കോവിഡ് ഭേദമായി വീട്ടിലെത്തിയ വൃദ്ധന്‍ കണ്ടത് തന്റെ ശ്രാദ്ധച്ചടങ്ങിനുള്ള ഒരുക്കങ്ങള്‍ ! അച്ഛന്റെ രോഗം ഭേദമായെന്ന് അറിയിപ്പ് ലഭിച്ചെത്തിയത് മരിച്ചയാളുടെ മകനും; രോഗികള്‍ മാറിപ്പോയ സംഭവം ഇങ്ങനെ…

കോവിഡ് രോഗികള്‍ പരസ്പരം മാറിപ്പോകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. കോവിഡ് മുക്തനായി ഷിബദാസ് ബാനര്‍ജി(75) വീട്ടിലെത്തിയപ്പോള്‍ കാണുന്നത് തന്റെ ശ്രാദ്ധച്ചടങ്ങിനുള്ള ഒരുക്കങ്ങള്‍.

ആദ്യം അമ്പരന്നെങ്കിലും പിന്നെ അത് പ്രതിഷേധമായി. കോവിഡ് രോഗികളെ മാറിപ്പോയ നോര്‍ത്ത് പര്‍ഗാനാസ് ബല്‍റാം ബസു ആശുപത്രിക്കെതിരേ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.

ഈ മാസം നാലിനാണു ഷിബദാസ് ബാനര്‍ജിയെ കോവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേ ദിവസം തന്നെയാണു കോവിഡിനെ തുടര്‍ന്നു മോഹിനി മോഹന്‍ മുഖര്‍ജി(75)യും ചികിത്സ തേടിയത്.

ഇരുവരുടെയും ആശുപത്രി രേഖകള്‍ പരസ്പരം മാറിപ്പോയതാണു പ്രശ്നമെന്നാണു കണ്ടെത്തല്‍. ഈ മാസം 13ന് മുഖര്‍ജി മരിക്കുകയായിരുന്നു. എന്നാല്‍, അറിയിപ്പ് പോയത് ബാനര്‍ജിയുടെ വീട്ടിലേക്കും.

അദ്ദേഹത്തിന്റെ മകന്‍ സന്‍ജീബ് ആശുപത്രിയിലെത്തി മൃതദേഹം ഏറ്റുവാങ്ങി. അധികൃതരുടെ നിര്‍ദേശാനുസരണം മൃതദേഹം കാണാന്‍ ശ്രമിക്കാതെ ദഹിപ്പിക്കുകയും ചെയ്തു.

ഇതിനിടെ ബാനര്‍ജിയുടെ അസുഖവും ഗുരുതരമായി. അദ്ദേഹത്തെ ഏഴാം തീയതി ബരാസത്തിലെ ആശുപത്രിയിലേക്കു മാറ്റി. 20 ന് അദ്ദേഹം രോഗമുക്തനായി. സന്ദേശം ലഭിച്ചത് മുഖര്‍ജിയുടെ കുടുംബത്തിനും.

മുഖര്‍ജിയെ കൂട്ടാന്‍ ആശുപത്രിയിലെത്തിയ മകന്‍ സന്ദീപ് കണ്ടത് മറ്റൊരാളെ. പരാതിയെ തുടര്‍ന്നു നടന്ന അന്വേഷണത്തിലാണു രോഗികള്‍ മാറിപ്പോയ കാര്യം വ്യക്തമായത്.

തുടര്‍ന്നു ബാനര്‍ജിയെ അധികൃതര്‍ തന്നെ വീട്ടിലെത്തിച്ചു. ശ്രാദ്ധത്തിനുള്ള ഒരുക്കം നടക്കുന്നതിനിടെയാണ് അദ്ദേഹം വീട്ടിലെത്തിയത്. എന്തായാലും മരിച്ചുവെന്ന് കരുതിയ ആള്‍ തിരിച്ചെത്തിയ സന്തോഷത്തിലാണ് ബാനര്‍ജിയുടെ വീട്ടുകാര്‍.

Related posts

Leave a Comment