സുന്ദരി നീയും സുന്ദരന്‍ ഞാനും ചേര്‍ന്നിരുന്നാല്‍ പിന്നെ ‘ഡൈവോഴ്‌സ്’ ! ഐസോലേഷനില്‍ വീട്ടില്‍ ഒരുമിച്ച് ഏറെ നേരം കഴിഞ്ഞതിനെത്തുടര്‍ന്ന് ചൈനയില്‍ വിവാഹമോചനം കൂടുന്നു; 21ദിവസത്തിനുള്ളില്‍ 300 ഡൈവോഴ്‌സുകള്‍…

കോവിഡ് ബാധയില്‍ നിന്ന് രക്ഷനേടാന്‍ ഭാര്യാഭര്‍ത്താക്കന്മാരെ ഐസൊലേഷനില്‍ ആക്കിയ ചൈനീസ് ഗവണ്‍മെന്റ് ഇങ്ങനെയൊരു സംഭവം പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഐസൊലേഷന്‍ മൂലം ചൈനയില്‍ വിവാഹമോചനക്കേസുകള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്.

രോഗബാധ തടയാനായി സൃഷ്ടിച്ച് നിര്‍ബ്ബന്ധിത ഐസൊലേഷനില്‍ ഭാര്യയും ഭര്‍ത്താവും വീടുകളില്‍ ഒരുമിച്ച് പതിവിലും കൂടുതല്‍ സമയം കഴിയേണ്ടി വന്നതാണ് കാരണമായി പറയുന്നത്.

കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ 300 വിവാഹമോചനങ്ങളാണ് നടന്നത്. കൊറോണ പൊട്ടിപ്പുറപ്പെട്ടതിനു മുമ്പുള്ള കാലത്തെ അപേക്ഷിച്ച് വിവാഹമോചനം വന്‍തോതില്‍ വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ക്വാറന്റൈന്റെ ഭാഗമായി പങ്കാളികള്‍ അടച്ചിട്ട മുറികളില്‍ അധികം സമയം ചെലവഴിച്ചത് വഴക്കും പിണക്കവും കൂട്ടിയെന്നും ഇത് വിവാഹമോചനം പെരുകാന്‍ കാരണമായതായും വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

യുവ ദമ്പതികള്‍ പതിവിലും കൂടുതല്‍ സമയം വീട്ടിനുള്ളിലാണ് കഴിഞ്ഞത്. ഇത് ചെറിയ കാര്യങ്ങളില്‍ പോലും ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ വലിയ വഴക്കിലേക്ക് മാറ്റി. കൊറോണ മൂലം ഒരു മാസം അടച്ചിട്ട ശേഷം വീണ്ടും തുറന്നപ്പോള്‍ വലിയ തോതില്‍ അപേക്ഷകളാണ് വന്നതെന്ന് വിവാഹ റജിസ്ട്രേഷന്‍ ഓഫീസ് പറയുന്നു. ദിവസേന എത്തുന്നത് 14 വിവാഹമോചന അപേക്ഷകള്‍ വരെയാണ്.

ദക്ഷിണ ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയില്‍ ഒരു ദിവസം മാത്രം കിട്ടിയത് 10 ബന്ധം പിരിയല്‍ അപേക്ഷയായിരുന്നു. ഇതോടെ ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് കഴിയുന്നതാണോ അകന്നു കഴിയുന്നതാണോ നല്ലതെന്ന രീതിയിലുള്ള ചര്‍ച്ചകളും ചൈനയില്‍ സജീവമായിട്ടുണ്ട്. 2018 ലെ ഒരു പഠനം അനുസരിച്ച ആദ്യ ഒരു വര്‍ഷം ഭാര്യയും ഭര്‍ത്താവും ഒരുമിച്ചിരിക്കുന്നത് വിവാഹമോചനം കുറയ്ക്കും.

എന്നാല്‍ അഞ്ചു വര്‍ഷം ഭാര്യയൂം ഭര്‍ത്താവും ഒരുമിച്ച് കൂടുതല്‍ സമയം ചെലവഴിച്ചാല്‍ വിവാഹ മോചന സാധ്യത വളരെ കൂടുതലാകും. വിവാഹമോചനം ഒഴിവാക്കാനും പ്രണയം എന്നുമെന്നും നില നില്‍ക്കാനും ലിവിംഗ് ടുഗദറാണ് നല്ലതെന്നും അഭിപ്രായമുണ്ട്. എന്തായാലും കൊറോണ കുടുംബം കുട്ടിച്ചോറാക്കുമോയെന്ന ആശങ്കയിലാണ് പല ചൈനക്കാരും എന്നാണ് വിവരം.

Related posts

Leave a Comment