കൊച്ചി: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ അബ്കാരി ആക്ട് പ്രകാരം എക്സൈസ് സംഘം അറസ്റ്റു ചെയ്തു. അളവിൽ കൂടുതൽ മദ്യ ശേഖരം കണ്ടെടുത്ത കേസിലാണ് ആന്റോയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫുട്ബോൾ താരം മെസിയെ കൊണ്ടുവരുമെന്ന പേരിൽ നടന്ന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആന്റോയുടെ വയനാട് വാഴവറ്റയിലെ കുടുംബവീട്ടിൽ നടന്ന റെയ്ഡിൽ 67 ലിറ്റർ മദ്യശേഖരം കണ്ടെടുത്തിരുന്നു. ഈ കേസിലാണ് അറസ്റ്റ്.
43 ലിറ്റർ വിദേശമദ്യം, ഏഴ് ലിറ്റർ വിദേശ വൈൻ, 13 ലിറ്റർ വീട്ടിലുണ്ടാക്കിയ (Homemade) വൈൻ, കൂടാതെ മറ്റൊരു മുറിയിൽനിന്ന് ഇന്ത്യയിൽ വിൽപനാനുമതിയില്ലാത്ത മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. അസിസ്റ്റന്റ് കമ്മീഷണർ ബൈജുവിന്റെ നേതൃതത്തിലുള്ള സംഘമാണ് മൂന്നു വണ്ടികളിലായി കളമശേരിയിലെ റിപ്പോർട്ടർ ഓഫീസിൽ എത്തി നടപടികൾ സ്വീകരിച്ചത്.
കേസിൽ ആദ്യം അറസ്റ്റ് നടപടികളുമായി ആന്റോ സഹകരിച്ചിരുന്നില്ല. എഫ്ഐആർ കാണാതെ അറസ്റ്റിനു വഴങ്ങില്ലെന്ന നിലപാടിലായിരുന്നു ആന്റോ. മെസിയെ കൊണ്ടുവരുമെന്ന പേരിൽ നടന്ന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട റെയ്ഡ് അവസാനിപ്പിച്ച് എസ്ഐടി സംഘം മടങ്ങും മുമ്പേയാണ് എക്സൈസ് സംഘം റിപ്പോർട്ടർ ടിവിയുടെ കളമശേരി ഓഫീസിൽ എത്തിയത്.
എന്തുകൊണ്ടാണ് വീട്ടിൽ 63 ലിറ്റർ വിദേശമദ്യം സൂക്ഷിച്ചിരുന്നതെന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ, മറ്റൊരു എക്സൈസ് കേസുമായി ബന്ധപ്പെട്ട് താൻ അറസ്റ്റിലായിരുന്നുവെന്നാണ് ആന്റോ അഗസ്റ്റിൻ മറുപടി നൽകിയത്. തുടർന്ന് വൈദ്യപരിശോധനയ്ക്കായി ആന്റോ അഗസ്റ്റിനെ ആലുവ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അതേസമയം, മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വ്യാജ വിവാഹ ആരോപണങ്ങളിൽ ‘റിപ്പോർട്ടർ’ ചാനൽ ഉടമ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം, ആന്റോയ്ക്കും തിരിച്ചറിയാത്ത രണ്ട് പേർക്കുമെതിരെ സൈബർ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കോൺഗ്രസ് നേതാവ് രാജു പി. നായർ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. കേസ് കളമശ്ശേരി പോലീസിന് കൈമാറി. കേസിൽ ആന്റോയെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് സൂചന.
