എരുമേലി: ചെക്ക്ഡാം നിർമിച്ചപ്പോൾ ഷട്ടറുകൾ ഉണ്ടായിരുന്നു. വരൾച്ചയിലായിരുന്ന തോട്ടിൽ അതോടെ വെള്ളം സമൃദ്ധമായി മാറി. എന്നാൽ, ഷട്ടറുകൾ ഊരിക്കൊണ്ടുപോയതോടെ വെള്ളം വറ്റി പ്രയോജനമില്ലാതെ വെറുതെയായി ചെക്ക്ഡാം. കരിങ്കല്ലുമ്മുഴിയിൽ റാന്നി റോഡിലെ പാലത്തിന് താഴെ എരുമേലി വലിയ തോട്ടിൽ നിർമിച്ച ചെക്ക്ഡാമാണ് നാടിന് ഉപകാരമില്ലാതായത്. ശബരിമല തീർഥാടകർ കുളിക്കുന്ന വലിയമ്പല കുളിക്കടവിൽ ശബരിമല സീസണിലെ വരൾച്ചയും ജലക്ഷാമവും ഒഴിവാക്കാൻ മൈനർ ഇറിഗേഷൻ വകുപ്പാണ് ചെക്ക്ഡാം നിർമിച്ചത്.
2017 ഏപ്രിൽ 15നാണ് ചെക്ക്ഡാം നിർമാണം പൂർത്തിയായത്. ഇതോടെ ഷട്ടറുകളിൽ വെള്ളം നിറഞ്ഞ് തോട് ജലസമൃദ്ധിയിലായത് നാട്ടുകാരെയെല്ലാം സന്തോഷത്തിലാക്കിയിരുന്നു. അന്നെടുത്ത ചിത്രം ചെക്ക്ഡാം എത്ര മാത്രം ഗുണം ചെയ്തെന്നുകൂടി വ്യക്തമാക്കുന്നതാണ്. എന്നാൽ, ഇപ്പോഴത്തെ ദൃശ്യത്തിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ വേനൽ മഴ ലഭിച്ചിട്ടും ചെക്ക്ഡാമിൽ വെള്ളം ഒട്ടുമില്ലെന്നുള്ളത് വ്യക്തമാണ്.
ഷട്ടറുകൾ ഉണ്ടായിരുന്നുവെങ്കിൽ ഈ അവസ്ഥ സംഭവിക്കില്ലായിരുന്നു. ഷട്ടറുകൾ ഊരിക്കൊണ്ടുപോയത് മൈനർ ഇറിഗേഷൻ വകുപ്പാണെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, ഇതേപ്പറ്റി അറിയില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.ഊരിമാറ്റിയ ഷട്ടറുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് കത്ത് നൽകുമെന്നും വിഷയം പഞ്ചായത്ത് കമ്മിറ്റിയിൽ ഉന്നയിക്കുമെന്നും കരിങ്കല്ലുമ്മുഴി തോട് ഉൾപ്പെടുന്ന പൊരിയന്മല വാർഡ് അംഗം അൻസാരി പാടിക്കൽ പറഞ്ഞു.
ചെക്ക്ഡാമിന് ഒരു ഫ്ലാഷ് ബാക്ക്
കരിങ്കല്ലുമ്മുഴിയിലെ ചെക്ക്ഡാമിന് ഒരു ഫ്ലാഷ് ബാക്ക് കൂടിയുണ്ട്. നാട്ടുകാർ ശക്തമായ എതിർപ്പുമായി എത്തിയതോടെ അധികൃതർ തങ്ങൾക്ക് പറ്റിയ അബദ്ധം തിരുത്തേണ്ടി വന്നതാണ് ആ ഫ്ലാഷ് ബാക്ക്.അയ്യപ്പഭക്തർ കുളിക്കുന്ന വലിയമ്പല കടവിൽ വെള്ളം കിട്ടാൻ ചെക്ക്ഡാം നിർമിക്കാൻ ആരംഭിച്ചത് കുളിക്കടവിന് താഴെ ഒരു കിലോമീറ്റർ അകലെ കൊരട്ടി റോട്ടറി ക്ലബ് വെയ്റ്റിംഗ് ഷെഡിന് സമീപത്തായിരുന്നു.
ഇത് വിവാദമായി. ഇരുവശത്തും സംരക്ഷണ ഭിത്തികൾ നിർമിച്ചതോടെയാണ് ചെക്ക്ഡാം നിർമാണമാണെന്ന് നാട്ടുകാർ അറിഞ്ഞത്. അയ്യപ്പഭക്തർ കുളിക്കുന്ന ക്ഷേത്ര കുളിക്കടവിന് ഇത് പ്രയോജനകരമല്ലാത്തതിനാൽ നാട്ടുകാർ നിർമാണം തടയുകയായിരുന്നു.
സംഘടിച്ചെത്തിയ നാട്ടുകാർ നിർമാണ സാധനങ്ങളെടുത്തു തോട്ടിലെറിഞ്ഞു. തുടർന്നാണ് കരിങ്കല്ലുമ്മുഴിയിലേക്ക് മാറ്റി നിർമാണം നടത്തിയത്.
