ക്ഷേമപെന്‍ഷന്‍ അന്വേഷിച്ചെത്തിയപ്പോള്‍ വയോധികന്‍ അറിഞ്ഞത് താന്‍ മരിച്ചുപോയെന്ന വാര്‍ത്ത! ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയ്ക്ക് പുതിയ ഉദാഹരണം

വാര്‍ധക്യകാല പെന്‍ഷനും ക്ഷേമ പെന്‍ഷനുമൊക്കെ കൊണ്ട് ജീവിക്കുന്ന നിരവധി വയോധികര്‍ ഉണ്ട്. എന്നാല്‍ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതകൊണ്ട് അവ വിതരണം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായാല്‍ മുട്ടിലാവുന്നത് സാധാരണക്കാരില്‍ സാധാരണക്കാരായ ആളുകളുടെ കഞ്ഞി കുടിയാണ്.

ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നതില്‍ ഉണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ താന്‍ മരിച്ചു എന്ന് കേള്‍ക്കേണ്ടി വന്ന ഒരു വയോധികന്റെ അവസ്ഥയാണിപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.

ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് ക്ഷേമ പെന്‍ഷന്‍ അന്വേഷിച്ചെത്തിയപ്പോള്‍ കോഴിക്കോട് എലത്തൂര്‍ സ്വദേശി ബാലന് അറിയാന്‍ കഴിഞ്ഞത്. കഴിഞ്ഞ ഏഴ് മാസമായി പെന്‍ഷന്‍ ലഭിക്കുന്നില്ല. ഇത് എന്തു കൊണ്ടാണെന്ന് അന്വേഷിച്ച് പോയ ബാലന്‍ അറിഞ്ഞത് തന്റെ മരണ വാര്‍ത്തയാണ്. ജീവിച്ചിരിക്കുന്ന ബാലന്‍ മരിച്ചുവെന്ന് കാട്ടിയതിനാലാണ് അദ്ദേഹത്തിന് കഴിഞ്ഞ ഏഴ് മാസമായി വികലാംഗ പെന്‍ഷന്‍ ലഭിക്കാഞ്ഞത്.

ഏഴുമാസമായി പെന്‍ഷന്‍ കിട്ടാത്തതിന്റെ കാരണമന്വേഷിച്ചപ്പോഴാണ് താന്‍ മരിച്ച വിവരം ബാലനറിയുന്നത്. വളരെ ചെറുപ്പത്തില്‍ തെങ്ങില്‍ നിന്നു വീണ് കൈനഷ്ടപ്പെട്ട ബാലന് വയസ്സുകാലത്ത് പെന്‍ഷന്‍ വലിയൊരാശ്രയമാണ്. ഉദ്യോഗസ്ഥ അലംഭാവം കൊണ്ട് മാത്രം ബാലന് നഷ്ടപ്പെടുന്നത് ജീവിക്കാനുള്ള സഹായമാണ്.

അര്‍ഹരായ 3000ത്തിലധികം പേരെ ഒഴിവാക്കിയാണ് കോഴിക്കോട് കോര്‍പ്പറേഷനിലെ ക്ഷേമപെന്‍ഷന്‍ പട്ടിക. വാര്‍ധക്യപെന്‍ഷന്‍ ഉള്‍പ്പെടെ വിവിധ ക്ഷേമപെന്‍ഷനുകള്‍ അകാരണമായി നിഷേധിക്കപ്പെടുന്നതിന്റെ കാരണമന്വേഷിക്കുകയാണ് ആയിരക്കണക്കിന് പേര്‍. ആര്‍ഭാട കാറുകളും മറ്റ് ആഢംബരങ്ങളുമുണ്ടെന്ന് രേഖയില്‍ കാണിച്ചാണ് പലര്‍ക്കും പെന്‍ഷന്‍ നിഷേധിക്കുന്നത്.

Related posts