ബിനീഷ് വെറും നത്തോലി മാത്രം ! ബിനീഷിനെക്കാള്‍ വമ്പന്‍ സ്രാവുകള്‍ വെളിയില്‍ ഇന്നും വിരഹിക്കുകയാണ്;ലഹരി വിഷയത്തില്‍ ആലപ്പി അഷറഫ് പറയുന്നതിങ്ങനെ…

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ലഹരി മരുന്ന് കേസില്‍ കുടുങ്ങി അറസ്റ്റിലായത് സിനിമാലോകത്തെയും ആരാധകരവൃന്ദത്തെയും ആകെ ഞെട്ടിച്ചിരിക്കുകയാണ്.

ഈ അറസ്റ്റ് മലയാള സിനിമയ്ക്ക് പാഠമാകണമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ആലപ്പി അഷ്‌റഫ്.

ലഹരിക്കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി വെറും നത്തോലി മാത്രമാണെന്നും വമ്പന്‍ സ്രാവുകള്‍ വെളിയില്‍ ഇന്നും വിഹരിക്കുകയാണെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.

ആലപ്പി അഷ്റഫിന്റെ വാക്കുകള്‍ ഇങ്ങനെ…

ബോളിവുഡ് മലയാള സിനിമയ്ക്ക് ഒരു പാഠമാകട്ടെ… ഷാറുഖ് ഖാന്റെ മകനെ ലഹരി മരുന്നുമായി ബന്ധപ്പെട്ടു അറസ്റ്റ് ചെയ്തത് ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്.

ആര്യന്‍ ഖാന്‍ അറസ്റ്റിലായ ആഡംബരക്കപ്പല്‍ , കൊച്ചിയിലും വന്നു പോകാറുണ്ടന്നത് ഇവിടെയും ചിലരുടെ ചങ്കിടിപ്പ് വര്‍ധിപ്പിച്ചേക്കും. ചലച്ചിത്ര മേഖലയിലെ ആധുനികവല്‍ക്കരണത്തിന്റെ ഉപോല്‍പന്നമാണ് ലഹരിയുടെ ഈ അതിപ്രസരം.

മലയാള സിനിമയിലെ ലഹരിമരുന്നു മാഫിയയെക്കുറിച്ച് മുന്‍പ് സിനിമ സംഘടനകള്‍ ആക്ഷേപം ഉന്നയിച്ചപ്പോള്‍, തെളിവു കൊണ്ടു വന്നാല്‍ അന്വേഷിക്കാമെന്നതായിരുന്നു അന്നത്തെ സര്‍ക്കാര്‍ നിലപാട്. എന്നാല്‍ സിനിമ സംഘടനകളിലാരും തെളിവുകള്‍ ഒന്നും നല്‍കാതെയാണ് നടന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായത്.

ആരോപണമുയര്‍ന്നപ്പോള്‍ തന്നെ അന്വേഷിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ ബിനീഷിന് ഇന്ന് ഈ ഗതി വരില്ലായിരുന്നു. ബിനീഷിനെക്കാള്‍ വമ്പന്‍ സ്രാവുകള്‍ വെളിയില്‍ ഇന്നും വിരഹിക്കുകയാണ്. ബിനീഷ് വെറും നത്തോലി മാത്രം. വലയില്‍ വീണ ചെറുമീന്‍.

ഇപ്പോള്‍ ഞെട്ടിയത് ബോളിവുഡാണെങ്കില്‍ മലയാള ചലച്ചിത്ര ലോകം ഞെട്ടാന്‍ ഒരുപക്ഷേ അധികകാലം വേണ്ടി വരില്ല. മലയാള ചലച്ചിത്ര ലോകത്ത് ലഹരിക്കൊപ്പം നീന്തുന്ന വമ്പന്‍ന്മാര്‍ എന്നാണ് കുടുങ്ങുന്നതെന്ന് പറയാന്‍ പറ്റില്ല.

ഷാരൂഖ് ഖാന്റെ മകനെക്കാള്‍ വലുതല്ലല്ലോ ഇവരാരും. അത്യുന്നതങ്ങളില്‍ വിരാചിക്കുന്ന ഇവരില്‍ പലരുടെയും മേല്‍ അന്വേഷണത്തിന്റെ കണ്ണുകളുണ്ടന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്.

പിടിക്കപ്പെട്ടാല്‍ ഇതുവരെ നേടിയതെല്ലാം നഷ്ടപ്പെടാന്‍ ഒരു നിമിഷം മതി. കാരഗ്രഹത്തിലെ കാത്തിരിപ്പ് എല്ലാം തകര്‍ത്തെറിയും. സൂക്ഷിച്ചില്ലെങ്കില്‍…

ലഹരിയോടുള്ള ഈ ആഭിമുഖ്യം ഇവര്‍ അവസാനിപ്പിച്ചില്ലെങ്കില്‍ , മലയാള പ്രേക്ഷകരെ ഞെട്ടിക്കുന്ന ആ വാര്‍ത്തകള്‍ താമസിയാതെ നമുക്ക് ഇനിയും കേള്‍ക്കേണ്ടി വരും. സ്വയം തിരുത്താന്‍ ഇനിയും സമയം ബാക്കിയുണ്ടു. ദയവായി ആ അവസരം പാഴാക്കരുതേ.

Related posts

Leave a Comment