ബംഗളൂരുവിനെ ഏറ്റവും ഏകാന്തത അനുഭവപ്പെടുന്ന നഗരം എന്ന് വിശേഷിപ്പിച്ചുകൊണ്ട് സംരംഭകനായ ഹർഷ് സ്നേഹാൻഷു പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പ് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. പാറ്റ്ന, പാരിസ്, മുംബൈ, ഡൽഹി തുടങ്ങി പല നഗരങ്ങളിൽ താമസിച്ചിട്ടുണ്ടെങ്കിലും ബെംഗളൂരുവിൽ അനുഭവപ്പെടുന്നതുപോലെയുള്ള ഏകാന്തത മറ്റൊരിടത്തും തനിക്ക് തോന്നിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ഈ നഗരത്തിൽ കാണാൻ ഒന്നുമില്ലെന്നും പകരം സമയം കളയാൻ വേണ്ടി എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാൻ മാത്രമേ സാധിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡൽഹിയിലെ ഇന്ത്യ ഗേറ്റിന് മുന്നിലിരിക്കുന്നതോ മുംബൈയിലെ മറൈൻ ഡ്രൈവിൽ കടൽ കണ്ടിരിക്കുന്നതോ പോലെ വെറുതെയിരുന്ന് സ്വന്തം ചിന്തകളിൽ മുഴുകാൻ ബെംഗളൂരു സമ്മതിക്കുന്നില്ലെന്നും, പബ്ബുകളോ പാർക്കുകളോ സന്ദർശിക്കുന്നത് കേവലം ഒഴിവുസമയങ്ങൾ പൂരിപ്പിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്നേഹാൻഷുവിന്റെ ഈ നിരീക്ഷണത്തോട് സമ്മിശ്ര പ്രതികരണങ്ങളാണ് ഓൺലൈനിൽ ഉയരുന്നത്. ബംഗളൂരുവിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ഈ തുറന്നെഴുത്ത് നഗരവാസികൾക്കിടയിൽ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വലിയൊരു സംവാദത്തിനാണ് ഇപ്പോൾ തിരികൊളുത്തിയിരിക്കുന്നത്. ഇന്ദിരാനഗർ, കോറമംഗല തുടങ്ങിയ ഐടി കേന്ദ്രങ്ങൾക്ക് പുറത്തുള്ള യഥാർത്ഥ ബംഗളൂരുവിനെ അദ്ദേഹം കണ്ടിട്ടില്ലെന്നാണ് ചിലർ പരിഹസിച്ചത്.
