‘രാത്രിയേറെയായപ്പോള്‍ അച്ചാച്ചന്‍ എന്നോടു പറഞ്ഞു, നീ കാറെടുക്ക് നമുക്ക് പാലാ ടൗണ്‍ ഒന്ന് ചുറ്റണം’ ! വികാര നിര്‍ഭരമായ പ്രസംഗവുമായി ജോസ് കെ മാണി…

കേരളാരാഷ്ട്രീയത്തിലെ എക്കാലത്തെയും തിളക്കമുള്ള വ്യക്തിത്വങ്ങളിലൊന്നായ കെ.എം മാണിയുടെ 88-ാം ജന്മദിനമാണ് കഴിഞ്ഞു പോയത്.

കെ.എം മാണിയുടെ 88-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഹൃദയത്തില്‍ മാണി സാര്‍’ എന്ന പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് പാലായില്‍ നടത്തിയ പൊതു സമ്മേളനത്തില്‍ ജോസ് കെ മാണി നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

കെ എം മാണിയെന്ന അതികായന്റെ ഇതുവരെ ആരുമറിയാത്ത അവസാന ആഗ്രഹത്തെക്കുറിച്ചാണ് ജോസ് കെ മാണി സമ്മേളനത്തില്‍ വികാരാധീനനായത്.

രോഗം മൂര്‍ച്ഛിച്ചിരുന്ന കാലത്ത് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മാണിയെ ഇടയ്ക്കിടെ കൊണ്ടു പോകുമായിരുന്നു. എന്നാല്‍ ക്ഷീണം നാമമാത്രം കുറഞ്ഞാല്‍ തന്നെ പാലായിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്. അതായിരുന്നു പാലായും അദ്ദേഹവും തമ്മിലുള്ള ഹൃദയബന്ധം.

ഇത്തരത്തില്‍ ഒരു ഘട്ടത്തില്‍ ആരോഗ്യ നില ആകെ വഷളായി ആശുപത്രിയില്‍ കഴിയേണ്ടി വന്നപ്പോഴും ആരോഗ്യനിലയില്‍ നേരിയ പുരോഗതി വന്നപ്പോള്‍ അത്യാവശ്യമായി പാലായിലേക്ക് പോകണമെന്നായിരുന്നു അച്ചാച്ചന്‍ പറഞ്ഞതെന്നും ജോസ് കെ മാണി പറയുന്നു.

ഡോക്ടര്‍മാര്‍ യാത്ര വിലക്കിയിട്ടും ഒടുവില്‍ അവര്‍ മാണിയുടെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു. അങ്ങനെ സന്ധ്യയോടെ പാലായിലെ വീട്ടിലെത്തി. ഇതറിഞ്ഞ് നാട്ടുകാര്‍ എല്ലാവരും അദ്ദേഹത്തെ കാണാനായി വീട്ടിലേക്കെത്തി. എല്ലാവരും പോയിക്കഴിഞ്ഞ് പാതിരാത്രിയിലാണ് അച്ചാച്ചന്‍ തന്റെ ആഗ്രഹം പറഞ്ഞതെന്ന് ജോസ് കെ മാണി പറയുന്നു.

പാലാ നഗരത്തില്‍ ഒന്നു ചുറ്റണം എന്നതായിരുന്നു ആ ആഗ്രഹം. അങ്ങനെ പഴ്‌സണല്‍ സ്റ്റാഫ് പോലുമറിയാതെ അച്ചാച്ചനും താനും കാറില്‍ പാലാ ടൗണ്‍ ചുറ്റിയെന്നും ജോസ് കെ മാണി പറയുന്നു.

തിരികെ പോരാന്‍ നേരം കുരിശുപള്ളിയ്ക്കു മുമ്പില്‍ കാര്‍ നിര്‍ത്തി രണ്ടു മിനിറ്റ് പ്രാര്‍ഥിച്ചുവെന്നും ഈ സമയത്ത് കാറില്‍ നിന്ന് ഇറങ്ങാനുള്ള ആരോഗ്യം പോലും അദ്ദേഹത്തിനില്ലായിരുന്നുവെന്നും അത് ജീവനോടെ പാലായിലേക്കുള്ള അദ്ദേഹത്തിന്റെ അവസാന യാത്രയായിരുന്നുവെന്നും ജോസ് കെ മാണി വികാരനിര്‍ഭരനായി പറഞ്ഞു.

പാലായാണ് തന്റെ ജീവിതവും ലോകവുമെന്ന് അച്ചാച്ചന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ടെന്നും അടിമുടി സ്നേഹത്തിന്റെ രാഷ്ട്രീയമായിരുന്നു അദ്ദേഹത്തിന്റേതെന്നും താനും ആ വഴിയെ പോകാനാണ് ശ്രമിക്കുന്നതെന്നും പറഞ്ഞാണ് ജോസ് കെ മാണി തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.

Related posts

Leave a Comment