ആദ്യം എന്റെ 25 പട്ടികളെ സുരക്ഷിത സ്ഥാനത്ത് എത്തിക്ക് ! തന്റെ പട്ടികളെ രക്ഷിക്കാതെ താന്‍ കൂടെ വരില്ലെന്ന് പറഞ്ഞ് രക്ഷാപ്രവര്‍ത്തകരെ തിരിച്ചയച്ച് മൃഗസംരക്ഷകയായ യുവതി

തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തകരെ മടക്കി അയച്ച് തൃശ്ശൂരിലെ മൃഗസംരക്ഷകയായ യുവതി. തന്റെ 25 പട്ടികളെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാതെ താന്‍ കൂടെ വരില്ലെന്നാണ് യുവതി പറഞ്ഞത്.

ഉപേക്ഷിക്കപ്പെട്ടതും തെരുവില്‍ അലഞ്ഞതുമായ നായകളെ കണ്ടെത്തി സംരക്ഷിക്കുന്ന യുവതിയാണ് സ്വന്തം ജീവനൊപ്പം തന്റെ വളര്‍ത്തു മൃഗങ്ങളുടെ സുരക്ഷയ്ക്കും പ്രാധാന്യം നല്‍കിയത്. തന്റെ 25 പട്ടികളെക്കൂടി രക്ഷിക്കാതെ മാറി താമസിക്കില്ലെന്ന് ഇവര്‍ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പ് എത്തിയപ്പോള്‍ വെള്ളം കെട്ടിക്കിടന്ന വീട്ടിനകത്ത് പുതപ്പിച്ച നിലയിലായിരുന്നു പട്ടികള്‍.

സുനിത എന്ന യുവതിയാണ് പട്ടികളെ രക്ഷിക്കാതെ വരില്ലെന്ന് അറിയിച്ചത്. എന്നാല്‍ ഇവര്‍ സംരക്ഷിച്ചത് മുഴുവന്‍ തെരുവുപട്ടികളേയും ഉപേക്ഷിപ്പെട്ട നായ്കുട്ടികളേയും ആയിരുന്നു. നായ്ക്കളെ ഇപ്പോള്‍ രക്ഷിക്കാനാവില്ലെന്ന് പറഞ്ഞ് രക്ഷാപ്രവര്‍ത്തകര്‍ തിരികെ പോയി, തുടര്‍ന്ന് ഹ്യൂമണ്‍ സൊസൈറ്റ് ഇന്റര്‍നാഷണലുമായി സുനിത ബന്ധപ്പെട്ടു. ഇവരെത്തിയാണ് യുവതിയേയും നായ്ക്കളേയും രക്ഷിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ എത്തുമ്പോള്‍ പട്ടികള്‍ മുഴുവന്‍ അവശനിലയിലായിരുന്നു.

ഇപ്പോള്‍ തൃശൂരിലെ ഒരു പ്രത്യേക ദുരിതാശ്വാസ കേന്ദ്രത്തിലാണ് സുനിതയും ഭര്‍ത്താവും നായ്ക്കളും കഴിയുന്നത്. വെള്ളപ്പൊക്കത്തിന് ശേഷം സുനിതയുടെ നായ്ക്കള്‍ക്ക് കൂട് പണിയാനായി പണം കണ്ടെത്തുമെന്ന് ഹ്യൂമണ്‍ സൊസൈറ്റ് ഇന്റര്‍നാഷണല്‍ അറിയിച്ചു.

പല ആളുകളും ഇപ്പോഴും ബോട്ടുകളിലും ഹെലികോപ്റ്ററില്‍ കയറാതെ വീട്ടില്‍ തന്നെ തങ്ങാനുള്ള പ്രവണത കാണിക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. രക്ഷാപ്രവര്‍ത്തകരോട് എല്ലാവരും സഹകരിക്കണമെന്ന് എല്ലാവരും ആവര്‍ത്തിച്ച് അഭ്യര്‍ഥിക്കുന്നുണ്ട്.

Related posts