ഇടുക്കി: ജൈവ രീതിയിലൂടെ ഏലം കൃഷിയില്‍ മികച്ച നേട്ടം കൈവരിച്ച നരിയമ്പാറ സ്വര്‍ണവിലാസം സ്വദേശി ലാല്‍ ഇല്ലം മുരുകേശന് സ്പൈസസ് ബോര്‍ഡിന്റെ ദേശീയ അവാര്‍ഡ്. ചെറുകിട ഏലം കര്‍ഷകനുള്ള 50,000 രൂപയും ഫലകവും പ്രശ്സതി പത്രവുമടങ്ങുന്ന അവാര്‍ഡ് ഇന്നു നെടുങ്കണ്ടത്ത് നടക്കുന്ന ചടങ്ങില്‍ മുരുകേശന് ഏറ്റുവാങ്ങും. തന്റെ ആറരയേക്കര്‍ വരുന്ന ഏലത്തോട്ടത്തില്‍ രാസവളപ്രയോഗമോ കീടനാശിനികളോ ഉപയോഗിക്കാതെ തികച്ചും ജൈവ രീതിയിലാണ് മുരുകേശന് കൃഷി ചെയ്യുന്നത്.
തമിഴ്നാട് ഗൂഡല്ലൂരില്നിന്നാണ് മുരുകേശന് ഇടുക്കിയിലെത്തുന്നത്. പത്താം ക്ലാസ് വിദ്യാഭ്യാസത്തിനു ശേഷം പിതാവിന്റെ പാത പിന്തുടര്ന്ന് ഏലം കൃഷിയിലേക്ക് കടക്കുകയായിരുന്നു. മികച്ച വിളവു നല്കുന്ന ഞള്ളാനി ഗ്രീന്‍ ഗോള്‍ഡ് ആണ് പ്രധാനമായും കൃഷി ചെയ്യുന്നത്.
ഉത്പാദനം അല്‍പ്പം കുറഞ്ഞാലും വര്‍ഷങ്ങളായി പിന്തുടര്ന്നു വരുന്ന പതിവു ജൈവ രീതിയില്‍നിന്ന് അണുവിട പിന്മാറാന് മുരുകേശന് തയാറല്ല. പശുക്കളുടെ ചാണകവും മൂത്രവും പഞ്ചഗവ്യവും ജീവാമൃതവുമാണ് പ്രധാനമായും വളമായി ഉപയോഗിക്കുന്നത്. കീടനാശിനി പ്രതിരോധത്തിനായി ഇലക്കഷായവും ഉപയോഗിക്കും. കൃത്യമായ ഇടവേളകളില്‍ മണ്ണു പരിശോധനയും നടത്തും.
ജൈവ രീതിയിലുള്ള കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന ഏലക്കാ ഗുണമേന്മയില് മുന്‍പന്തിയിലായിരിക്കും എന്നതാണ് പ്രധാന മേന്മ. എട്ടിനു മുകളില്‍ ബോള്ട്ടുള്ള കായ് ലഭിക്കുന്നതിനാല്‍ ലേല കേന്ദ്രങ്ങളില്‍ മെച്ചപ്പെട്ട വിലയും ലഭിക്കും. വിദേശത്തേക്കും മറ്റും കയറ്റിയയ്ക്കാനായി കച്ചവടക്കാര്‍ ജൈവ ഏലക്കാ വാങ്ങുന്നുണ്ട്. മരുന്നുനിര്‍മാണ കമ്പനികളും ഓര്‍ഗാനിക് ഏലക്കാ കൂടുതലായി വാങ്ങുന്നുണ്ട്. ഏലത്തിന് ഇടവിളയായി കുരുമുളക്, പപ്പായ, ജാതി, ഗ്രാമ്പു ഉള്‍പ്പെടെയുള്ളവയും കൃഷി ചെയ്യുന്നുണ്ട്.
ഭക്ഷ്യസുരക്ഷയും ഗുണനിലവാരവും കണക്കിലെടുത്ത് കേന്ദ്ര കാര്‍ഷിക കര്‍ഷക ക്ഷേമ വകുപ്പ് നല്കുന്ന നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഫോര്‍ ഓര്‍ഗാനിക് പ്രൊഡക്ഷന്റെ സ്കോപ്പ് സര്‍ട്ടിഫിക്കറ്റ് മുരുകേശനു ലഭിച്ചിട്ടുണ്ട്. ഭാര്യ മഹാലക്ഷ്മിയും മകന് നിരഞ്ജ് കുമാറുമാണ് പൂര്‍ണ പിന്തുണയുമായി ഒപ്പമുള്ളത്.
