വാഷിംഗ്ടൺ: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരിച്ചടിക്ക് പിന്നാലെ രാജിവെക്കാൻ ഒരുങ്ങുന്നുവെന്ന പ്രചാരണങ്ങളെ തള്ളി യുഎസ്. സ്റ്റേറ്റ് സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ മാർക്കോ റൂബിയോ. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകാലാവധി പൂർത്തിയാകുന്നതുവരെ പദവിയിൽ തുടരുക എന്നത് തന്നെയാണ് തന്റെ പദ്ധതിയെന്ന് ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. രാജിവെക്കുമെന്ന തരത്തിൽ വരുന്ന വാർത്തകൾ എവിടെനിന്ന് ഉത്ഭവിക്കുന്നുവെന്ന് തനിക്കറിയില്ലെന്നും റൂബിയോ കൂട്ടിച്ചേർത്തു.
റൂബിയോ സ്ഥാനമൊഴിയാൻ ആലോചിക്കുന്നുവെന്നും വൈറ്റ് ഹൗസ് വൃത്തങ്ങളുമായി അദ്ദേഹം സംസാരിച്ചുവെന്നും മുൻപ് ബ്ലൂംബർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വാർത്തകളെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിഷേധിച്ചു. ബ്ലൂംബർഗിന്റെ റിപ്പോർട്ട് പൂർണമായും വ്യാജമാണെന്നും റൂബിയോ 2028-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നീങ്ങുകയാണെന്ന തരത്തിൽ ‘ദി ഇൻഡിപെൻഡന്റ്’ നൽകിയ വാർത്തകൾ യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്നും അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി ഡിലൻ ജോൺസൺ പ്രതികരിച്ചു.
അതേസമയം 2028-ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ട്രംപിന്റെ പിൻഗാമിയായി പരിഗണിക്കപ്പെടുന്ന പ്രമുഖരിൽ ഒരാളാണ് മാർക്കോ റൂബിയോ. എന്നാൽ ഭാവി രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. 2028-ലെ തെരഞ്ഞെടുപ്പിനെക്കുറിച്ച് ഇനി സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് റൂബിയോ വ്യക്തമാക്കി. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് മത്സരരംഗത്തുണ്ടായാൽ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് റൂബിയോ മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.
രാജിവെച്ച് ട്രംപിന്റെ വിശ്വസ്ത: ഹർമീത് കൗർ ധില്ലൻ
വാഷിംഗ്ടൺ: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ട്രംപ് ഭരണകൂടത്തിൽ ആദ്യ രാജിക്കാര്യത്തിൽ സ്ഥിരീകരണം. യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ സിവിൽ റൈറ്റ്സ് വിഭാഗം മേധാവിയും പ്രമുഖ ഇന്ത്യൻ-അമേരിക്കൻ അഭിഭാഷകയുമായ ഹർമീത് കൗർ ധില്ലൻ തന്റെ പദവി ഒഴിഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടി നേരിട്ട ചരിത്രപരമായ തിരിച്ചടിക്ക് പിന്നാലെ ട്രംപ് ഭരണകൂടത്തിലെ ഉയർന്ന തസ്തികയിൽ നിന്നുണ്ടാകുന്ന ആദ്യ പ്രധാന രാജിയാണിത്.
ഡോണൾഡ് ട്രംപിന്റെ ഉറച്ച പിന്തുണക്കാരിയായ ഹർമീത് കൗർ, സാൻ ഫ്രാൻസിസ്കോയിൽ സ്വന്തമായി ലോ ഫേം നടത്തിവരുന്നതിനിടെയാണ് അസിസ്റ്റന്റ് അറ്റോർണി ജനറലായി ചുമതലയേൽക്കുന്നത്. തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്ന് റിപ്പബ്ലിക്കൻ പാർട്ടിക്ക് ജനപ്രതിനിധി സഭയിലെ ആധിപത്യം നഷ്ടപ്പെട്ടതോടെ ഭരണകൂടത്തിലും പാർട്ടിയിലും വൻ അഴിച്ചുപണി നടക്കുമെന്ന സൂചനകൾക്കിടെയാണ് ഈ രാജി പ്രഖ്യാപനം. അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് ഹർമീതിന്റെ രാജി സ്വീകരിച്ചതായി വ്യക്തമാക്കി.
സ്വകാര്യ മേഖലയിലേക്ക് മടങ്ങാൻ ആഗ്രഹിച്ചിരുന്നതായും തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ രാജി നീട്ടിവെക്കാൻ വൈറ്റ് ഹൗസ് വൃത്തങ്ങൾ അഭ്യർഥിക്കുകയായിരുന്നു എന്നുമാണ് ഹർമീത് കൗറുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഉൾപ്പെടെയുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥരെ മാറ്റുന്നതിനെക്കുറിച്ചും ഭരണകൂടത്തിൽ ചർച്ചകൾ സജീവമാണ്.
4,700 കോടി രൂപ ചെലവഴിച്ച തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റുകൾ മുക്കി ഇലോൺ മസ്ക്
വാഷിംഗ്ടൺ: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ദാരുണ പരാജയത്തിന് പിന്നാലെ എക്സ് പ്ലാറ്റ്ഫോമിൽ നിന്നുമുള്ള രാഷ്ട്രീയ പ്രചാരണ പോസ്റ്റുകൾ കൂട്ടത്തോടെ നീക്കം ചെയ്ത് ശതകോടീശ്വരൻ ഇലോൺ മസ്ക്. തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളെയും പിന്തുണയ്ക്കുന്നതിനായി സ്വന്തം പോക്കറ്റിൽ നിന്നും ഏകദേശം 4,700 കോടി രൂപയോളമാണ് (474 ദശലക്ഷം ഡോളർ) മസ്ക് ചെലവഴിച്ചത്. എന്നാൽ ഫലം പുറത്തുവന്നപ്പോൾ ഡെമോക്രാറ്റുകൾ വൻ വിജയം നേടുകയും ജനപ്രതിനിധിസഭയുടെ നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്തതോടെയാണ് മസ്കിന്റെ ഈ അപ്രതീക്ഷിത പിന്മാറ്റം.
തെരഞ്ഞെടുപ്പ് ദിവസമായ നവംബർ മൂന്നിന് “ഇന്ന് ചുവപ്പിന് വോട്ട് ചെയ്യൂ” എന്നാവശ്യപ്പെട്ട് മസ്ക് പങ്കുവെച്ച പോസ്റ്റും, സെനറ്റിലേക്ക് റിപ്പബ്ലിക്കൻമാരെ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് ആഴ്ചകളോളം തന്റെ പ്രൊഫൈലിൽ പിൻ ചെയ്തുവെച്ചിരുന്ന സന്ദേശങ്ങളുമാണ് നീക്കം ചെയ്യപ്പെട്ടതിൽ പ്രധാനം. ഡെമോക്രാറ്റിക് പാർട്ടിയുടെ ജനപ്രതിനിധിസഭയിലെ തിരിച്ചുവരവ് വ്യക്തമായതിന് ശേഷമാണ് പോസ്റ്റുകൾ അപ്രത്യക്ഷമായത്.
താൻ നടത്തിയ വൻ തുകയുടെ തെരഞ്ഞെടുപ്പ് ഇടപെടലുകൾ പരാജയപ്പെട്ടതോടെ സമൂഹമാധ്യമങ്ങളിൽ പരിഹാസങ്ങൾ ഉയരുന്നതിനിടെ ചില തമാശരൂപത്തിലുള്ള പ്രതികരണങ്ങൾ മസ്ക് പങ്കുവെച്ചിരുന്നു. എന്നാൽ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ഭരണരംഗത്തും കോർപ്പറേറ്റ് തലത്തിലും ട്രംപിനോട് അടുത്ത കേന്ദ്രങ്ങൾ നേരിടുന്ന കനത്ത മാനസിക സമ്മർദ്ദത്തിന്റെ ഉദാഹരണമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്.
ട്രംപിന്റെ യുദ്ധനയം ഇനി എളുപ്പമാകില്ല
(ലേഖകൻ അഡ്വ. പ്രശാന്ത് പദ്മനാഭൻ സുപ്രീംകോടതി അഭിഭാഷകനാണ് )
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നാലു വർഷത്തെ ഭരണത്തിന്റെ പകുതിയെത്തിയപ്പോൾ ജനപ്രതിനിധി സഭയിലേക്കും സെനറ്റിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ ട്രംപിന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടിയുണ്ടായിരിക്കുകയാണ്. എതിർ കക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിക്ക് രണ്ടു സഭകളിലും വ്യക്തമായ മുൻതൂക്കം കിട്ടിയിരിക്കുന്നു. ആർട്ടിക്കിൾ 1 സെക്ഷൻ 7 അനുസരിച്ച് രണ്ടു സഭകളും പാസാക്കിയ ഒരു ബില്ല് പ്രസിഡന്റിന് അംഗീകരിക്കുകയോ തന്റെ എതിർപ്പ് രേഖപ്പെടുത്തി തിരിച്ചയയ്ക്കുകയോ ചെയ്യാം. തിരിച്ചയയ്ക്കുന്ന അവസരങ്ങളിൽ ആ എതിർപ്പ് ഉൾപ്പടെ രണ്ടു സഭകളിലും വീണ്ടും ചർച്ച ചെയ്യുകയും മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പാസാക്കുകയും ചെയ്താൽ മാത്രമേ നിയമമാകൂ. ഇപ്രകാരം മൂന്നിൽ രണ്ടു ഭൂരിപക്ഷം, രണ്ടു സഭയിലും ഡെമോക്രാറ്റിക് പാർട്ടിക്ക് ഇപ്പോഴും കിട്ടാത്തതുകൊണ്ടായിരിക്കാം, പ്രസിഡന്റ് ട്രംപ് തന്റെ വീറ്റോ അധികാരം സൂചിപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്.
യുദ്ധാധികാരവും കോൺഗ്രസും
ആർട്ടിക്കിൾ 2, സെക്ഷൻ 2 അനുസരിച്ച്, യുഎസ് പ്രസിഡന്റ് കമാൻഡർ-ഇൻ-ചീഫ് ആണ്. സെനറ്റിന്റെ അംഗീകാരത്തോടെ വിവിധ പ്രധാന സ്ഥാനങ്ങളിലേക്ക് നിയമനം നടത്തുന്നതും പ്രസിഡന്റാണ്. ആർട്ടിക്കിൾ 1, സെക്ഷൻ 8 അനുസരിച്ച് യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരം സുവ്യക്തമായി യുഎസ് കോൺഗ്രസിൽ നിക്ഷിപ്തമാണ്. എന്നിട്ടും, ട്രംപ് ഇറാൻ യുദ്ധത്തിൽ ഇതുവരെ ഒരിക്കൽപോലും, കോൺഗ്രസിന്റെ അംഗീകാരം തേടിയിട്ടില്ല. അതെങ്ങനെ സംഭവിച്ചു? 1973ലെ വാർ പവർ റസലൂഷൻ ആണ് ട്രംപ് ഉപയോഗിച്ചത്.
വാർ പവർ റസലൂഷൻ 1973ലെ സെക്ഷൻ 3 അനുസരിച്ച്, യുഎസ് സൈന്യത്തെ ശത്രുതയുള്ള സാഹചര്യത്തിലേക്ക് , അമേരിക്കൻ പ്രസിഡന്റ് അയയ്ക്കുമ്പോൾ, അതു തീരുന്നതുവരെ കോൺഗ്രസിനെ, സാഹചര്യം അറിയിച്ചുകൊണ്ടിരിക്കാൻ പ്രസിഡന്റിന് ബാധ്യതയുണ്ട്. യുദ്ധപ്രഖ്യാപനമില്ലാതെ സൈന്യത്തെ ശത്രുതയുണ്ടാവാനിടയുള്ള സാഹചര്യത്തിലേക്ക് വിടുമ്പോൾ 48 മണിക്കൂറിനുള്ളിൽ ഇരുസഭകളെയും അറിയിക്കാനും സെക്ഷൻ 4 അനുസരിച്ച് പ്രസിഡന്റിന് ബാധ്യതയുണ്ട്. ഇപ്രകാരം റിപ്പോർട്ട് കൊടുത്തതിനു ശേഷം, 60 ദിവസത്തിനകം, കോൺഗ്രസ് യുദ്ധപ്രഖ്യാപനം നടത്തുന്നില്ലെങ്കിൽ, അല്ലെങ്കിൽ പ്രസിഡന്റിനെ ഏതെങ്കിലും പ്രത്യേകമായി അധികാരപ്പെടുത്തിയില്ലെങ്കിൽ, സെക്ഷൻ 5 അനുസരിച്ച് സൈന്യത്തെ പിൻവലിക്കാൻ പ്രസിഡന്റിന് ബാധ്യതയുണ്ട്.
ട്രംപ്, 2025 ജൂണിൽ ഇറാന്റെ ആണവകേന്ദ്രം ആക്രമിച്ചപ്പോഴും, 2026 ഫെബ്രുവരി-മാർച്ചിൽ ഇസ്രയേലിനോടൊപ്പം ചേർന്ന് ഇറാനിൽ മേജർ കോംബാറ്റ് ഓപ്പറേഷൻസ് നടപ്പാക്കിയപ്പോഴും കോൺഗ്രസിനെ വെറുതെ അറിയിക്കുക മാത്രമാണു ചെയ്തത്. ഒരു പെർമിഷന്റെ ആവശ്യമില്ല എന്നായിരുന്നു ട്രംപിന്റെ വാദം. ഏപ്രിൽ അവസാനത്തോടെ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടു, ട്രംപ് പറഞ്ഞത്, ശത്രുതയുള്ള സാഹചര്യം അവസാനിച്ച സ്ഥിതിക്ക് വാർ പവർ റസലൂഷൻ അനുസരിച്ച് 60 ദിവസത്തിനകം, കോൺഗ്രസിന്റെ അംഗീകാരം നേടേണ്ട ആവശ്യം ഇനിയില്ല എന്നായിരുന്നു.
ഏകധ്രുവമല്ലാത്ത ലോകം
വളരെ പ്രധാനപ്പെട്ട ഒരു കാര്യംകൂടി ഈ സന്ദർഭത്തിൽ ഓർക്കേണ്ടതുണ്ട്. ചൈന അമേരിക്കയ്ക്ക് ഒരു സാമ്പത്തിക വെല്ലുവിളിയാണിപ്പോൾ. രാഷ്ട്രീയമായോ സാമ്പത്തികമായോ നയപരമായോ ലോകം ഏക ചാലകശക്തിയിൽ കേന്ദ്രീകൃതമല്ല. യൂറോപ്യൻ യൂണിയനും ബ്രിക്സുമൊക്കെ, അമേരിക്കയ്ക്കു വെല്ലുവിളിയാണ്. പക്ഷേ, ലോകമെമ്പാടുമുള്ള സൈനികശക്തിയുടെ സാന്നിധ്യത്തിൽ അമേരിക്കയ്ക്ക് അടുത്തെങ്ങും വേറൊരു രാഷ്ട്രവുമില്ല എന്നതാണ് യാഥാർഥ്യം. എല്ലാ സമുദ്രങ്ങളിലും ഭൂഖണ്ഡങ്ങളിലും നിർണായകമായ സൈനികശക്തി പ്രകടിപ്പിക്കാൻ കഴിയുന്ന ലോകത്തിലെ ഏക രാജ്യമായി അമേരിക്ക തുടരുന്നു. അമേരിക്കയുടെ 954 ബില്ല്യൻ ഡോളർ എന്ന പ്രതിരോധബജറ്റ്, ലോകത്തെ അടുത്ത നാലു വലിയ സൈനികശക്തികളുടെ ഒരുമിച്ചുള്ള ചെലവഴിക്കലിനേക്കാൾ കൂടുതലാണ്.
ട്രംപ് മാത്രമല്ല, മുമ്പും പല അമേരിക്കൻ പ്രസിഡന്റുമാരും കോൺഗ്രസിന്റെ അംഗീകാരം വേണ്ട എന്ന നിലപാടെടുത്ത് അമേരിക്കൻ സൈനിക ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഇതിൽ ബിൽ ക്ലിന്റൺ 1999ൽ നാറ്റോയുടെ നേതൃത്വത്തിൽ യൂഗോസ്ലോവിയയ്ക്കെതിരേ നടത്തിയ ആക്രമണം, ഒബാമ 2011ൽ നടത്തിയ ലിബിയ ആക്രമണം എന്നിവ ഉൾപ്പെടുന്നു. 1999 കാലത്ത് ബിൽ ക്ലിന്റണും ഇന്ന് ട്രംപിനെപ്പോലെ കോൺഗ്രസിൽ സ്വന്തം പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ട പ്രസിഡന്റായിരുന്നു. എന്നിട്ടും, തന്റെ എക്സിക്യൂട്ടീവ് അധികാരങ്ങൾ അതിശക്തമായി പ്രയോഗിച്ചു. ഇവിടെയാണ് അമേരിക്കൻ ഭരണഘടനയുടെ മറ്റൊരു സവിശേഷതയായ ചെക്ക് ആൻഡ് ബാലൻസ്, പ്രസിഡന്റിന്റെ അധികാരങ്ങൾക്ക് കടിഞ്ഞാണിടാൻ പ്രാപ്തമായ ഒരു കോൺഗ്രസിന്റെ അധികാരങ്ങൾ ഭരണഘടനയുടെ പരിമിതിയിലാണോ എന്ന് പരിശോധിക്കുന്ന ഒരു സുപ്രീംകോടതിയുടെയും പ്രസക്തി.
മഹാനായ അമേരിക്കൻ പ്രസിഡന്റും അമേരിക്കയുടെ ഒരു ഫൗണ്ടിങ് ഫാദറുമായ തോമസ് ജെഫേഴ്സൺ പറഞ്ഞതുപോലെ; “നമ്മുടെ സവിശേഷമായ സുരക്ഷ എഴുതപ്പെട്ട ഒരു ഭരണഘടനയിലാണ്. വ്യാഖ്യാനങ്ങളിലൂടെ അതിനെ വെറുമൊരു കടലാസുതുണ്ടാക്കി മാറ്റാതിരിക്കാം.”
വെല്ലുവിളികൾ മുന്നിൽ
ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം കോൺഗ്രസ് പലതവണ കൊണ്ടുവന്നെങ്കിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുണ്ടായിരുന്ന സഭകളിൽ പതിനാലു തവണ അതെല്ലാം പരാജയപ്പെടുകയാണുണ്ടായത്. ഇനി മുന്നോട്ട് ട്രംപിന് ഇത്ര സുഗമമായിരിക്കില്ല കാര്യങ്ങൾ.
ഏറ്റവും പ്രധാനമായി യുദ്ധത്തിനായുള്ള ഫണ്ടിംഗ് വെട്ടിക്കുറയ്ക്കാൻ സഭയ്ക്കു കഴിയും. പ്രസിഡന്റായി ഇനിയുള്ള കാലം ട്രംപിനെ lame duck പ്രസിഡന്റ് എന്നു വിശേഷിപ്പിക്കാം. കാരണം, അധികാരം പ്രായോഗികമായി കോൺഗ്രസിൽ ചോദ്യം ചെയ്യപ്പെടും, വെട്ടിച്ചുരുക്കപ്പെടും. എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പുതിയ അംഗങ്ങൾ അധികാരമേൽക്കുന്നത് 2027 ജനുവരി മൂന്നിനു മാത്രമാണ്. അതുവരെ ട്രംപിന് ഇപ്പോഴത്തെ റിപ്പബ്ലിക്കൻ ഭൂരിപക്ഷ കോൺഗ്രസിന്റെ പിൻബലമുണ്ട്. ഇനിയൊന്നും നഷ്ടപ്പെടാനില്ലാത്ത ട്രംപ് ഈ ചുരുങ്ങിയ കാലയളവിൽതന്നെ അതിശക്തമായി ഇറാനെതിരേ ആഞ്ഞടിക്കാൻ മുതിർന്നാൽ അദ്ഭുതപ്പെടേണ്ടതില്ല. അതോടൊപ്പം തന്നെ താൻ വിജയിച്ചുവെന്നു പ്രഖ്യാപിച്ചുകൊണ്ട് യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കാനും ട്രംപ് മുതിർന്നേകും. അതിനു മുന്നോടിയായി, സഖ്യ രാജ്യങ്ങളോടൊപ്പം ഇറാനെ നയതന്ത്രത്തിലൂടെ സമ്മർദത്തിലാക്കുക എന്ന തന്ത്രംകൂടി സ്വീകരിക്കാൻ സാധ്യതയുണ്ട്.
ഇതു കൂടാതെ, വെനിസ്വേലയിലെയും യുക്രെയ്നിലെയും ട്രംപിന്റെ നയങ്ങളെ പുതിയ കോൺഗ്രസ് വിമർശനാത്മകമായി സമീപിക്കും. ട്രംപിന് ചെയ്യാൻ കഴിയുന്നത്, പല നിയമങ്ങളെയും വീറ്റോ ചെയ്യുക എന്നതു മാത്രമായിരിക്കും.
