തിരുവനന്തപുരം: എന്നും എളിമയുടെ മുഖമാണ് ആദ്യമായി സംസ്ഥാന മന്ത്രിസഭയിലേക്ക് എത്തുന്ന സി.പി. ജോണ്‍. ആത്മബന്ധത്തിലൂടെ ആര്‍ജിച്ച ശക്തമായ ജനപിന്തുണയാണ് എന്നും അദ്ദേഹത്തിന്റെ കരുത്ത്. എല്‍ഡിഎഫിന്റെയും എന്‍ഡിഎയുടെയും ശക്തമായ വെല്ലുവിളികളെ ജനാധിപത്യരീതിയില്‍ അതിജീവിച്ചാണ് സി.പി. ജോണ്‍ തലസ്ഥാന നഗരിയില്‍ യുഡിഎഫ് പതാക പാറിച്ചത് എന്നതും ശ്രദ്ധേയം.
എല്‍ഡിഎഫിന്റെ പക്കല്നിന്നുമാണ് ജോണ്‍ മണ്ഡലം തിരികെപിടിച്ചത്. നഗര പ്രദേശത്തെ വോട്ടുകളും തീരമേഖലയിലെ പരമ്പരാഗത യുഡിഎഫ് വോട്ടുകള്ക്കുമൊപ്പം പുതിയ വോട്ടുകളും യുവജനങ്ങളുടെ വോട്ടുകളും സമാഹരിക്കാനായത് അദ്ദേഹത്തെ അനായാസ വിജയത്തിലേക്കെത്തിച്ചു.
സിപിഎം സ്വതന്ത്രനും ചലച്ചിത്രതാരവുമായ സുധീര്‍ കരമനയെ 9,863 വോട്ടുകള്‍ക്കാണ് സി.പി. ജോണ്‍ പരാജയപ്പെടുത്തിയത്. ജോണ്‍ 45,586 വോട്ടുകള്‍ നേടിയപ്പോള്‍ സുധീറിന് നേടാനായത് 35,723 വോട്ടുകള്‍ മാത്രം. ബിജെപി സ്ഥാനാര്‍ഥി കരമന ജയന് 35,125 വോട്ടുകള്‍ നേടി. പ്രഗത്ഭനായ സംഘാടകനും ആസൂത്രണ ബോര്‍ഡ് മുന്‍ അംഗവുമെന്ന നിലയിലുള്ള പ്രതിച്ഛായയും അദ്ദേഹത്തിനു സഹായകമായി.
രാഷ്ട്രീയ രംഗത്ത് ഒപ്പമുണ്ടായിരുന്നവര്‍ പലരും വളരെ നേരത്തേതന്നെ നിയമസഭയിലും മന്ത്രിസഭയിലും എത്തിയെങ്കിലും കാത്തിരിക്കാനായിരുന്നു സി.പി. ജോണിന്റെ വിധി. 2011ല്‍ കുന്നംകുളത്ത് മത്സരിച്ചെങ്കിലും അപ്രതീക്ഷിതമായി പരാജയം നേരിട്ടു.
2016ല്‍ വീണ്ടും ജനവിധി തേടിയെങ്കിലും വിജച്ചില്ല. ഇടതു പശ്ചാത്തലമുള്ള യുഡിഎഫുകാരന്‍ എന്ന വിശേഷണമാണ് സി.പി.ജോണിന് ഏറെ ഇഷ്ടം. 1980-85 കാലത്ത് എസ്എഫ്ഐ സംസ്ഥാന അധ്യക്ഷനായാണ് സംഘടനാരംഗത്ത് ചുവടുറപ്പിക്കുന്നത്. പിന്നീട് എസ്എഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റായും സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റിലും സിന്‍ഡിക്കറ്റിലും പ്രവര്‍ത്തിച്ച അദ്ദേഹം സിപിഎമ്മില്‍ യുവനിരയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി (സിഎംപി)യിലെത്തുന്നത്. നിലവില്‍ യുഡിഎഫ് സെക്രട്ടറിയും 2014 മുതല്‍ തുടര്‍ച്ചയായി സിഎംപി ജനറല്‍ സെക്രട്ടറിയുമാണ്. എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി സര്‍ക്കാരുകളുടെ കാലത്ത് ആസൂത്രണ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചു.
ഫിസിക്സിലും നിയമത്തിലും ബിരുദമുള്ള സി.പി. ജോണ്‍ എല്‍എല്‍എമ്മും നേടിയിട്ടുണ്ട്. മധ്യപ്രദേശ് കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന പരേതനായ സി.ഐ. പൗലോസിന്റെയും കുന്നംകുളം ഗേള്‍സ് ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് ആയിരുന്ന പരേതയായ റോസ പൗലോസിന്റെയും മകനാണ്. ഭാര്യ: അരുണ വര്‍ക്കി. മക്കള്‍: അപര്‍ണ ജോണ്‍, അഞ്ജന.
