മങ്കൊമ്പ്: ” വെള്ളം വെള്ളം സർവ്വത്ര വെള്ളം… കുടിക്കാനൊരിറ്റു വെള്ളമില്ല” കുട്ടനാട്ടിലെ പല പഞ്ചായത്തുകളിലും കാലങ്ങളായി തുടരുന്ന ദുരവസ്ഥയാണിത്. മഴക്കാലംമുഴുവൻ നീളുന്ന വെള്ളക്കെട്ടു ദുരിതങ്ങൾക്കിടയിലും കുടിവെള്ളമില്ലാതെ വലയുന്ന നീലംപേരൂരിലെ ജനങ്ങൾക്കു പ്രതീക്ഷയേകി വാലടിയിലിപ്പോൾ പുതിയ വാട്ടർടാങ്കിന്റെ നിർമ്മാണം പുരോഗമിക്കുയാണ്.
പാടശേഖരങ്ങളിൽ രണ്ടാംകൃഷിക്കുവേണ്ടിയുള്ള പന്പിംഗ് ഇല്ലാതെ വന്നാൽ ജൂൺമുതലുള്ള ആറുമാസക്കാലം നിരന്തരം മലിനജലവുമായി സന്പർക്കത്തിലാകാൻ നിർബന്ധിതരാകാറുള്ളവരാണ് ഇവിടുത്തെ ജനങ്ങൾ. വെള്ളക്കെട്ടിനു പരിഹാരം കാണാൻ മന്ത്രിസഭയെടുത്ത തീരുമാനവും, നിയന്ത്രിതപന്പിംഗ് സംബന്ധിച്ചുള്ള ഗ്രാമപഞ്ചായത്ത് ബഡ്ജറ്റിലെ പ്രഖ്യാപനങ്ങളുമൊക്കെ ഇത്തവണയും ജലരേഖയായി മാറുകയാണുണ്ടായത്. ഇത്തരത്തിൽ ജലത്താൽ മുറിവേൽപ്പിക്കപ്പെടുന്പോഴും കുടിവെള്ളം കിട്ടാക്കനിയായിതുടരുന്ന അവസ്ഥയ്ക്ക്, കുട്ടനാട് കുടിവെള്ള പദ്ധതി പ്രകാരമുള്ള ടാങ്ക്പണി പൂർത്തിയാകുന്നതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ഒന്നര പതിറ്റാണ്ടിലേറെയായി കുടിവെള്ളത്തിനായുള്ള നാട്ടുകാരുടെ ആവശ്യത്തിനാണ് ഫലം കണ്ടുതുടങ്ങുന്നത്. അഞ്ചരലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഓവർഹെഡ് ടാങ്കാണ് നിർമിക്കുന്നത്. സൂര്യ കൺസ്ട്രക്ഷൻ കമ്പിനിയാണ് നിർമാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. 300 കോടി രൂപയാണ് പദ്ധതിക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തേ ടാങ്കിനുള്ള പൈലിംഗ് ജോലികൾ പൂർത്തിയായിരുന്നു. ഇപ്പോൾ പൈൽ ക്യാപ് പണികളാണ് നടക്കുന്നത്. നീരേറ്റുപുറം പ്ലാന്റിൽനിന്നു കുടിവെള്ളം വാലടിയിലെ ടാങ്കിൽ സംഭരിച്ച് അവിടെനിന്ന് നീലംപേരൂരിന്റെ വിവിധ പ്രദേശങ്ങളായ വാലടി, നാരകത്തറ, ചേന്നംങ്കരി, പയറ്റുപാക്ക, കുമരംങ്കരി തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് പ്രയോജനപ്പെടുത്തുന്ന തരത്തിലാണ് വിഭാവനം ചെയ്യുന്നത്. നീരേറ്റുപുറത്തുനിന്നും കുടിവെള്ളമെത്തിക്കുന്നതിനുള്ള പ്രധാന പൈപ്പുലൈനുകൾ നേരത്തേതന്നെ സ്ഥാപിച്ചിരുന്നു.
ഇതിനുപിന്നാലെ ഭൂരിഭാഗം പ്രദേശങ്ങളിലും വിതരണ ലൈനുകൾ സ്ഥാപിക്കുന്ന ജോലികളും പൂർത്തിയായിട്ടുണ്ട്. എന്നാൽ, പൈപ്പുകൾ സ്ഥാപിക്കുന്നതിനായി കുഴിച്ച കുഴികൾ ഇനിയും മൂടിയിട്ടില്ല. ഇത് ജനങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇതുമൂലം അടുത്തകാലത്തായി നിർമിച്ചതും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ പല റോഡുകളും തകർന്ന നിലയിലാണ്.
റോഡുകൾ കുഴിക്കാൻ കാട്ടിയ താത്പര്യം മൂടുന്ന കാര്യത്തിൽ വാട്ടർ അഥോറിറ്റി കാട്ടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡുകളുടെ ശോചനീയാവസ്ഥ മൂലമുണ്ടാകുന്ന അപകടങ്ങൾ നിരവധിയാണ്. കുടിവെള്ളവിതരണത്തിനുള്ള ജോലികളോടൊപ്പം റോഡ് ശരിയാക്കുന്നതിലും വാട്ടർ അഥോറിറ്റി ശ്രദ്ധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിയന്ത്രിതപന്പിംഗ് പോലുള്ള ദുരിതനിവാരണ പദ്ധതികൾ പ്രഖ്യാപനങ്ങളിലൊതുങ്ങുന്ന ആസൂത്രണപ്പിഴവ് പരിഹരിക്കുന്നതിനായി വിവിധവകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഭരണതല തീരുമാനങ്ങളുണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
