മാസങ്ങൾ നീണ്ട തർക്കവും വ്യവഹാരങ്ങൾക്കു ചെലവഴിച്ച ലക്ഷങ്ങളും എഴുതിത്തള്ളി സർക്കാരും ഗവർണറും വൈസ് ചാൻസലർ നിയമനത്തിൽ സമവായത്തിലെത്തി. ഇതു നേരത്തേ ആയിരുന്നെങ്കിൽ സർക്കാരിന്റെ സമയവും ജനങ്ങളുടെ പണവും ലാഭിക്കാമായിരുന്നു. എടുത്തുപറയാൻ രണ്ടു കാര്യങ്ങളാണുള്ളത്. ഒന്നാമത്, സംസ്ഥാനത്തിന്റെ നിയമനാവകാശം സംരക്ഷിക്കാനായിരുന്നു സർക്കാരിന്റെ പോരാട്ടമെങ്കിൽ വിട്ടുവീഴ്ചയിലൂടെ അതു പാളി.
രണ്ടാമത്തെ കാര്യം, നടപടിക്രമങ്ങളിലെ ന്യൂനതകളെ അവസരമാക്കി വൈസ് ചാൻസലർമാരെ നിയമിക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ അവകാശം കവരാൻ കേന്ദ്ര നോമിനിയായ ഗവർണർ ശ്രമിച്ചത് ജനാധിപത്യപരമല്ല. ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ പെരുമാറ്റത്തിലെ സമാനതകൾ പരിശോധിച്ചാൽ കേരള ഗവർണറുടേതും വ്യക്തിപരമായ വാശികൾക്കപ്പുറം കേന്ദ്രതാത്പര്യങ്ങളുടെ നടത്തിപ്പു മാത്രമാണെന്നു കാണാം. ലക്ഷ്യങ്ങളും പരിണതഫലങ്ങളും ഒന്നല്ലെങ്കിലും കേന്ദ്രവും സംസ്ഥാനവും ഏറ്റുമുട്ടുന്പോൾ നഷ്ടപ്പെടുന്നതെന്തോ അതാണ് സമകാലിക ഇന്ത്യയിലെ സ്വതന്ത്ര വിദ്യാഭ്യാസം.
സുപ്രീംകോടതി വരെ എത്തിയ നിയമയുദ്ധത്തിനൊടുവിലാണ് ഗവർണർ രാജേന്ദ്ര അർലേക്കറുടെ താത്പര്യപ്രകാരം, ഡോ. സിസ തോമസിനെ സാങ്കേതിക സർവകലാശാലയിലും, സർക്കാരിന്റെ താത്പര്യപ്രകാരം ഡോ. സജീവ് ഗോപിനാഥിനെ ഡിജിറ്റൽ സർവകലാശാലയിലും വിസിമാരായി നിയമിക്കാൻ തീരുമാനമായത്. ഇനിയും തീരുമാനിച്ചില്ലെങ്കിൽ നേരിട്ടു നിയമനം നടത്തുമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനത്തോടെയാണ് വെടിനിർത്തൽ.
വിസി നിയമനങ്ങളിൽ സുപ്രീംകോടതി നേരിട്ട് ഇടപെടുന്നതും മുൻ സുപ്രീംകോടതി വിധികൾക്കു വിരുദ്ധമായി കോടതി സ്വയം തീരുമാനങ്ങൾ കൈക്കൊള്ളുന്നതും അനുചിതമാണെന്നു ഗവർണർ പരസ്യ നിലപാട് സ്വീകരിച്ചിരുന്നു. പക്ഷേ, ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിന്റെ അവകാശങ്ങൾ എന്തു കാരണത്താലായാലും കവരുന്നത് അനുചിതമാണെന്ന് അദ്ദേഹം കരുതുന്നുമില്ല.
എൻഡിഎ സർക്കാർ ഉന്നതവിദ്യാഭ്യാസ മേഖലയിൽ പിടിമുറുക്കുന്നതും സ്കൂളുകളിൽ ചരിത്രപാഠങ്ങൾ തിരുത്തിയെഴുതുന്നതുമൊക്കെ ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. സർവകലാശാലകളുടെ നിയന്ത്രണമുള്ള യുജിസിക്കും സാങ്കേതികവിദ്യാഭ്യാസ ചുമതലയുള്ള ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷനും ടീച്ചേഴ്സ് എഡ്യുക്കേഷന്റെ ചുമതലയുള്ള നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷനുമൊക്കെ പകരം ഉന്നതവിദ്യാഭ്യാസ കമ്മീഷൻ സ്ഥാപിക്കുന്ന ‘വിക്ഷിത് ഭാരത് ശിക്ഷ അധിഷ്ഠൻ ബിൽ -2025’ കഴിഞ്ഞദിവസം ലോക്സഭയിൽ അവതരിപ്പിച്ചതും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന വിമർശനം ഉയർന്നുകഴിഞ്ഞു.
ആവശ്യമായ ചർച്ചകൾ നടത്താതെ തിടുക്കത്തിൽ അവതരിപ്പിച്ച ബിൽ പ്രതിപക്ഷ സമ്മർദത്തെത്തുടർന്ന് സംയുക്ത പാർലമെന്ററി സമിതിയുടെ പരിശോധനയ്ക്കു വിടേണ്ടിവന്നു. രാഷ്ട്രപതി നിശ്ചയിക്കുന്ന അധ്യക്ഷനോ അധ്യക്ഷയോ ആയിരിക്കും കമ്മീഷന്റെ തലപ്പത്ത്. വിദ്യാഭ്യാസ മേഖലയുടെ നിയന്ത്രണം പടിപടിയായി കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലേക്കു ചുരുക്കുകയാണെന്ന ആരോപണത്തെ ഇതു ബലപ്പെടുത്തും. വൈസ് ചാൻസലർ നിയമനങ്ങളിൽ ഗവർണർമാർക്ക് സമീപകാലത്ത് അമിത താത്പര്യമുണ്ടായതും ഇതോടു ചേർത്തുവായിക്കേണ്ടതാണ്. കേന്ദ്രത്തിന്റെ മൗനവും വാചാലം.
സർവകലാശാലകളിലെ നിയമനങ്ങൾ സുതാര്യമാക്കാൻ സംസ്ഥാനങ്ങൾ പരാജയപ്പെടുന്നുമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ട സ്വാതന്ത്ര്യത്തിൽ കക്ഷിരാഷ്ട്രീയം പിടിമുറുക്കുന്നത് കേരളത്തിലും വിദ്യാഭ്യാസ നിലവാരത്തെ തകർത്തു. രാഷ്ട്രീയാതിപ്രസരവും അക്രമങ്ങളും വിദ്യാർഥികളെ അകറ്റിയിട്ടുമുണ്ട്. സമാന്തരമായി വിദേശ സർവകലാശാലകൾ തുറന്ന് വിദ്യാർഥികളെ ആകർഷിക്കുകയും ചെയ്തു. ഒരു വിഭാഗം വിദ്യാർഥികൾ ഇതര സംസ്ഥാനങ്ങളിലേക്കും പോയി.
സർവകലാശാലകളുടെ മികച്ച റാങ്കിംഗ് പരസ്യങ്ങളൊന്നും ഇത്തരം യാഥാർഥ്യങ്ങളെ അതിജീവിക്കാൻ പര്യാപ്തമല്ല. മറുവശത്ത്, സർക്കാരുകളുടെ തീരുമാനങ്ങളിലെ രാഷ്ട്രീയാതിപ്രസരവും മാനദണ്ഡങ്ങളിലെ പിഴവുമൊക്കെ ബിജെപി ഇതര സംസ്ഥാനങ്ങളിൽ ഗവർണർമാർ പിടിവള്ളിയാക്കുകയാണ്. വൈസ് ചാന്‍സലറെ നിയമിക്കാനുള്ള കമ്മിറ്റികളില്‍ യുജിസി പ്രതിനിധികൂടി വേണമെന്നായിരുന്നു തമിഴ്നാട് ഗവര്‍ണർ ആർ.എൻ. രവിയുടെ ആവശ്യം. കേന്ദ്രത്തിനു മേൽക്കൈ ഉറപ്പാക്കുകയാണു ലക്ഷ്യം.
കേരള ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ആയാലും ഇപ്പോഴത്തെ ഗവർണർ രാജേന്ദ്ര അർലേക്കറായാലും രോഷത്തിൽ ഏറ്റക്കുറച്ചിലുണ്ടെങ്കിലും ഭാഷ ഒരേ അർഥത്തിലാണ്.തങ്ങളെ നിയമിച്ചവരുടെ ഇടുങ്ങിയ താത്പര്യങ്ങൾക്കപ്പുറം സർവകലാശാലകളുടെ അന്തസ് ഉയർത്താൻ വൈസ് ചാൻസലർമാർക്കു കഴിഞ്ഞാൽ, പഠിക്കാൻ വരുന്ന വിദ്യാർഥികൾക്കു ഗുണകരമാകും. വരുന്ന തലമുറയിൽ രൂപപ്പെടേണ്ട പൗരബോധവും സ്നേഹവും സഹിഷ്ണുതയും പ്രതികരണശേഷിയുമാകണം സർവകലാശാലകളുടെ രാഷ്ട്രനിർമിതി.
രാഷ്ട്രീയ പാർട്ടികൾക്കുവേണ്ടിയുള്ള താത്പര്യസംരക്ഷണത്തിന് അതുമായി യാതൊരു ബന്ധവുമില്ല. പുതിയ വൈസ് ചാൻസലർമാർ പുതിയൊരു പാത തുറന്നാൽ കൊടിഭാരമുപേക്ഷിക്കാൻ ധൈര്യമുള്ളവർ പിന്നാലെ വരും. ഉന്നതവിദ്യാഭ്യാസത്തിലെ അധമവ്യാപാരങ്ങൾക്ക് അറുതിയാകട്ടെ.
