ന്യൂഡൽഹി: ഇന്ത്യയിൽ സ്റ്റാർലിങ്ക് തടസപ്പെടുത്തുന്നത് ചില വൻകിട വ്യവസായികളാണെ ആരോപണവുമായി ഇലോൺ മസ്ക്. ഇന്ത്യക്കാരുടെ മേൽ തങ്ങളുടെ കുത്തക നിലനിർത്താൻ വേണ്ടിയാണ് ഇത്തരക്കാർ ശ്രമിക്കുന്നതെന്നും മസ്ക് സോഷ്യൽ മീഡിയയായ എക്സിൽ കുറിച്ചു.
ഇന്ത്യക്ക് സ്റ്റാർലിങ്ക് സേവനങ്ങൾ അത്യാവശ്യമാണെന്ന ഒരു എക്സ് ഉപയോക്താവിന്റെ കുറിപ്പിന് മറുപടിയായാണ് മസ്ക് ഈ രൂക്ഷവിമർശനം ഉന്നയിച്ചത്. “നിർഭാഗ്യവശാൽ ചില വൻകിട വ്യവസായികൾ ഇന്ത്യക്കാരുടെ മേലുള്ള തങ്ങളുടെ കുത്തക നിലനിർത്താനായി ഞങ്ങളെ തടസപ്പെടുത്തുകയാണ്. അവർ ആരാണെന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ… ഇത് ഇന്ത്യൻ ജനതയോട് ചെയ്യുന്ന വലിയ തെറ്റാണ്” എന്നായിരുന്നു മസ്കിന്റെ പ്രതികരണം.
ഇന്ത്യയിലെ ടെലികോം വിപണിയിൽ പ്രമുഖ സ്ഥാനത്തുള്ള റിലയൻസ് ജിയോ (മുകേഷ് അംബാനി), ഭാരതി എയർടെൽ (സുനിൽ ഭാരതി മിത്തൽ) എന്നിവരെ ലക്ഷ്യമിട്ടാണ് മസ്കിന്റെ ഈ പരോക്ഷ വിമർശനമെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള ഭൂരിഭാഗം സാങ്കേതിക അനുമതികളും സ്റ്റാർലിങ്ക് നേടിയെങ്കിലും സുരക്ഷാ അനുമതിയും അന്തിമ എഫ്ഡിഐ അനുമതിയും ഇപ്പോഴും ലഭിച്ചിട്ടില്ല.
