പരവൂർ: രാജ്യത്തെ താഴേത്തട്ടിലുള്ള പോലീസിംഗ് സംവിധാനം കൂടുതൽ ശക്തമാക്കുന്നതിനായി വിപ്ലവകരമായ പുതിയ മൊബൈൽ ആപ്ലിക്കേഷനുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംശയാസ്പദമായ സാഹചര്യങ്ങളിൽ കാണപ്പെടുന്ന വ്യക്തികളുടെയും കുറ്റവാളികളുടെയും വിരലടയാളങ്ങൾ സ്മാർട്ട്ഫോണുകൾ വഴി തത്സമയം പരിശോധിച്ച് തിരിച്ചറിയാൻ സഹായിക്കുന്ന “അഭിജ്ഞാൻ’ ആപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ വികസിപ്പിച്ചെടുത്ത ഈ ആപ്പ്, രാജ്യത്തെ 1.3 കോടി ക്രിമിനൽ കേസ് പ്രതികളുടെയും കുറ്റവാളികളുടെയും വിവരങ്ങൾ ഉൾക്കൊള്ളുന്ന കേന്ദ്രീകൃത ഡേറ്റാബേസുമായി ബന്ധിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. 26-ാമത് അഖിലേന്ത്യാ ഫിംഗർപ്രിന്റ് കോൺഫറൻസിലാണ് പുതിയ സാങ്കേതികവിദ്യ മന്ത്രാലയം രാജ്യത്തിന് സമർപ്പിച്ചത്.
നിലവിൽ വിരലടയാള പരിശോധനയ്ക്കായി പ്രതികളെ പോലീസ് സ്റ്റേഷനുകളിലോ ജില്ലാ ആസ്ഥാനങ്ങളിലോ ഉള്ള പ്രത്യേക വർക്ക്സ്റ്റേഷനുകളിൽ എത്തിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ പുതിയ ആപ്പ് നിലവിൽ വരുന്നതോടെ പോർട്ടബിൾ ഫിംഗർപ്രിന്റ് സ്കാനറുകൾ ഉപയോഗിച്ച് തെരുവുകളിലെ പതിവ് വാഹന പരിശോധനയ്ക്കിടയിൽ പോലും ഉദ്യോഗസ്ഥർക്ക് സംശയാസ്പദമായ വ്യക്തികളുടെ വിരലടയാളം ശേഖരിക്കാം.
നാഷണൽ ഓട്ടോമേറ്റഡ് ഫിംഗർപ്രിന്റ് ഐഡന്റിഫിക്കേഷൻ സിസ്റ്റവുമായി ലിങ്ക് ചെയ്തിട്ടുള്ള ഈ ആപ്പ് വഴി വെറും 35 സെക്കൻഡിനുള്ളിൽ ഡാറ്റാബേസ് ഒത്തുനോക്കി പ്രതികളുടെ പൂർണമായ ക്രിമിനൽ ചരിത്രം ഫീൽഡ് ഓഫീസർമാർക്ക് ലഭ്യമാകും. കൊടുംകുറ്റവാളികളുടെ സാന്നിധ്യം മുൻകൂട്ടി തിരിച്ചറിയാൻ സഹായിക്കുന്നതിനാൽ ഇത് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയും വർധിപ്പിക്കും. രണ്ട് ഘട്ട സുരക്ഷാ സംവിധാനത്തോടെയാണ് (Two-factor authentication) ആപ്പ് ക്രമീകരിച്ചിരിക്കുന്നത്.
മയക്കുമരുന്ന്-മനുഷ്യക്കടത്ത് കേസുകൾ കണ്ടെത്താൻ എളുപ്പമാകും. കേന്ദ്രീകൃത ഡേറ്റാബേസിൽ നിലവിൽ 9.91 ലക്ഷം മയക്കുമരുന്ന് കുറ്റവാളികളുടെയും 3.65 ലക്ഷം മനുഷ്യക്കടത്ത് കേസുകളിലെ പ്രതികളുടെയും വിവരങ്ങളും വിപുലമായ ജയിൽ രേഖകളും ലഭ്യമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കുറ്റകൃത്യം നടന്ന സ്ഥലങ്ങളിൽ നിന്ന് ശാസ്ത്രീയമായി ശേഖരിക്കുന്ന വിരലടയാളങ്ങളും ഡിഎൻഎ സാമ്പിളുകളും കൃത്യമായി ഡാറ്റാബേസിൽ അപ്ലോഡ് ചെയ്യുന്നതിലൂടെ ഈ സംവിധാനം കൂടുതൽ ഫലപ്രദമാക്കാൻ സാധിക്കുമെന്നും ഇത് പ്രാഥമികമായി സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്നും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഓർമിപ്പിച്ചു.
കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിൽ മാത്രമല്ല, കൃത്യമായ ശാസ്ത്രീയ തെളിവുകൾ കോടതികളിൽ സമയബന്ധിതമായി ഹാജരാക്കി ശിക്ഷ ഉറപ്പാക്കുന്നതിലായിരിക്കണം പോലീസിന്റെ ശ്രദ്ധയെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യകൾ വികസിച്ചിട്ടും കോടതികളിൽ ഇപ്പോഴും പരമ്പരാഗത രീതിയിലുള്ള നൂറുകണക്കിന് തെളിവുകൾ ഹാജരാക്കേണ്ടി വരുന്നത് പുനഃപരിശോധിക്കണം.
സാങ്കേതികവിദ്യയുടെ യഥാർഥ ഗുണം ലഭിക്കണമെങ്കിൽ പോലീസ് പരിശീലന രീതികൾ കൂടുതൽ പ്രായോഗികമാക്കണമെന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനും സംക്ഷിപ്ത കുറ്റപത്രം തയാറാക്കുന്നതിനും ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
