ഡെല്‍റ്റാ വകഭേദം അതിവേഗം ബഹുദൂരം ! വാക്‌സിനേഷന്‍ കൊണ്ടു മാത്രം കാര്യമില്ലെന്ന് ലോകാരോഗ്യ സംഘടന; പ്രതിരോധശേഷിയുള്ളവര്‍ക്കും വാക്‌സിനെടുത്തവര്‍ക്കും വരാം…

കോവിഡിന്റെ ഡെല്‍റ്റാ വകഭേദ(B16172)ത്തെ ചെറുക്കാന്‍ വാക്‌സിനേഷന്‍ കൊണ്ടു മാത്രം കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന.

കഴിഞ്ഞ ഒക്ടോബറില്‍ ആദ്യമായി ഇന്ത്യയില്‍ തിരിച്ചറിഞ്ഞ ഈ വകഭേദം അതിവേഗം പടരുകയാണ്. ഇതില്‍ നിന്നു രക്ഷനേടാന്‍ വാക്സിനേഷന്‍ അപര്യാപ്തമാണെന്നും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതുണ്ടെന്നുമാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരിക്കുന്നത്.

‘രണ്ട് ഡോസ് വാക്സീന്‍ എടുത്തതു കൊണ്ട് ആളുകള്‍ സുരക്ഷിതര്‍ ആണെന്നു കരുതേണ്ട. തുടര്‍ന്നും തങ്ങളെത്തന്നെ അവര്‍ സംരക്ഷിക്കേണ്ടതുണ്ട്. തുടര്‍ച്ചയായി മാസ്‌ക് ഉപയോഗിക്കണം, വായു സഞ്ചാരമുള്ള സ്ഥലങ്ങളില്‍ കഴിയണം, കൈകള്‍ വൃത്തിയോടെ വയ്ക്കണം, സാമൂഹിക അകലം പാലിക്കണം, ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. ഇതെല്ലാം എല്ലാവരും തുടര്‍ന്നു പോണം. വാക്സീന്‍ എടുത്തയാളാണെങ്കില്‍ പോലും ഇതെല്ലാം പിന്തുടരേണ്ടത് അത്യാവശ്യമാണ്; പ്രത്യേകിച്ചു സമൂഹവ്യാപനം നടക്കുന്ന സാഹചര്യത്തില്‍’. ലോകാരോഗ്യ സംഘടനയുടെ ഔഷധ, ആരോഗ്യ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ മാരിയാഞ്ജല സിമാവോ പറഞ്ഞു.

ഡെല്‍റ്റ വകഭേദം ഇതിനോടകം 92 രാജ്യങ്ങളില്‍ വ്യാപിച്ചതായി WHOയുടെ സാങ്കേതിക വിഭാഗം തലവന്‍ മരിയ വാന്‍ കെര്‍ക്കോവ് പറഞ്ഞു.

യൂറോപ്പിലാകെ വ്യാപിച്ച ആല്‍ഫാ വകഭേദത്തെക്കാള്‍ വ്യാപന ശേഷി കൂടിയതാണ് ഡെല്‍റ്റാ വകഭേദം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വ്യാപനശേഷി ഏറ്റവും കൂടിയതാണ് കോവിഡിന്റെ ഡെല്‍റ്റാ വകഭേദം എന്നും വാക്സീന്‍ എടുക്കാത്ത ജനങ്ങള്‍ക്കിടയില്‍ അത് വളരെവേഗം വ്യാപിക്കുകയാണെന്നും WHO ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഘെബ്രീസിസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഒരിക്കല്‍ കോവിഡ് വന്നവര്‍ക്കും, പ്രതിരോധശേഷി ഉള്ളവര്‍ക്കും പോലും ഡെല്‍റ്റാ വകഭേദം വരാം എന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.

കൊറോണ വൈറസിന്റെ ഈ വകഭേദത്തിന് പ്രത്യേകതരം ജനിതകമാറ്റം സംഭവിക്കുന്നതാണെന്നും ഇത് ഈ വകഭേദം വ്യാപന ശേഷി കൂടിയതാണെന്നും മനുഷ്യരിലെ വൈറല്‍ ലോഡ് വര്‍ധിപ്പിക്കുന്നതും കൂട്ടമായി രോഗം പരത്തുന്നതും ആണെന്നും ഗവേഷകര്‍ പറയുന്നു.

രണ്ട് വ്യത്യസ്തയിനം വൈറസ് വകഭേദങ്ങളായ E4842, L452R എന്നിവയില്‍ നിന്നുള്ള മ്യൂട്ടേഷന്‍ B.1617 ല്‍ ഉണ്ടെന്നും പഠനം പറയുന്നു.

ഇതുവരെ കണ്ടെത്തിയതില്‍ വ്യാപനശേഷി ഏറ്റവും കൂടിയതാണ് ഡെല്‍റ്റാ വേരിയന്റ് എന്നും കഴിഞ്ഞ രോഗബാധകളില്‍ നിന്നും, വാക്സിനേഷനില്‍ നിന്നും ഉള്ള സംരക്ഷണത്തെ ഇത് ദുര്‍ബലമാക്കുമെന്നും ഗവേഷകന്മാരില്‍ ഒരാളായ ഡോ. അനുരാഗ് അഗര്‍വാള്‍ പറഞ്ഞു.

Related posts

Leave a Comment