കോട്ടയം: പ്രചാരണത്തില്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ഇനിയുള്ള ദിവസങ്ങളില്‍ നന്നേ വിയര്‍ക്കും. പ്രചാരണത്തിന് മൂന്ന് ആഴ്ച തികച്ചില്ലെന്നിരിക്കേ 37 ഡിഗ്രി പകല്ച്ചൂടില് ഒരു വട്ടം മാത്രം ഓട്ടപ്രദക്ഷിണം നടത്തണം. നിയമസഭാ ഇലക്ഷനില്‍ ഒരു സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാന്‍ ഇലക്ഷന് കമ്മീഷന് പരിധി വച്ചിരിക്കുന്നത് 40 ലക്ഷം രൂപയാണ്.
28 ലക്ഷം പരിധിയില്‍നിന്ന് തുക വര്‍ധിപ്പിച്ചത് 2022ലാണ്. റംസാന്, പെസഹാ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ എന്നിങ്ങനെ നാല് അവധി ദിനങ്ങളാണ് ഇതിനിടെ വരുന്നത്. ഇതോടെ നാല് ദിവസങ്ങളിലെ പ്രചാരണം മന്ദഗതിയിലാകും. പക്ഷേ, പോരാട്ടം ആവേശത്തിന്റെ അവസാന ലാപ്പിലെത്തുമ്പോള്‍ ചെലവ് കോടികള്‍ കടക്കും. പോസ്റ്റര്‍, ബാനര്‍, ചുവരെഴുത്ത്, മൈക്ക് പ്രചാരണം, കണ്വന്ഷന്, റോഡ് ഷോ, കൊട്ടിക്കലാശം എന്നിങ്ങനെ ദിവസവും നാലഞ്ചു ലക്ഷങ്ങള്‍ സ്ഥാനാര്‍ഥിയോ പാര്‍ട്ടിയോ വാരിയെറിയുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നത്.
പരസ്യപ്രചാരണത്തിന് ഇനി രണ്ടാഴ്ചയേ ബാക്കിയുള്ളൂ. ഓശാന ഞായര്‍കൂടി കൂട്ടിയാല്‍ അഞ്ച് ദിവസങ്ങളിലെ പ്രചാരണം മന്ദഗതിയിലാകും. ഞായറാഴ്ചകളാണ് എല്ലാ തെരഞ്ഞെടുപ്പുകളുടെയും പ്രചാരണത്തിന്റെ നിര്‍ണായക ദിനം. എന്നാല്‍ ഇനിയുള്ള മൂന്നു ഞായറാഴ്ചകളില്‍ ഓശാനയും ഈസ്റ്ററും വരുന്നതോടെ ആ ദിവസത്തെ പ്രചാരണം മന്ദഗതിയിലാകും.
പ്രചാരണ ദിവസങ്ങള്‍ കുറഞ്ഞത് ഒരു പരിധിവരെ സ്ഥാനാര്‍ഥിക്ക് ചെലവ് കുറയാന്‍ സഹായകരമാകുമെങ്കിലും അധ്വാനം ഏറുമെന്നതാണ് പരിമിതി. നിയോജകമണ്ഡലം പരിധിയിലെ ഓരോ ബൂത്തിലേക്ക് വരെ ചെലവുകാശു നല്‍കേണ്ട സാഹചര്യത്തില്‍ ചെറുതല്ല ഇലക്ഷന് ബാധ്യത. മണ്ഡലത്തിന്റെയും എതിര് സ്ഥാനാര്‍ഥിയുടെയും വലിപ്പം അനുസരിച്ച് ചെലവില്‍ വ്യതിയാനം വരും.
10 മുതല്‍ 14 വരെ ഗ്രാമ പഞ്ചായത്തുകളോ കോര്പറേഷന്, നഗരസഭാ വാര്‍ഡുകളോ ഉള്‍പ്പെടുന്നതാണ് ഓരോ നിയമസഭാ മണ്ഡലവും. മലയോരമേഖലയിലെ പ്രചാരണം സ്ഥാനാര്‍ഥികള്‍ക്ക് ഏറെ ദുഷ്കരമാണ്. വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള സാമ്പത്തിക സഹായവും ഇലക്ഷന് ഫണ്ടുമാണ് പ്രധാന വരുമാനം.
പശ്ചിമേഷ്യന്‍ സംഘര്‍ഷസാഹചര്യത്തില്‍ ഗള്‍ഫ് മേഖലയിൽനിന്നു പണം വരവ് നന്നായി കുറയും. ഗള്‍ഫിലെ സുഹൃത്തുക്കളുടെ സംഭാവന നിലയ്ക്കുമ്പോള്‍ ആ ബാധ്യതയും സ്ഥാനാര്‍ഥി ഏറ്റെടുക്കണം.കേരളത്തില്‍ നിയമസഭാ ഇലക്ഷന് ആദ്യഘട്ടത്തിലായതും അല്പം ആശ്വാസമായി.
തെരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍ ആയിരുന്നെങ്കില്‍ ചെലവ് എട്ടു പത്തും കോടികള്‍ കടന്നേനേ. റോഡ് ഷോയ്ക്കും കൊട്ടിക്കലാശത്തിനുമാണ് ചെലവ് ഏറുക. വാഹനച്ചെലവും ഭാരിച്ചതാണ്. ഇത്തരത്തില്‍ പോളിംഗ് ദിവസത്തേക്കു മാത്രം അര കോടിയോളം രൂപയാണ് ഓരോ മണ്ഡലത്തിലും വേണ്ടിവരിക.
മുന്നണി സ്ഥാനാര്‍ഥികളുടെ പൊതുവായ ചെലവുകള്‍ അതാത് പാര്‍ട്ടികള്‍ വഹിക്കുമെങ്കിലും നല്ലൊരു വിഹിതം ഓരോ സ്ഥാനാര്‍ഥിയും കണ്ടെത്തണം. പാചക വാതക ക്ഷാമം ഇലക്ഷന് പ്രചാരണത്തെ ഇക്കുറി സാരമായി ബാധിക്കും. ഹോട്ടലുകള്‍ അടഞ്ഞതോടെ പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ മറ്റ് വഴികള്‍ കണ്ടെത്തണം. എന്നാല്ഫ്ളക്സ് പ്രിന്റിംഗ് സ്ഥാപനങ്ങള്‍ക്കും മറ്റ് പ്രചാരണ ഉപാധികള്‍ക്കും ഇലക്ഷന് കാലം വലിയ നേട്ടമാണ്. അച്ചടിശാലകള്‍ രണ്ടു ദിവസമായി 24 മണിക്കൂറും പ്രവര്‍ത്തനത്തിലാണ്. ഫ്ളക്സ് തയാറാക്കുന്ന സാഹചര്യത്തില്‍ അറക്കമില്ലുകളില് പാഴ്തടിക്കും വിലയേറിയിട്ടുണ്ട്.
റെജി ജോസഫ്
