ഭിന്നശേഷിക്കാര്‍ക്കും ചലനശേഷി കുറഞ്ഞവര്‍ക്കും ട്രെയിന്‍ യാത്ര ഇനി കൂടുതല്‍ ആയാസരഹിതമാവും. പ്രയാസമില്ലാതെ ട്രെയിനില്‍ കയറുന്നതിനായി മൊബൈല്‍ റാമ്പും പ്രത്യേകം രൂപകല്പന ചെയ്ത വീല്‍ചെയറും തയാറായി. പാലക്കാട് ഡിവിഷന്റെ കീഴിലുള്ള 20 പ്രധാന സ്റ്റേഷനുകളിലാണ് “സുഗമ്യ’ പദ്ധതിയൊരുങ്ങുന്നത്. സ്വര്‍ഗ ഫൗണ്ടേഷന്റെ പിന്തുണയോടെ ഇന്റര്‍നാഷണല്‍ ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഇന്ത്യ) യുമായി സഹകരിച്ച് നടപ്പിലാക്കുന്നതാണ് സംരംഭം.24 ലൈറ്റ് വെയ്റ്റ് മൊബൈല്‍ റാമ്പുകളും പ്രത്യേകം രൂപകല്‍പ്പന ചെയ്ത 24 വീല്‍ചെയറുകളുമാണ് തയാറായിട്ടുള്ളത്.
കോച്ചുകളില്‍ നിന്ന് സുഗമമായി കയറാനും ഇറങ്ങാനും ഈ മൊബൈല്‍ റാമ്പുകള്‍ സഹായിക്കും. ഇഷ്ടാനുസൃതം വീല്‍ചെയറുകളില്‍ സ്റ്റേഷന് പരിസരത്തും ട്രെയിനുകള്‍ക്കുള്ളിലും സുരക്ഷിതമായും സുഗമമായും സഞ്ചരിക്കാം.
ഭിന്നശേഷിക്കാരായ യാത്രക്കാര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിന് പാലക്കാട് ഡിവിഷന്റെ കീഴിലുള്ള സ്റ്റേഷനുകളില്‍ ലിഫ്റ്റുകള്‍, റാമ്പുകള്‍, ആക്സസ് ചെയ്യാവുന്ന ടോയ് ലെറ്റുകള്‍, വീല്‍ചെയര്‍ സേവനങ്ങള്‍ ഇതിനകം ലഭ്യമാണ്. പാലക്കാട് ഡിവിഷന്റെ കീഴില്‍ പാലക്കാട് ജംഗ്ഷന്, നിലമ്പൂര്‍ റോഡ്, പൊള്ളാച്ചി ജംഗ്ഷന്, ഫറോക്ക്, വടകര, താനൂര്‍, തിരൂര്‍, കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍,തലശേരി, ഷൊര്‍ണൂര്‍ ജംഗ്ഷന്, ഒറ്റപ്പാലം, കുറ്റിപ്പുറം, പട്ടാമ്പി, മംഗളൂരു സെന്‍ട്രല്‍, മംഗളൂരു ജംഗ്ഷന്,കോഴിക്കോട്, പരപ്പനങ്ങാടി, കണ്ണൂര്‍ സ്റ്റേഷനുകളില്‍ ഈ സൗകര്യം ലഭിക്കും.