ചണ്ഡീഗഡ്: പഞ്ചാബിലെ ഹോഷിയോർപീർ ജില്ലയിൽ കുഴൽക്കിണറിൽ വീണ നാലു വയസുകാരനെ സുരക്ഷിതമായി പുറത്തെടുത്തു. വീടിനു സമീപം കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഗുർകരൻ സിംഗ് എന്ന കുട്ടിയാണ് ഇരുപതടി താഴ്ചയിൽ കുടുങ്ങിക്കിടന്നത്.
വെള്ളിയാഴ്ച രാത്രിയിലാണ് ബാലൻ പുതുതായി കുഴിച്ച കുഴൽക്കിണറിൽ വീണത്. ശനിയാഴ്ച പുലർച്ചെ 12.40 ഓടെ രക്ഷാപ്രവർത്തകർ കുട്ടിയെ പുറത്തെടുക്കുകയും ഉടൻ തന്നെ വൈദ്യപരിശോധനകൾക്കും ചികിത്സക്കുമായി ആശുപത്രിയിലേക്കും മാറ്റുകയും ചെയ്തു. കുട്ടിയുടെ മുഖത്ത് മണ്ണ് പുരണ്ടിരുന്നെങ്കിലും ആരോഗ്യാവസ്ഥ തൃപ്തികരമാണ്.
മണൽ കലർന്ന മണ്ണ് ഇടിഞ്ഞുവീണുകൊണ്ടിരുന്നതിനാൽ രക്ഷാപ്രവർത്തനം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഭവം അറിഞ്ഞയുടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു.
രക്ഷാപ്രവർത്തനം ആരംഭിക്കുന്പോൾ കാമറയും ഓക്സിജൻ പൈപ്പും വച്ച് കുട്ടിയെ നിരിക്ഷിച്ചിരുന്നു. ആദ്യഘട്ടത്തിൽ കുട്ടിയുടെ ചലനങ്ങൾ കാമറയിൽ ദൃശ്യമായിരുന്നു. എന്നാൽ പിന്നീട് മണ്ണ് ഇടിഞ്ഞുവീണതോടെ കാമറയിലുടെയുള്ള നീരിക്ഷണം തടസപ്പെട്ടു.
തുടർന്ന്, കുഴൽക്കിണറിനു സമാന്തരമായി 25 അടി താഴ്ചയിൽ കുഴിയെടുത്ത ശേഷമാണു കുട്ടിയുടെ അടുത്തേക്കു ചെറിയൊരു തുരങ്കം നിർമിച്ച് സുരക്ഷിതമായി എത്തിയത്. ഒൻപത് മണിക്കുർ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണു കുട്ടിയെ സുരക്ഷിതമായി പുറത്തെടുക്കാൻ കഴിഞ്ഞത്.
