പരവൂർ: രാജ്യത്തെ സെമി-ഹൈ സ്പീഡ് ട്രെയിനായ വന്ദേ ഭാരതിന്റെ നിർമാണത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ റെയിൽവേ.ചെന്നൈയിലെ ഐസിഎഫിനും കപൂർത്തലയിലെ ആർസിഎഫിനും പിന്നാലെ ഉത്തർപ്രദേശിലെ റായ്ബറേലിയിലുള്ള മോഡേൺ കോച്ച് ഫാക്ടറിയും (എംസിഎഫ്) തങ്ങളുടെ ആദ്യ വന്ദേ ഭാരത് ട്രെയിൻ നിർമിച്ചു.
ഇതോടെ വന്ദേ ഭാരത് ട്രെയിനുകൾ നിർമിക്കാനുള്ള ശേഷി റെയിൽവേയുടെ മൂന്ന് പ്രധാന ഉത്പാദന കേന്ദ്രങ്ങൾക്കും കൈവന്നു. പുതുതായി നിർമിച്ച ട്രെയിനിന്റെ പരീക്ഷണ ഓട്ടം ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യം പരിഗണിച്ചാണ് വന്ദേ ഭാരത് നിർമാണം കൂടുതൽ ഫാക്ടറികളിലേക്ക് വ്യാപിപ്പിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചത്.
16 കോച്ചുകളുള്ള പുതിയ ട്രെയിനിൽ നിരവധി സാങ്കേതിക പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്. പ്രത്യേക എൻജിനുകളുടെ ആവശ്യമില്ലാത്ത ഇഎംയു സാങ്കേതികവിദ്യയിലാണ് ഈ ട്രെയിൻ പ്രവർത്തിക്കുന്നത്. വെറും 140 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 160 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ ട്രെയിനിന് സാധിക്കും.
മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിലായിരിക്കും ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടക്കുക. ഓരോ രണ്ട് കോച്ചുകളിലും 50 ശതമാനം പവേർഡ് ആക്സിലുകൾ നൽകിയിട്ടുള്ളതിനാൽ വേഗത്തിൽ വേഗം കൂട്ടാനും കുറയ്ക്കാനും ഈ ട്രെയിനിന് കഴിയും.
നിലവിൽ 8, 16, 20 കോച്ചുകളുള്ള മൂന്ന് വ്യത്യസ്ത രീതികളിലാണ് വന്ദേ ഭാരത് സർവീസുകൾ നടത്തുന്നത്. 2018-ന് ശേഷം ഇതുവരെ രാജ്യത്ത് 97 വന്ദേ ഭാരത് ചെയർ കാർ ട്രെയിനുകളാണ് നിർമിച്ചിട്ടുള്ളത്. റായ്ബറേലിയിൽ നിന്നുള്ള പുതിയ ട്രെയിനുകൾ കൂടി എത്തുന്നതോടെ വന്ദേ ഭാരത് ശൃംഖല കൂടുതൽ ശക്തമാകും.
