പത്തനംതിട്ട: മേലേ വെട്ടിപ്പുറം സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ ദുരൂഹ സാഹചര്യത്തിൽ ജീവനൊടുക്കിയതു സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യം.മേലെവെട്ടിപ്പുറം താന്നിക്കുഴിയിൽ വീട്ടിൽ ജെറിൻ രാജന്റെ (25) മരണം അന്വേഷിക്കണമെന്ന് മാതാവ് ലില്ലി രാജനും സഹോദരൻ ജസ്റ്റിനും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
2025 ജൂലൈ 19 നാണ് ജെറിനെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് . വെട്ടിപ്പുറം സ്റ്റാൻഡിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു.
കൂടാതെ മെബൈൽ റിപ്പയറിംഗ് വീട്ടിൽ ചെയ്തു കൊടുക്കുമായിരുന്നു . ജെറിനുമായി സൗമ്യ എന്നൊരു സ്ത്രീ പരിചയപ്പെടുകയും സ്ഥിരമായി ഓട്ടം വിളിക്കാറുമുണ്ടായിരുന്നു . ജെറിന്റെ ഓട്ടോ ഡ്രൈവർമാരായ രണ്ട് കൂട്ടുകാർ മുഖാന്തിരമാണ് ഇവരെ പരിചയപ്പെട്ടത് .
ജോലി സ്ഥലത്ത് പോകുന്നതിനും ഇവരെ തിരികെ വിളിച്ചു കൊണ്ടുവരുന്നതിനും ജെറിൻ പോകുമായിരുന്നു. 2.1 ലക്ഷം രൂപ സ്വരൂപിച്ച് വീട് പണിക്കായി വീട്ടിൽ സൂക്ഷിച്ചിരുന്നുവെന്ന് മാതാവ് പറഞ്ഞു. ആ തുക ആരും അറിയാതെ ജെറിൻ സൗമ്യയ്ക്ക് കൊടുത്തു. സൗമ്യയുടെ ഭർത്താവിനും ഇതറിയാം.
ജെറിൻ മരിക്കുന്നതിന് തൊട്ട് മുമ്പ് ആ തുക ചോദിച്ച് സൗമ്യയുടെ ഭർത്താവുമായി വഞ്ചിപ്പൊയ്കയിലും സൗമ്യയുടെ വീട്ടിലും വഴക്ക് ഉണ്ടായിട്ടുണ്ട്. മറ്റു പലരുമായുള്ള പണമിടപാടുകളിലും ജെറിൻ വഞ്ചിക്കപ്പെട്ടിരുന്നതായും ഇതുമൂലമുണ്ടായ മാനസിക ബുദ്ധിമുട്ടാകാം മരണകാരണമെന്ന് മാതാവ് പറഞ്ഞു.
ഇക്കാര്യങ്ങൾ പോലീസിനെ അറിയിച്ചിട്ടും ഗൗരവകരമായ അന്വേഷണത്തിനു തയാറായിട്ടില്ല. ജെറിന്റെ ഫോൺ പോലും ഇതേവരെ പരിശോധിച്ചിട്ടില്ല.മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിട്ടും യാതൊരു തുടർ നടപടിക്കും തയാറായിട്ടില്ലെന്നും മാതാവും സഹോദരനും പറഞ്ഞു.
