളിൽ കൂടുതൽ ശക്തമായ എക്സിക്യൂട്ടീവ് തീരുമാനങ്ങളിലേക്ക് കടക്കാൻ വൈറ്റ് ഹൗസ് വൃത്തങ്ങൾ ഇതിനകം ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പു ഫലം എതിരായാൽ ട്രംപും റിപ്പബ്ലിക്കൻ പാർട്ടിയും അത് അംഗീകരിക്കാൻ തയാറാകുമോയെന്ന ആശങ്ക തെരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ രാഷ്ട്രീയ നിരീക്ഷകർ പങ്കുവച്ചിരുന്നു. വോട്ടെടുപ്പിൽ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന ഗുരുതര ആരോപണങ്ങൾ ട്രംപ് ഉന്നയിച്ചിരുന്നെങ്കിലും ഈ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നു പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വിവേക് രാമസ്വാമിക്ക് അപ്രതീക്ഷിത തോൽവി
വാഷിംഗ്ടൺ: അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ ഒഹായോയിലെ ഗവർണർ മത്സരത്തിൽ പ്രമുഖ ഇന്ത്യൻ വംശജനും റിപ്പബ്ലിക്കൻ നേതാവുമായ വിവേക് രാമസ്വാമി പരാജയപ്പെട്ടു. ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ആമി ആക്ടനാണ് രാമസ്വാമിയെ പരാജയപ്പെടുത്തി ചരിത്രവിജയം സ്വന്തമാക്കിയത്.
ഇതിനിടെ, തെരഞ്ഞെടുപ്പുഫലം നിരാശാജനകമാണെങ്കിലും ജനവിധി പൂർണമായും അംഗീകരിക്കുന്നുവെന്നു ഡോണൾഡ് ട്രംപും വൈറ്റ് ഹൗസും വ്യക്തമാക്കി. ഡെമോക്രാറ്റുകൾ മികച്ച പ്രചാരണമാണു നടത്തിയതെന്നും രാജ്യത്തിന്റെ നന്മയ്ക്കായി അവരുമായി ചേർന്നു പ്രവർത്തിക്കുമെന്നും ട്രംപ് പ്രതികരിച്ചു. അതേസമയം, താൻ നേരിട്ടു മത്സരരംഗത്തുണ്ടായിരുന്നെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
