കായല്‍ സംരക്ഷണത്തിന് അടിയന്തിര പ്രാധാന്യം നല്‍കണം
പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത തരത്തില്‍ വേമ്പനാട് കായലിന്റെ ആഴം വര്‍ദ്ധിപ്പിച്ച് നീരൊഴുക്ക് സുഗമമാക്കണം. 2018-ലെ പ്രളയത്തിന് ശേഷം നമ്മുടെ കായലും, നദികളും ആറുകളും, ഇടതോടുകളടക്കമുള്ള ജലസ്രോതസ്സുകള്‍ എക്കലും, ചെളിയും, മണലും പോളകളും നിറഞ്ഞ് മലിനമായി കിടക്കുയാണ്.
2026-ല്‍ ഉണ്ടായ വെള്ളപ്പൊക്കം പ്രളയത്തിന് സമാനമാണന്ന് പറയാം. കിഴക്കന്‍വെള്ളവും, കുട്ടനാട്ടില്‍ പെയ്യുന്ന പെയ്ത്തു വെള്ളവും ഒഴുകി കടലിലേയ്ക്ക് പോകുന്ന മാര്‍ഗ്ഗങ്ങള്‍ അടഞ്ഞു പോകുന്നു എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. കിഴക്കന്‍ വെള്ളത്തിന്റെ വരവിനെ താങ്ങി നിര്‍ത്തുന്നത് വേമ്പനാട് കായലാണ്. ഇന്ന് ഈ കായലിന് മാലിന്യങ്ങള്‍ നിറഞ്ഞ് ഒഴുകിവരുന്ന ജലം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. മുന്‍കാലങ്ങളില്‍ ഉണ്ടായ തരത്തിലുള്ള വേലിയേറ്റവും,വേലിയിറക്കവും ഇന്ന് ഉണ്ടാവുന്നില്ല.
വേമ്പനാട് കായലില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും,എക്കലും സമയബന്ധിതമായി നീക്കം ചെയ്തു ആഴം വര്‍ദ്ധിപ്പിച്ചില്ലങ്കില്‍ ഏറ്റവുമധികം പ്രയാസപ്പെടുന്നത് കുട്ടനാട് ആയിരിക്കും. കാര്‍ഷികമേഖലക്കും, ഉള്‍നാടന്‍ മത്സ്യം മേഖലയ്ക്കും ദോഷം വരാത്ത തരത്തില്‍ റവന്യൂ,കൃഷി,ഫിഷറിസ് തുടങ്ങിയ വകുപ്പുകളുടെ ഏകീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കാലേകൂട്ടി തുടങ്ങണം.
കുട്ടനാടിനെ പോലെയുള്ള വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശത്തിന് അടിക്കടിയുള്ള വെള്ളപ്പൊക്കം താങ്ങാന്‍ പറ്റുന്നതല്ല. കായലുകളുടേയും, ആറുകളുടേയും, തോടുകളുടേയും, ഇടതോടുകളുടേയും സംരക്ഷണത്തിനായി മാത്രം പ്രത്യേക പാക്കേജ് ആവിശ്യമാണ്. കുട്ടനാടുപാക്കേജുപോലെ നടക്കാത്ത പാക്കേജല്ല ഇവിടെ ആവശ്യം. ഒരു നാടിന്റെ നിലനില്പിന്റെ പ്രശ്നമണെന്ന ഗൗരവത്തില്‍ വേണം പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍.
റെജി ചെറിയാന് എം എല്‍ എ
(കുട്ടനാട്)
വേമ്പനാട്ടു കായലിന്റെ വീണ്ടെടുപ്പിനൊപ്പം കുട്ടനാടിന്റെ സമഗ്ര ജല മാനേജ്മെന്റും സാധ്യമാക്കണം; മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതികളിലുണ്ടായിട്ടുള്ള പ്രായോഗിക തടസ്സങ്ങള്‍ പരിഹരിക്കുകയും തുടര്‍നടപടികള്‍ ഉറപ്പുവരുത്തുകയും വേണം
ദീപികയുടെ ‘കൈകോര്‍ക്കാം കായലിനായി’ എന്ന പഠനപരമ്പര ഏറെ ശ്രദ്ധേയമാണ്. വേമ്പനാട്ടു കായലിനെയും കുട്ടനാടിനെയും സംബന്ധിച്ച നിരവധി പഠനങ്ങളും ചര്‍ച്ചകളും മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. വിവിധ പദ്ധതികള്‍ക്കായി വലിയ തോതില്‍ ഫണ്ടുകളും ചെലവഴിക്കുന്നുണ്ട്. എന്നാല്‍ ചെലവഴിക്കപ്പെടുന്ന തുകയുടെ യഥാര്‍ത്ഥ പ്രയോജനം പലപ്പോഴും കുട്ടനാട്ടിലെ സാധാരണ ജനങ്ങളിലേക്ക് എത്തുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കുട്ടനാടിന്റെ ഭൂപ്രകൃതിയും ജലത്തിന്റെ സ്വാഭാവിക ഒഴുക്കും കാര്‍ഷിക സാഹചര്യങ്ങളും വേണ്ടത്ര മനസ്സിലാക്കാതെയുള്ള ആസൂത്രണവും നിര്‍വഹണവും പലപ്പോഴും നാടിന് ഗുണത്തേക്കാളേറെ ദോഷമായി മാറുന്ന അനുഭവങ്ങളുമുണ്ട്.
ദീപികയുടെ പരമ്പരയില്‍ ചൂണ്ടിക്കാട്ടിയതുപോലെ വേമ്പനാട്ടു കായല്‍ ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികള്‍ ആഴം കുറഞ്ഞുവരുന്നതും മലിനീകരണവും സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുന്നതുമാണ്. കായലിലെ ചെളിയും എക്കലും നീക്കം ചെയ്യുന്നതിനും നീരൊഴുക്ക് സുഗമമാക്കുന്നതിനും ശാസ്ത്രീയമായ നടപടികള്‍ ഉണ്ടാകണം. എന്നാല്‍ കായലിന്റെ സംരക്ഷണം എന്നത് കായലില്‍ മാത്രം ഒതുങ്ങേണ്ട വിഷയമല്ല. കായലിലേക്ക് വെള്ളമെത്തിക്കുന്ന കുട്ടനാട്ടിലെ ആറുകളും തോടുകളും ചെറുജലപാതകളും ഒരുപോലെ സംരക്ഷിക്കുകയും നവീകരിക്കുകയും വേണം. ഇവയിലെ മണ്ണടിച്ചിലും എക്കലും നീക്കം ചെയ്ത് ആവശ്യമായ ആഴം ഉറപ്പാക്കുകയും നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന കൈയേറ്റങ്ങളും മറ്റ് തടസ്സങ്ങളും പരിഹരിക്കുകയും വേണം.
മഴക്കാലത്ത് കുട്ടനാട്ടിലേക്ക് എത്തുന്ന അധികജലത്തിന് സുഗമമായി ഒഴുകിപ്പോകാനും ഒരേസമയം എത്തുന്ന ജലത്തെ താല്‍ക്കാലികമായി സംഭരിക്കാനും ആവശ്യമായ ഇടങ്ങള്‍ ഒരുക്കേണ്ടതുണ്ട്. വെള്ളം ഒഴുകിപ്പോകാനുള്ള വഴികള്‍ അടയുകയും സംഭരണശേഷി കുറയുകയും ചെയ്യുമ്പോഴാണ് ജലം ജനവാസകേന്ദ്രങ്ങളിലേക്ക് കടന്ന് വലിയ ദുരിതങ്ങള്‍ സൃഷ്ടിക്കുന്നത്. അതിനാല്‍ കായലിന്റെയും ആറുകളുടെയും തോടുകളുടെയും നീരൊഴുക്ക് പുനഃസ്ഥാപിക്കുന്നതിനൊപ്പം കുട്ടനാടിന്റെ സ്വാഭാവിക ജലസംഭരണശേഷി വീണ്ടെടുക്കുന്നതിനും മുന്‍ഗണന നല്‍കണം.
ഇക്കാര്യത്തില്‍ ഡച്ച് മാതൃകയായ റൂം ഫോര്‍ റിവര്‍ എന്ന ആശയം ഏറെ പ്രസക്തമാണ്. അധികജലത്തിന് ഒഴുകാനും സംഭരിക്കാനും ആവശ്യമായ ഇടം ഒരുക്കി വെള്ളപ്പൊക്കത്തിന്റെ ആഘാതം കുറയ്ക്കുക എന്നതാണ് ഈ ആശയത്തിന്റെ അടിസ്ഥാനം. കുട്ടനാട്ടിലെ പഴയ ആര് ബ്ലോക്ക് മാതൃകയും നെല്‍കൃഷിയില്ലാത്ത മഴക്കാലങ്ങളില്‍ പാടശേഖരങ്ങളിലെ വെള്ളക്കെട്ട് നിയന്ത്രിക്കുന്നതിനായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ള നിയന്ത്രിത പമ്പിങ് സംവിധാനവുമെല്ലാം ഈ ആശയത്തോട് ചേര്ന്നുനില്ക്കുന്നവയാണ്. എന്നാല്‍ ഇത്തരം പദ്ധതികള്‍ പലപ്പോഴും പ്രായോഗികതലത്തില്‍ വേണ്ട വിധം നടപ്പാക്കപ്പെടുന്നില്ലെന്നത് ഗൗരവമായി കാണണം.
നിയന്ത്രിത പമ്പിങ്ങിനായി ദുരന്തനിവാരണ ഫണ്ടില്‍നിന്ന് തുക അനുവദിക്കുന്നതിന് ആലപ്പുഴ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി 2025 ഡിസംബറില്‍ മന്ത്രിസഭാ തീരുമാനം ഉണ്ടായിരുന്നിട്ടും, വാര്‍ഷിക പദ്ധതിയില്‍ ഇതിനായി തുക വകയിരുത്തിയ നീലംപേരൂര്‍ പഞ്ചായത്തില്‍പ്പോലും കഴിഞ്ഞ മഴക്കാലത്ത് പാടശേഖരങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് പദ്ധതി ഫലപ്രദമായി നടപ്പാക്കാനായില്ല. കൃഷിയില്ലാത്തപ്പോൾ പാടശേഖരങ്ങളിലെ വെള്ളം ആര്, എപ്പോള്‍, എങ്ങനെ, പമ്പ് ചെയ്തു നിയന്ത്രിക്കും എന്നതടക്കമുള്ള നയപരമായ കാര്യങ്ങളില്‍ വ്യക്തമായ തീരുമാനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. അല്ലാത്തപക്ഷം ഓരോ മഴക്കാലത്തും സമാനമായ ദുരിതങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.
വെള്ളം കയറിയ വീടുകള്‍ക്ക് നഷ്ടപരിഹാരവും മറ്റ് ദുരിതാശ്വാസ ആനുകൂല്യങ്ങളും നല്‍കുന്നതിനായി ഓരോ വര്‍ഷവും വലിയ തുകയാണ് സര്‍ക്കാര്‍ ചെലവഴിക്കേണ്ടിവരുന്നത്. എന്നാല്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള ജലമാനേജ്മെന്റ് പദ്ധതികള്‍ ആവിഷ്കരിക്കുകയും നിലവിലുള്ള സൗകര്യങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്താല്‍ വെള്ളക്കെട്ടും കൃഷിനാശവും വീടുകളിലേക്കുള്ള വെള്ളക്കയറ്റവും ഒരു പരിധിവരെ തടയാനാകും. ദുരിതമുണ്ടായശേഷം ആശ്വാസം നല്കുന്നതിനേക്കാള് പ്രധാനം, ദുരിതം ആവര്‍ത്തിക്കാത്തവിധം ശാശ്വതമായ പരിഹാരങ്ങള്‍ ഒരുക്കുക എന്നതാണ്.
ഇതിനായി മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതികളിലുണ്ടായിട്ടുള്ള പ്രായോഗിക തടസ്സങ്ങള്‍ പരിഹരിക്കുകയും തുടര്‍നടപടികള്‍ ഉറപ്പുവരുത്തുകയും വേണം. നിയന്ത്രിത പമ്പിങ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കൃഷി, ജലവിഭവം, തദ്ദേശസ്വയംഭരണം, ദുരന്തനിവാരണം തുടങ്ങിയ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വ്യക്തമായ പ്രവര്‍ത്തനപദ്ധതി തയ്യാറാക്കണം. തണ്ണീര്‍മുക്കം ബണ്ടിന്റെ പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ശാസ്ത്രീയമായ പുനഃപരിശോധന നടത്തുകയും കര്‍ഷകരുടെ താല്പര്യങ്ങള് സംരക്ഷിച്ചുകൊണ്ട് ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് ഉറപ്പാക്കുന്നതിനുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുകയും വേണം.
ഇത്തരം പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് ത്രിതല പഞ്ചായത്തുകളുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതും അനിവാര്യമാണ്. ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ജലത്തിന്റെ ഒഴുക്കും മനസ്സിലാക്കുന്ന പ്രാദേശിക ഭരണസംവിധാനങ്ങളെ കൂടി ഉള്‍പ്പെടുത്തി പദ്ധതികള്‍ ആസൂത്രണം ചെയ്യണം. ആവശ്യമായ യന്ത്രസംവിധാനങ്ങളും സാമ്പത്തിക സഹായവും തദ്ദേശസ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കണം. കായലിലെയും ആറുകളിലെയും തോടുകളിലെയും മാലിന്യനിക്ഷേപം തടയുന്നതിനും ജലസ്രോതസ്സുകളുടെ ശുചീകരണത്തിനും തുടര്‍ച്ചയായ ഇടപെടലുകള്‍ ഉണ്ടാകണം.
ദീപികയുടെ പഠനപരമ്പര മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. വേമ്പനാട്ടു കായലിന്റെ സംരക്ഷണം ഒരു പരിസ്ഥിതി വിഷയമെന്നതിലുപരി കുട്ടനാടിന്റെ കാര്‍ഷിക സമ്പദ്വ്യവസ്ഥയുടെയും മത്സ്യസമ്പത്തിന്റെയും ജനജീവിതത്തിന്റെയും നിലനില്‍പ്പുമായി ബന്ധപ്പെട്ടതാണ്. കായലിനെയും അതിലേക്ക് ഒഴുകിയെത്തുന്ന ആറുകളെയും തോടുകളെയും പാടശേഖരങ്ങളെയും ഒരൊറ്റ ജലവ്യവസ്ഥയായി കണ്ട് സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം.
മികച്ച ആസൂത്രണവും ശാസ്ത്രീയമായ ഇടപെടലുകളും ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെയുള്ള കാര്യക്ഷമമായ നിര്‍വഹണവും ഉറപ്പാക്കാനായാല്‍ വേമ്പനാട്ടു കായലിന്റെയും കുട്ടനാടിന്റെയും വീണ്ടെടുപ്പ് സാധ്യമാകും. അതിനായി പഠനങ്ങളും നിര്‍ദേശങ്ങളും റിപ്പോര്‍ട്ടുകളില്‍ മാത്രം ഒതുങ്ങാതെ പ്രായോഗിക നടപടികളായി മാറണം.
കായലിനായി കൈകോര്‍ക്കുമ്പോള്‍ അതിലേക്ക് ഒഴുകിയെത്തുന്ന ആറുകള്‍ക്കും തോടുകള്‍ക്കും കുട്ടനാട്ടിലെ പാടശേഖരങ്ങള്‍ക്കും ഒരുപോലെ പരിഗണന ലഭിക്കണം. വേമ്പനാട്ടു കായലിന്റെ വീണ്ടെടുപ്പ് എന്നത് കുട്ടനാടിന്റെ സമഗ്രമായ ജലമാനേജ്മെന്റും ജനജീവിതത്തിന്റെ സുരക്ഷിതത്വവും ഉറപ്പാക്കുന്ന പ്രവര്‍ത്തനമായി മാറണം.
ബിജിന് ആര്. ഭദ്രന്,
വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗം
കുട്ടനാട്ടില്‍ ജീവിക്കുന്നവരുയര്ത്തുന്ന അതിജീവന വിഷയങ്ങൾ മാനിക്കപ്പെടണം; വേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തിയും പ്രാദേശികപ്രത്യേകതകള്ക്കനുസൃതമായ പദ്ധതിയാസൂത്രണവും
വളരെ പ്രത്യേകതയുള്ള ഒരു ഭൂവിഭാഗമെന്ന നിലയില്‍ വേന്പനാട് കായലും കുട്ടനാടന്‍ പ്രദേശവുമൊക്കെ തനിമയില്‍ നിലനിര്‍ത്താന്‍ അടിയന്തര, പ്രയോഗിക പദ്ധതികള്‍ ആവശ്യമാണ്. വലിയ ചര്‍ച്ചകള്‍ തുടരുകയും പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നതുകൊണ്ടുമാത്രം പ്രശ്നപരിഹാരം സാധ്യമാകില്ല.
കുട്ടനാടിനു പുറത്തു ജീവിച്ചുകൊണ്ട് കുട്ടനാടിനെക്കുറിച്ച് അഭിപ്രായം പറയുന്നവര്‍ക്കൊപ്പം, കുട്ടനാട്ടില്‍ ജീവിക്കുന്നവരുയര്ത്തുന്ന അതിജീവന വിഷയങ്ങളും മാനിക്കപ്പെടേണ്ടതുണ്ട്.
നദികളും തോടുകളും ആഴം വര്‍ദ്ധിപ്പിക്കാന്‍ പഞ്ചായത്തുകളെ ഏല്‍പ്പിക്കുന്നതില്‍ അര്‍ത്ഥമില്ല. കാരണം തുച്ഛമായ വരുമാനമുള്ള പഞ്ചായത്തുകള്‍ക്ക് ഈ ദൗത്യം ഏറ്റെടുക്കാന്‍ കഴിയില്ല.
ഗവണ്മെന്റ് തീരുമാനമെടുത്ത് കായലിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നതിനും നദികളുടെ ആഴം കൂട്ടുന്നതിനും പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കണം.ആഴം വര്‍ദ്ധിപ്പിക്കുമ്പോള്‍ ലഭിക്കുന്ന മണലും ചെളിയും ഉപയോഗിച്ച് പാടശേഖരങ്ങള്‍ക്ക് ചുറ്റും വീതി കൂടിയ ബണ്ട് നിര്‍മ്മിച്ചാല്‍ വെള്ളപ്പൊക്കത്തിന്റെ പേരില്‍ വർഷാവർഷം സര്‍ക്കാര്‍ ചെലവാക്കുന്ന കോടിക്കണക്കായ തുക കുറെയെങ്കിലുമൊക്കെ ലാഭിക്കാനാവും.
വലിയ ജലപ്രളയം വരുന്ന നാളുകളില്‍ ഡീ വാട്ടറിംഗിന് ആവശ്യമായ വലിയ പമ്പു സെറ്റുകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണം. ഇതൊക്കെ സാധ്യമാകണമെങ്കില്‍ രാഷ്ട്രീയ ഇച്ഛാശക്തി അനിവാര്യമാണ്.
പ്രാദേശികപ്രത്യേകതകള്ക്കനുസൃതമായ പദ്ധതിയാസൂത്രണമാണ് നമുക്കാവശ്യം. ഉദാഹരണത്തിന്, കൃഷി സംരക്ഷിക്കപ്പെടുന്പോള് ചുറ്റുവട്ടങ്ങളും സംരക്ഷിക്കപ്പെടുന്നതുപോലുള്ള മാതൃകകള്‍ നമുക്കു പാഠമാകണം. ഏതാനും വർഷം മുൻപ് വലിയ മഴയില്‍ ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ വെള്ളംകയറി ഗതാഗതം തടസപ്പെട്ടപ്പോള്‍ കാവാലം മുളയ്ക്കാംതുരുത്തി റോഡില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസടക്കം വാഹനഗതാഗതം സുഗമമായി നടന്നുവെന്നത് ആസൂത്രകര്‍ പഠനവിധേയമാക്കേണ്ടൊരു കാര്യമാണ്.
ഒരുനെല്ലും ഒരുമീനും പോലുള്ള കൃഷിരീതിയും, മത്സ്യക്കൃഷിയും നിയന്ത്രിതപന്പിംഗും സംയോജിപ്പിച്ചുകൊണ്ടുള്ള പദ്ധതികളുമൊക്കെ കുട്ടനാട്ടില്‍ പ്രായോഗികമാക്കണം. എല്ലാ പാടശേഖരങ്ങളിലും ഒരു മോട്ടോര്‍ തറയിലെങ്കിലും സ്ഥിരം വൈദ്യുതി കണക്ഷനും, ആധുനിക പന്പുസെറ്റും നിര്‍ബന്ധമാക്കണം.
ചുരുക്കിപ്പറഞ്ഞാല്‍, പരിസ്ഥിതിക്കിണങ്ങാത്ത വലിയ നിര്‍മ്മിതികളേക്കാള്‍ കൃഷിയേയും കുട്ടനാട്ടില്‍ ജീവിക്കുന്ന മനുഷ്യരേയും പരിഗണിച്ചുകൊണ്ടുള്ള പദ്ധതിയാസൂത്രണമുണ്ടായെങ്കില് മാത്രമേ ദീപിക പറയുന്നതുപോലെ വേന്പനാട് കായലിനും കുട്ടനാടിനുമൊക്കെ ശാപമോക്ഷം ലഭിക്കുകയുള്ളൂ.
സാജന് സെബാസ്റ്റ്യന്‍
കാവാലം പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്
കുട്ടനാട്ടുകാരെ മറന്നാവരുത് വികസനം
കുട്ടനാടിന്റെ ദുരവസ്ഥയെക്കുറിച്ചും വേമ്പനാട്ടുകായലിന്റെ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചും പ്രഗല്ഭരുടെ അഭിപ്രായം രേഖപ്പെടുത്തി ‘കായലിന്റെ സംഭരണശേഷി വര്‍ദ്ധിപ്പിക്കണം’ എന്ന പേരില്‍ ഒരു അഭിപ്രായ സമന്വയം പൊതുജന സമക്ഷം അവതരിപ്പിച്ച ‘ദീപിക’യ്ക്ക് അഭിനന്ദനങ്ങള്‍.
വേമ്പനാട്ടുകായലിന്റെ സംഭരണ ശേഷിയെ വര്‍ദ്ധിപ്പിക്കണം എന്നുള്ളതാണല്ലോ ഈ അഭിപ്രായങ്ങളുടെയെല്ലാം കാതല്‍. വേമ്പനാട്ടുകായലില്‍ അടിഞ്ഞുകൂടിയിരിക്കുന്ന എക്കല്‍ ഡ്രഡ്ജ് ചെയ്ത് നീക്കം ചെയ്യേണ്ടത് അത്യാവശ്യവുമാണ്. എന്നാല്‍ അതിന്റെ പിന്നില്‍ ഒരു ഗൂഢനീക്കം ഉണ്ടോ എന്ന് സംശയിക്കുന്നു. വേമ്പനാട്ട് കായലില്‍ നിന്ന് ഡ്രഡ്ജ് ചെയ്തെടുക്കുന്ന എക്കല്‍ അവിടെ നിന്നു കൊണ്ടുപോയി തീരദേശ റോഡ് നിര്‍മ്മിക്കാനുള്ള പദ്ധതി കുട്ടനാടിനോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമാണ്.
കായലില്‍ നിന്നും എടുക്കുന്ന എക്കല്‍ കുട്ടനാട്ടിലെ പാടശേഖരങ്ങളുടെ ബണ്ടുകള്‍ ബലപ്പെടുത്തുന്നതിനും പുരയിടങ്ങള്‍ ഉയര്‍ത്തുന്നതിനും വേണ്ടി വേണം ഉപയോഗിക്കാന്‍. ഇപ്പോള്‍ത്തന്നെ ബലഹീനമായി കൊണ്ടിരിക്കുന്ന ഈ ബണ്ടുകള്‍ ഒരു പരിധിവരെ ഓരുവെള്ളത്തെ നിയന്ത്രിക്കുന്നതിനും മടവീഴ്ചയെ പ്രതിരോധിക്കുന്നതിനും ഉപയുക്തമാണ്.
സമുദ്രനിരപ്പില്‍ നിന്നും താഴെ കിടക്കുന്ന ഈ പ്രദേശം 2050 ആകുമ്പോഴേക്കും വെള്ളത്തിനടിയില്‍ ആകും എന്നാണ് പ്രവചനം. ആഗോളതാപനം ഈ സ്ഥിതിക്ക് ആക്കം കൂട്ടുന്നുമുണ്ട്. അങ്ങനെയുള്ള ഭീഷണികള്‍ നേരിടുന്ന പ്രദേശത്തുനിന്നും മണ്ണ് നീക്കം ചെയ്ത് അശാസ്ത്രീയമായി റോഡും റെയില്‍വേയും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത് പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ്. അതുകൊണ്ട് ഇവിടെ നിന്ന് നീക്കം ചെയ്യുന്ന മണ്ണ് ബണ്ട് ബലപ്പെടുത്തുന്നതിനും പുരയിടങ്ങള്‍ പൊക്കുന്നതിനും വേണ്ടി ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.
ബഹുമാനപ്പെട്ട ഫ്രാന്‍സിസ് ജോര്‍ജ് എംപി വേമ്പനാട് ലേക്ക് അതോറിറ്റി രൂപവല്‍ക്കരിക്കണം എന്ന് എഴുതിയത് വായിച്ചു. സത്യത്തില്‍ ഒരു ‘ലേക്ക് അതോറിറ്റി’ അല്ല ‘കുട്ടനാട് വികസന അതോറിറ്റി’ യാണ് കുട്ടനാടിന്റെ രക്ഷയ്ക്കായി രൂപീകരിക്കേണ്ടത്. കാര്‍ഷിക രംഗത്തെ ടൂറിസവുമായി ബന്ധിപ്പിച്ച് വികസനത്തിന്റെ പാതയിലേക്ക് നയിക്കാന്‍ കുട്ടനാട് വികസന അതോറിറ്റിക്ക് മാത്രമേ സാധിക്കൂ. കുട്ടനാട്ടിലെ ജനങ്ങളെ മറന്നുള്ള ഏത് വികസനവും വെറും ജലരേഖകളായി മാത്രം പരിണമിക്കും.
തോമസ് ആന്റണി വൈപ്പിശ്ശേരി
കുട്ടനാട് പൗരസമിതി
‘കൈകോർക്കാം കായലിനായി’ പരന്പര ആദ്യ ഭാഗം…
https://www.rashtradeepika.com/lets-join-hands-for-the-backwaters/
ഭാഗം 2
ആഴവും പരപ്പും നഷ്ടപ്പെടുന്ന വേമ്പനാട്
https://www.rashtradeepika.com/vembanad-losing-depth-and-expanse/
ഭാഗം 3
കായൽ മലിനീകരണത്തിന്റെ വ്യാപ്തി
https://www.rashtradeepika.com/the-extent-of-backwater-pollution/
ഭാഗം 4
കുട്ടനാട്ടിലെ നെൽകൃഷി: വിളവും വെള്ളപ്പൊക്കവും
https://www.rashtradeepika.com/paddy-cultivation-in-kuttanad-harvest-and-floods/
ഭാഗം 5
ഒന്നിക്കാം, വീണ്ടെടുക്കാം; ഈ ജൈവമണ്ഡലത്തെ
https://www.rashtradeepika.com/let-us-come-together-and-reclaim-this-biosphere/
നിയമസഭയില്‍ നടന്ന ചർച്ചയിൽ സ്പീക്കറുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലും മുഖ്യമന്ത്രിയുടെ മറുപടിയും അനുബന്ധ കുട്ടനാടൻ വിഷയങ്ങളും പരാമർശിക്കുന്ന വിശദമായ റിപ്പോർട്ട്….
https://www.rashtradeepika.com/chief-minister-gives-a-positive-response-to-the-speakers-query-regarding-water-flow/
കൈകോർക്കാം കായലിനായി: പ്രമുഖരുടെ പ്രതികരണങ്ങൾ
https://www.rashtradeepika.com/lets-join-hands-for-the-backwaters-reactions-from-prominent-figures/
