നിര്‍മാണച്ചിലവ് 543 കോടി രൂപ ! റിലീസിംഗിനു മുമ്പേ വാരിയത് 490 കോടി രൂപ; എന്തിരന്‍-2ന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ ഇങ്ങനെ…

റിലീസ് ആകുംമുമ്പേ സംഭവമായിരിക്കുകയാണ് രജനീകാന്ത് നായകനായി എത്തുന്ന എന്തിരന്‍-2.പ്രീ-റീലീസ് ബിസിനസില്‍ ഇതിനോടം ബാഹുബലി-2ന്റെ റിക്കാര്‍ഡ് മറികടന്നാണ് രജനീകാന്ത് ചിത്രത്തിന്റെ മുന്നേറ്റം. 543 കോടി രൂപ മുതല്‍മുടക്കിലെത്തുന്ന ചിത്രം ഇതിനോടകം 490 കോടി രൂപ നേടിക്കഴിഞ്ഞുവെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം 120 കോടി രൂപ ചിത്രം സ്വന്തമാക്കിയെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് രാമേഷ് ബാല ട്വീറ്റ് ചെയ്തു. ഡിജിറ്റല്‍, സാറ്റലൈറ് അവകാശങ്ങള്‍ വിറ്റയിനത്തില്‍ മാത്രം ചിത്രം നേടിയിരിക്കുന്നത് ഭീമന്‍ തുകകളാണ്. മുടക്കുമുതലിന്റെ പകുതി ഇതിനോടകം തിരികെ നേടി കഴിഞ്ഞു. തെലുങ്കാന/ആന്ധ്രാ പ്രദേശ്, കേരളം, കര്‍ണാടക, വടക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ വിതരണാവകാശം വിറ്റെങ്കിലും, തമിഴ്‌നാട്ടിലെയും, വിദേശത്തെയും വിതരണാവകാശം നിര്‍മാതാക്കളായ ലൈക്ക നിലനിര്‍ത്തുകയായിരുന്നു. ഇവിടങ്ങളിലെ ഉയര്‍ന്ന വാണിജ്യമൂല്യം കണക്കിലെടുത്താണിതെന്നു ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ട് മണിക്കൂര്‍ 29 മിനിറ്റാണ് സിനിമയുടെ ൈദര്‍ഘ്യം. ചിത്രത്തിനു യു/എ സര്‍ട്ടിഫിക്കറ്റ് ആണ്. സാറ്റലൈറ് അവകാശം: 120 കോടി (എല്ലാ പതിപ്പുകളും ചേര്‍ത്ത്), ഡിജിറ്റല്‍ അവകാശം: 60 കോടി (എല്ലാ വേര്‍ഷനുകളും),വടക്കേ ഇന്ത്യയിലെ തിയറ്റര്‍ വിതരണാവകാശം: 80 കോടി (അഡ്വാന്‍സ് അടിസ്ഥാനത്തില്‍), ആന്ധ്രാ/തെലുങ്കാന തിയറ്റര്‍ വിതരണാവകാശം: 70 കോടി,കര്‍ണാടക തിയറ്റര്‍ വിതരണാവകാശം: 25 കോടി, കേരളം തിയറ്റര്‍ വിതരണാവകാശം: 15 കോടി, ആകെ: 370 കോടി.ഇതിനൊപ്പം അഡ്വാന്‍സ് ബുക്കിങില്‍ നിന്നും ലഭിച്ച 120 കോടി ചേര്‍ക്കുമ്പോള്‍ ചിത്രം റിലീസിനു മുമ്പേ വാരിയത് 490 കോടി. ഒരു തമിഴ് സിനിമക്ക് ലഭിക്കുന്ന ഉയര്‍ന്ന തുകയാണിത്.

ലോകമെമ്പാടുമായി 10000 സ്‌ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ഏറ്റവും കൂടുതല്‍ സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്ന തമിഴ് സിനിമയെന്ന റെക്കോര്‍ഡാകും 2.0 സ്വന്തമാക്കുക. ലോകത്തൊട്ടാകെയുള്ള മൂവായിരത്തോളം വരുന്ന സാങ്കേതിക വിദഗ്ധര്‍ സിനിമയുടെ ഭാഗമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഹോളിവുഡ് സിനിമകളുടെ നിലവാരത്തോട് 2.0 കിടപിടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇന്ത്യയിലെ ആദ്യത്തെ 75 മില്യന്‍ ഡോളര്‍ വിഎഫ്എക്‌സ് വണ്ടര്‍ എന്നാണ് ഹോളിവുഡിലെ വൈറൈറ്റി മാസിക ചിത്രത്തെ വിശേഷിപ്പിച്ചത്. രാജമൗലിയുടെ ബാഹുബലി രണ്ടുഭാഗങ്ങളുടെ മുതല്‍മുടക്ക് നോക്കിയാലും 2.0യുടെ ഒപ്പമെത്തില്ല.

Related posts