ചെങ്ങന്നൂർ: ശബ്ദമില്ലാത്തവർക്ക് ശബ്ദമായി, പിന്നാക്കം നിൽക്കുന്നവർക്ക് തണലായി മാറിയ ചെറിയനാട് ലൂർദ് മാതാ ദേവാലയം ചരിത്രപരമായ തൊണ്ണൂറാം വർഷത്തിലേക്ക് കടക്കുന്നു. നവതി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ കർമപദ്ധതികളാണ് ഇടവകയിൽ ഒരുങ്ങുന്നത്.
ചരിത്രവഴികൾ
1930-കളിൽ ചാരുംമൂട് കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന വിദേശ മിഷണറിമാരാണ് ചെറിയനാട് പ്രദേശത്ത് സാമൂഹിക മാറ്റത്തിന്റെ വിത്തുപാകിയത്. സാമ്പത്തികമായും സാമൂഹികമായും അവഗണിക്കപ്പെട്ട ഒരു ജനതയെ വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ബോധത്തിലൂടെയും കൈപിടിച്ചുയർത്താൻ അവർക്ക് സാധിച്ചു.
സിഎംഎസ് സഭയിൽനിന്നു കത്തോലിക്കാ വിശ്വാസത്തിലേക്ക് എത്തിയവരായിരുന്നു ദേവാലയത്തിലെ ആദ്യ അംഗങ്ങൾ. 1930കളിൽ ലൂർദ് മാതാവിന്റെ നാമധേയത്തിൽ ഓലമേഞ്ഞ ചെറിയ ദേവാലയമായി തുടങ്ങിയ ഈ യാത്ര, 1935 ഒക്ടോബർ 27ന് കരിങ്കല്ലിൽ പണിതീർത്ത മനോഹരമായ ദേവാലയത്തിന്റെ കൂദാശയോടെ പുതിയ ഘട്ടത്തിലെത്തി.
ഫാ. പയസ് ഒസിഡിയാണ് നിർമാണത്തിന് നേതൃത്വം നൽകിയത്. സ്പെയിൻകാരനായ ഫാ. സെറാഫിനായിരുന്നു ദേവാലയത്തിന്റെ ആദ്യ വികാരി. കൊല്ലം രൂപതയുടെ കീഴിലായിരുന്ന ഇടവക 1985ൽ പുനലൂർ രൂപത രൂപീകൃതമായതോടെ അതിന്റെ ഭാഗമായി മാറി.
മണിനാദം
ചെറിയനാട് പള്ളിയുടെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന് വിദേശത്തുനിന്ന് എത്തിച്ച പള്ളിമണിയാണ്. ദേവാലയത്തിന്റെ മുഖവാരത്തിനു മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഈ മണി മുഴക്കണമെങ്കിൽ പ്രത്യേക നൈപുണ്യം ആവശ്യമാണ്. ശക്തമായി താഴേക്ക് വലിച്ച് അതേവേഗതയിൽ മുകളിലേക്ക് ഉയർത്തി മുഴക്കുന്ന ഈ മണിനാദം അഞ്ചു കിലോമീറ്റർ ചുറ്റളവിൽ വരെ കേൾക്കാമായിരുന്നു. ഒരു കാലഘട്ടത്തിൽ പ്രദേശത്തെ ജനങ്ങൾ പ്രഭാതമുണർന്നിരുന്നത് ഈ മണിനാദം കേട്ടുകൊണ്ടായിരുന്നു എന്നത് ചരിത്രത്തിന്റെ ഭാഗം.
വളർച്ച
ചെറിയനാടുനിന്ന് ആരംഭിച്ച വിശ്വാസപ്രവർത്തനങ്ങൾ പിന്നീട് പൊറ്റമേൽ, ബുധനൂർ തുടങ്ങിയ ഇടങ്ങളിലേക്കും വ്യാപിച്ചു. ഇതിന്റെ ഫലമായാണ് 1950-ൽ പൊറ്റമേൽ സെന്റ് തോമസ് ദേവാലയവും ബുധനൂർ തിരുഹൃദയ ദേവാലയവും സ്ഥാപിതമായത്.1963 മുതൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ മിഷണറി സഹോദരിമാരും ഇടവകയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ്. ചമ്പക്കുളത്തുനിന്ന് വ്യാപാരത്തിനായി എത്തിയ കത്തോലിക്കാ കുടുംബങ്ങളും ഈ ഇടവകയുടെ വളർച്ചയിൽ വലിയ പങ്കുവഹിച്ചു.
നവതിനിറവിൽ
മൂന്ന് വിദേശമിഷണറിമാർ ഉൾപ്പെടെ 27 വൈദികർ സേവനം ചെയ്ത പുണ്യഭൂമിയിൽ 28-ാമത് വികാരിയായി ഫാ. ജോസ് വർഗീസ് ഇപ്പോൾ നേതൃത്വം നൽകുന്നു.
നവതി ആഘോഷങ്ങളുടെ ഭാഗമായി ചരിത്രമുറങ്ങുന്ന ദേവാലയത്തിന്റെ പൗരാണികത നിലനിർത്തിയുള്ള നവീകരണം, ഇടവകാംഗങ്ങളുടെ ആത്മീയ നവീകരണം, ജനക്ഷേമകരമായ വിവിധ പദ്ധതികൾ എന്നിവ നടപ്പിലാക്കുമെന്ന് വികാരി ഫാ. ജോസ് വർഗീസും സെക്രട്ടറി ഡേവിഡ് മാനുവലും പറഞ്ഞു. തൊണ്ണൂറു വർഷത്തെ വിശ്വാസപാരമ്പര്യവും സാമൂഹിക സേവനവും മുറുകെപ്പിടിച്ച് ചെറിയനാട് ലൂർദ് മാതാ ദേവാലയം നവതിയുടെ ധന്യതയിൽ പ്രശോഭിച്ചു നിൽക്കുന്നു.
