ആലുവ: അനുവദനീയമായതിൽ കൂടുതൽ കന്നുകാലികളുമായി കേരളത്തിലേക്ക് വന്ന തമിഴ്നാട് ലോറി പിടികൂടി. മൃഗപീഡനം തടയല്‍ വിഭാഗ(എസ്പിസിഎ)ത്തിലെ ജില്ലാ അധികൃതര്‍ അധികമായെത്തിച്ച ഒന്‍പതു കന്നുകാലികളെ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രിയില്‍ ദേശീയപാതയില്‍ നടത്തിയ പരിശോധനയിൽ അമ്പാട്ടുകാവിനടുത്തുവച്ചാണ് കന്നുകാലികളെ കുത്തിനിറച്ച ലോറി കണ്ടെത്തിയത്. ഈറോഡില്‍നിന്ന് കരുനാഗപ്പള്ളിയിലേക്കാണ് കന്നുകാലികളെ കൊണ്ടു പോയിരുന്നത്. ചെക്ക്പോസ്റ്റ് രേഖകള്‍ പ്രകാരം ഒരു ലോറിയില്‍ 16 കന്നുകാലികളെ കയറ്റുവാനുള്ള അനുമതിയാണ് ഉണ്ടായിരുന്നത്. പരിശോധനാ സംഘം ലോറിയിൽ 25 കന്നുകാലികളെ കണ്ടെത്തുകയായിരുന്നു. ഇതോടെ അനുമതിയില്ലാതെ കൊണ്ടുവന്ന കന്നുകാലികളെ എസ്പിസിഎ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. മറ്റൊരു ലോറി വരുത്തിയശേഷം ഇവയെ കാക്കനാടുള്ള സന്നദ്ധസംഘടനയുടെ കേന്ദ്രത്തിലേക്ക് മാറ്റി. ലോറി ജീവനക്കാര്‍ക്കെതിരേയും അനധികൃതമായി കന്നുകാലികളെ എത്തിക്കാന്‍ ശ്രമിച്ച ഇറച്ചിക്കച്ചവടക്കാര്ക്കെതിരേയും കേസെടുത്തിട്ടുണ്ട്. എസ്പിസിഎ ഇന്‍സ്പെക്ടര്‍ വിഷ്ണു വിജയന്, ഇന്‍സ്പെക്ടിംഗ് അസിസ്റ്റന്റ് പി.ബി. ഇക്ബാല്‍, സെക്രട്ടറി ടി.ജി. സജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Read MoreCategory: Kochi
കേരളമണ്ണിലെത്തിയ പുതിയ പഴം! അച്ചാചെറു രുചി മലയാളികൾക്കു പ്രിയങ്കരമാകുന്നു
കോതമംഗലം: കേരളമണ്ണിലെത്തിയ അച്ചാച്ചെറു എന്ന പുതിയ പഴവും മലയാളിക്കു പ്രിയങ്കരമാകുന്നു. പഴങ്ങൾക്കു വലിയകോഴിമുട്ടയുടെ വലിപ്പവും രൂപവും ഗ്ലോസി ഓറഞ്ചിന്റെ കളറുമാണ്. പുളി കലർന്ന മധുരരുചി ഏറെ ആസ്വാദ്യകരം. തെക്കൻ ആമസോണ്‍ മേഖലയിലെ ബൊളീവിയ ആണു അച്ചാച്ചെറുവിന്റെ ജന്മദേശം. മാംഗോസ്റ്റീൻ കുടുംബത്തിൽനിന്നുള്ള ഇതിനു ബൊളീവിയൻ മാംഗോസ്റ്റീൻ എന്നുകൂടി പേരുണ്ട്. പുറത്തോട് നടുവേ പിളർന്നെടുക്കുന്ന ഉള്ളിലെ മാംസളഭാഗം ആണു ഭക്ഷ്യയോഗ്യം. നാലാം വർഷം പൂവിടുന്ന മരങ്ങളിൽ അഞ്ചാം വർഷം മുതൽ നല്ല വിളവ് ലഭിച്ചു തുടങ്ങും. ഓസ്ട്രേലിയ ഉൾപ്പെടെയുള്ള വിവിധ വിദേശരാജ്യങ്ങളിൽ അച്ചാചെറു വ്യാവസായികമായി കൃഷി ചെയ്തുവരുന്നു. മാംഗോസ്റ്റീൻ പോലെ തണൽ ആഗ്രഹിക്കുന്ന അച്ചാചെറു ദീർഘകാലത്തേക്കു ഫലം നൽകും. വിദേശങ്ങളിൽനിന്നു വിത്തോ തൈയോ കേരളത്തിലെത്തിച്ചു നട്ടുപിടിപ്പിച്ച പലർക്കും ഫലം ലഭിച്ചുതുടങ്ങി. കുരു മുളപ്പിച്ചുണ്ടാക്കുന്ന തൈകളാണു കൃഷിക്കായി ഉപയോഗിക്കുന്നത്. പ്രമുഖ നഴ്സറികളിൽ ഇതിന്റെ തൈകൾ ഇപ്പോൾ ലഭ്യമാണ്. രണ്ടായിരത്തോളം രൂപ വിലയുണ്ടായിണ്ടായിരുന്ന…
Read Moreമത്സ്യത്തൊഴിലാളികളുടെ വായ്പകൾക്ക് ഒരു വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന്
വൈപ്പിൻ: കാർഷിക മേഖലയിലേതുപോലെ മത്സ്യത്തൊഴിലാളികൾക്കും സാന്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേരള പരന്പരാഗത മത്സ്യതൊഴിലാളി സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കൂടാതെ സഹകരണ സംഘങ്ങൾ വഴി മത്സ്യഫെഡിൽനിന്ന് എടുത്തിട്ടുള്ള ലോണുകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും സമിതി തുടർന്ന് ആവശ്യപ്പട്ടു. പ്രളയം, ആഗോള താപനം, എൽനിനോ പ്രതിഭാസം തുടങ്ങിയവ പരന്പരാഗത മത്സ്യത്തൊഴിലാളികളെ മുഴുപ്പട്ടിണിയിലായിരിക്കുകയാണ്. അശാസ്ത്രീയ മത്സ്യബന്ധനം സംബന്ധിച്ച് മുഖ്യ മന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും മത്സ്യഫെഡ് ചെയർമാനും കത്തയക്കുന്നതിനോടൊപ്പം സഹകരണ സംഘം പ്രസിഡന്റുമാരും മത്സ്യഫെഡ്, ഫിഷറീസ് ഉദ്യോഗസ്ഥർ, വിവിധ മത്സ്യത്തൊഴിലാളി യൂണിയൻ എന്നിവരുമായി ആലോചനായോഗം സംഘടിപ്പിക്കാനും തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി പി.വി. ജയൻ അറിയിച്ചു.
Read Moreജീവന് വേണ്ടിയുള്ള ആ പിടച്ചിൽ കാണാതെ പോകാനായില്ല; വലയിൽ കുരുങ്ങിയ പൊൻമാന് രക്ഷകരായി പോലീസ്
ചെറായി: പള്ളിപ്പുറം കായലിൽ മീൻ പിടിക്കാൻ വിരിച്ചിട്ടിരിക്കുന്ന വലയിൽ കുരുങ്ങിയ പൊൻമാന് രക്ഷകരായി പോലീസുകാർ. ചെറായി ബീച്ചിലേക്ക് പട്രോളിംഗിനു പോകും വഴിയാണ് മുനന്പം എസ്ഐ വി.ബി. റഷീദും എഎസ്ഐ മുരളിയും പോലീസുകാരനായ സുജീഷും എന്നിവർ അടങ്ങിയ സംഘം പെൻമാൻ കുരുങ്ങിക്കടക്കുന്നത് കണ്ടത്. ഉടൻ തന്നെ ജീപ്പ് നിർത്തി പരിസരത്ത് നിന്നും നീന്തൽ അറിയാവുന്ന ഒരാളെ കണ്ടെത്തി അതിനെ രക്ഷപ്പെടുത്താൻ നിർദേശം നൽകുകയായിരുന്നു. നീന്തി വലക്കടുത്ത് എത്തിയ ആൾ പൊൻമാനെ വലയിൽ നിന്നും വേർപെടുത്തി എടുത്തുകൊണ്ട് തിരികെ കരയിലേക്ക് നീന്തിയെത്തി പക്ഷിയെ പോലീസിനെ ഏൽപ്പിച്ചു. പോലീസ് സംഘമാകട്ടെ അതിനു പ്രഥമ ശൂശ്രൂഷ നടത്തുകയും പറത്തി വിടുകയും ചെയ്തു.
Read Moreമരട് ഫ്ളാറ്റ്; നിയന്ത്രണം പോലീസ് ഏറ്റെടുത്തു; ഫ്ളാറ്റുകൾ ഭൂരിഭാഗവും ഒഴിഞ്ഞു; അവശേഷിക്കുന്നവർക്ക് സാവകാശം നൽകും
മരട്(കൊച്ചി): ഫ്ളാറ്റുകൾ പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായി താമസക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ ഏകദേശം പൂർത്തിയായതോടെ മരടിലെ ഫ്ളാറ്റു സമുച്ചയങ്ങളുടെ ഭാഗികമായ നിയന്ത്രണം പോലീസ് ഏറ്റെടുത്തു. എല്ലാ ഫ്ളാറ്റ് സമുച്ചയങ്ങളിലും പോലീസ് സംഘത്തെ നിയോഗിച്ചു. നാലു ഫ്ളാറ്റ് സമുച്ചയങ്ങളിലെ അഞ്ച് ബഹുനില കെട്ടിടങ്ങളിലായി താമസിച്ചിരുന്ന വാടകക്കാരും ഉടമകളുമായ ഭൂരിഭാഗം പേരും ഒഴിഞ്ഞു പോയി. ആകെ താമസക്കാരുണ്ടായിരുന്ന 328 ഫ്ളാറ്റുകളിലെ 245 കുടുംബങ്ങൾ ഒഴിഞ്ഞു പോയെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ കണക്ക്. സാധനങ്ങൾ മാറ്റാനും മറ്റും സമയം നീട്ടി നൽകാൻ അപേക്ഷ സമർപ്പിച്ചവർക്ക് അതിനുള്ള അനുമതി നൽകിയിട്ടുണ്ട്. ഉടമകൾ വിദേശത്തു താമസമാക്കിയതിനാൽ പൂട്ടിയിട്ടിരിക്കുന്ന അപ്പാർട്ടുമെന്റുകളുമുണ്ട്. ഇവർ ഉടൻ നാട്ടിലെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇന്നലെ വരെ പുനരധിവാസത്തിന് അപേക്ഷ നൽകിയ 42 പേർക്ക് താമസ സൗകര്യം അനുവദിക്കുന്നതിന് നടപടി എടുത്തിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഫ്ളാറ്റ് സമുച്ചയങ്ങളിലെ വൈദ്യുതി ഉടൻ വിച്ഛേദിക്കില്ല എന്ന തീരുമാനം…
Read Moreആത്മാവില്ലാത്ത വികസനമാണ് രാജ്യത്തോടു കാണിച്ച വലിയ അപരാധമെന്ന് കെ. ജയകുമാർ
കൊച്ചി: ആത്മാവില്ലാത്ത വികസനമാണ് രാജ്യത്തോടു കാണിച്ച ഏറ്റവും വലിയ അപരാധമെന്ന് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഗാന്ധിജിയുടെ പ്രസക്തി എന്ന വിഷയത്തിൽ കേരള മാനേജ്മെന്റ് അസോസിയേഷൻ (കെഎംഎ) സംഘടിപ്പിച്ച പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയെ ജീവിതത്തിലേക്ക് കൊണ്ടുവന്നാൽ കായലോരത്ത് തന്നെ കിടന്നാലേ ഉറക്കം വരൂ എന്ന ചിന്ത ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയെ മറന്നുള്ള പ്രവർത്തനങ്ങളുടെ ഫലമാണു മരടിലും പ്ലാച്ചിമടയിലുമൊക്കെ അനുഭവിക്കുന്നത്. കോടിപതി ആവുക എന്നതാണു പലരുടെയും ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം. ഗാന്ധിജിയെ സ്വീകരിച്ചാൽ ലാളിത്യം ജീവിതത്തിന്റെ ഭാഗമായി മാറും. രാജ്യം നേരിടുന്ന പല സമീപകാല വെല്ലുവിളികൾക്കുമുള്ള ഉത്തരം ഗാന്ധിജിയാണെന്നും അദ്ദേഹം പറഞ്ഞു. പുതുതലമുറയ്ക്ക് ഗാന്ധിയെക്കുറിച്ച് ഏറെ തെറ്റിദ്ധാരണകളുണ്ട്. പ്രശ്നങ്ങളുടെ നടുവിലാണ് ഇന്ന് രാജ്യം. അക്രമങ്ങളും കലാപവും വർധിച്ചുവരുന്നു. ധാർമികത പൊതുജീവിതത്തിന്റെ ഭാഗമല്ലാതായി. സമകാലീന പ്രശ്നങ്ങളെക്കുറിച്ച് നമുക്ക് നല്ല ബോധമുണ്ട്, പക്ഷെ പലതിനും…
Read Moreപാലാരിവട്ടം മേല്‍പ്പാലം: പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി; ഒന്നും പറയാനില്ലെന്ന് ടി.ഒ സൂരജ്
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ.സൂരജ് ഉള്‍പ്പെടെയുള്ള നാല് പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി. ഈമാസം 17 വരെയാണ് വിജിലന്‍സ് കോടതി റിമാന്‍ഡ് കാലാവധി നീട്ടിയത്. ടി.ഒ. സൂരജ്, ഒന്നാം പ്രതി സുമിത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പറേഷന് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.ടി തങ്കച്ചന്, മൂന്നാം പ്രതിയും കിറ്റ്കോ ജോയിന്റ് ജനറല്‍ മാനേജരുമായ ബെന്നി പോള്‍ എന്നിവരുടെ റിമൻഡ് കാലാവധിയാണ് നീട്ടിയത്. അതേസമയം, മേല്‍പ്പാലത്തിന്റെ ടെണ്ടറില്‍ തിരിമറി നടന്നതിന് പിന്നില്‍ രാഷ്ട്രീയനേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന കാര്യം അന്വേഷിച്ചുവരികയാണെന്ന് വിജിലന്‍സ് അറിയിച്ചു. ടെണ്ടര്‍ നടപടികളില്‍ പങ്കെടുക്കുന്നത് ഉദ്യോഗസ്ഥരാണ്. എന്നാൽ, ഇത്രയും വലിയ ക്രമക്കേട് സംഭവിച്ചതിന് പിന്നില്‍ മറ്റാരുടെയെങ്കിലും ഇടപെടലുണ്ടായിട്ടുണ്ടോയെന്ന സംശയത്തിന്റെ സാഹചര്യത്തിലാണ് രാഷ്ട്രീയ നേതാക്കളുടെയടക്കം സ്വാധീനം അന്വേഷിക്കുന്നത്. നിര്‍മാണ കരാര്‍ ആര്‍ഡിഎസ് കമ്പനിക്ക് നല്കാന് ടെണ്ടര്‍…
Read Moreഫർണിച്ചർ ഗോഡൗണിൽ വൻ തീപിടിത്തം; തൊഴിലാളികൾ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി; ലക്ഷങ്ങളുടെ നാശം
കോതമംഗലം: നെല്ലിക്കുഴി ഇളബ്രയിൽ ഫർണിച്ചർ ഗോഡൗണിൽ വൻ തീപിടിത്തം. ഫർണിച്ചറുകളും നിർമാണത്തിനായി സൂക്ഷിച്ചിരുന്ന മര ഉരുപ്പടികളും ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കത്തിനശിച്ചു. തീ ആളിപ്പടരുന്നത് കണ്ട് തൊഴിലാളികൾ ഇറങ്ങിയോടിയതിനാൽ വലിയ ദുരന്തം ഒഴിവായി. ഇന്ന് പുലർച്ചെ 2.45 ഓടെയാണ് സംഭവം. നെല്ലിക്കുഴി പാണാട്ടിൽ പി.എ അലിയാരുടെ ഉടമസ്ഥതയിൽ ഇളബ്രയിലുള്ള റോയൽ ഫർണിച്ചർ യൂണിറ്റിനാണ് തീ പിടിച്ചത്. ഏകദേശം പതിനായിരത്തോളം സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള ഫർണിച്ചർ കടയാണ് അഗ്നിക്കിരയായത്. ഫർണിച്ചർ കടയുടെ പല ഭാഗത്ത് ഒരേ സമയം തീ ആളിപ്പടരുകയായിരുന്നു. കോതമംഗലം, മൂവാറ്റുപുഴ, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിന്ന് അഗ്നി രക്ഷാസേനയുടെ നാല് യൂണിറ്റുകളെത്തി മൂന്ന് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. തീപിടിത്തം അറിഞ്ഞ ഉടൻ കോതമംഗലത്തുനിന്ന് അഗ്നിരക്ഷാ സംഘം എത്തിയെങ്കിലും തീ കൂടുതൽ വ്യാപിച്ചതോടെ മൂവാറ്റുപുഴ, പെരുമ്പാവൂർ എന്നിവിടങ്ങളിൽനിന്ന് കൂടുതൽ സേനയുടെ സഹായം തേടുകയായിരുന്നു. കോട്ടപ്പടി പോലീസും സ്ഥലത്തെത്തി…
Read Moreപോകാനിടമില്ല! സാധനങ്ങൾ നീക്കാനും പകരം താമസസ്ഥലം കണ്ടെത്താനും രണ്ടാഴ്ച സമയം നീട്ടിനല്‍കണം; ഫ്ളാറ്റുടമയുടെ ഒറ്റയാൾ പ്രതിഷേധം
കൊച്ചി: ഫ്ളാറ്റുകളിൽനിന്ന് ഒഴിഞ്ഞു പോകാൻ കൂടുതൽ സമയം നൽകണമെന്നാവശ്യപ്പെട്ട് ഉടമയുടെ ഒറ്റയാൾ പ്രതിഷേധം. പൊളിച്ചുമാറ്റാനിരിക്കുന്ന മരടിലെ ഹോളിഫെയ്ത്തിലെ ഫ്ളാറ്റുടമ ഐസക് പട്ടാണിപ്പറമ്പിലാണ് പ്രതിഷേധം നടത്തിയത്. സാധനങ്ങൾ നീക്കാനും പകരം താമസസ്ഥലം കണ്ടെത്താനും രണ്ടാഴ്ച സമയം നീട്ടി നൽകണമെന്ന ആവശ്യമാണ് ഉടമകൾ ഉന്നയിച്ചത്. ഇതു ചെവിക്കൊള്ളാൻ അധികൃതർ തയാറാവാത്ത സാഹചര്യത്തിലാണ് ഇദ്ദേഹം പ്രതിഷേധിച്ചത്. ഫ്ളാറ്റ് നിർമാതാക്കൾക്കെതിരേ രേഖാമൂലം പോലീസിൽ പരാതി നൽകിയ ഉടമകളിൽ മൂന്നു പേരിൽ ഒരാൾകൂടിയാണ് കായംകുളം സ്വദേശി ഐസക്. മകൾക്കുവേണ്ടി 68 ലക്ഷം രൂപയ്ക്കാണ് ഇദ്ദേഹം ഫ്ളാറ്റ് സ്വന്തമാക്കിയത്. പകരം വീടു കിട്ടാത്തതിനാൽ സാധനങ്ങൾ മാറ്റാനോ താമസം മാറാനോ കഴിയാത്ത അവസ്ഥയിലാണ് തങ്ങളെന്ന് മരട് നഗരസഭാ സെക്രട്ടറി, സബ് കളക്ടർ എന്നിവരോട് ഐസക് പറഞ്ഞു. ഉടമകളുടെ ന്യായമായ ആവശ്യങ്ങൾ മേലുദ്യോഗസ്ഥരെ അറിയിച്ച് സാധ്യമായത് ചെയ്യാമെന്ന ഉറപ്പു ലഭിച്ചതിനെത്തുടർന്നാണ് ഇദ്ദേഹം പ്രതിഷേധം അവസാനിപ്പിച്ചത്.
Read More“പറഞ്ഞ സമയത്ത് മാറണം’; മരട് ഫ്ളാറ്റ് ഉടമകൾക്ക് കൂടുതൽ സമയം നൽകാനാവില്ലെന്ന് നഗരസഭ
കൊച്ചി: മരട് ഫ്ളാറ്റുകളിൽനിന്ന് ഒഴിയാൻ കൂടുതൽ സമയം വേണമെന്ന ഉടമകളുടെ ആവശ്യം നിഷേധിച്ച് നഗരസഭ. ഫ്ളാറ്റിൽനിന്ന് ഒഴിയാൻ കൂടുതൽ സമയം അനുവദിക്കാനാവില്ലെന്ന് നഗരസഭാ സെക്രട്ടറി ആരിഫ് ഖാൻ പറഞ്ഞു. വ്യാഴാഴ്ചയോടെ താമസക്കാരെല്ലാവരും ഫ്ളാറ്റുകളിൽനിന്നും പൂർണമായും മാറണം. താൽക്കാലികമായി പുനസ്ഥാപിച്ച വെള്ളവും വൈദ്യുതിയും വ്യാഴാഴ്ചയോടെ വീണ്ടും വിച്ഛേദിക്കും. ഫ്ളാറ്റുകളിൽ നിന്ന് ഒഴിയാൻ ഒക്ടോബർ പത്ത് വരെ സമയം വേണമെന്നാണ് ഉടമകളുടെ ആവശ്യം. 180 കുടുംബങ്ങൾക്ക് പകരം താമസ സൗകര്യം കിട്ടി യില്ലെന്നും ഫ്ലാറ്റ് ഉടമകൾ പറഞ്ഞു. ഒഴിയാമെന്ന് സമ്മതിച്ചതാണ്. സർക്കാർ മാനുഷിക പരിഗണന നൽകണം. രണ്ടു ദിവസത്തിനകം ഫ്ളാറ്റ് ഒഴിയുന്നത് അ പ്രായോഗികമാണെന്നും ഉടമകൾ പറഞ്ഞു.
Read More