കോട്ടയം: കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച എഫ്സിആര്‍എ ഭേദഗതി ബില്ലും നിര്‍ദിഷ്ട ക്രിസ്ത്യന്‍ ലോ ബോര്‍ഡും പഞ്ചസാരയില്‍ പൊതിഞ്ഞ വിഷമാണെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി.രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ തടയാനാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം.
അങ്ങനെയാണെങ്കില്‍ ക്രൈസ്തവ മിഷണറിമാര്‍ നടത്തുന്ന നൂറുകണക്കിനു സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കാതെ തടഞ്ഞുവച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ബിജെപി വ്യക്തമാക്കണമെന്നും ജോസ് കെ. മാണി പറഞ്ഞു.
എന്തു രാജ്യദ്രോഹ പ്രവര്‍ത്തനമാണ് ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്ന ക്രൈസ്തവ മിഷണിമാര് ചെയ്തതെന്ന് ബിജെപി വ്യക്തമാക്കണം. ഇതേപോലെ തന്നെയാണ് ക്രിസ്ത്യന്‍ ലോ ബോര്‍ഡ് രൂപീകരിക്കാനുള്ള നീക്കവും കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്.
മതപരമായ കാര്യങ്ങളില്‍ ക്രൈസ്തവ സഭയ്ക്ക് സഭയുടെതായ നിയമങ്ങളുണ്ട്. ആദ്യ കുര്‍ബാന സ്വീകരണവും മാമോദീസയടക്കമുള്ള കൂദാശകളില്‍ പോലും കൈകടത്താനുള്ള നീക്കമാണ് നടത്തുന്നതെന്നും ക്രൈസ്തവ അനുഷ്ഠാനങ്ങളില്‍ സഭയുടെ നിയമങ്ങള്‍ക്ക് പകരം ഒരു പൊതു നിയന്ത്രണവും ഉദ്യോഗസ്ഥ നിയന്ത്രണങ്ങളും കൊണ്ടുവരികയെന്ന ഗൂഢലക്ഷ്യമാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്ക്കാരിനുള്ളതെന്ന വ്യക്തമാണെന്നും അദേഹം വിമര്‍ശിച്ചു.
ഇന്ത്യയുടെ ഭരണഘടന മതന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പ് നല്കുന്ന എല്ലാ അവകാശങ്ങളിലും സ്വാതന്ത്ര്യങ്ങളിലും ബിജെപി സര്‍ക്കാര്‍ വെള്ളം ചേര്‍ക്കുകയാണ്. ക്രൈസ്തവ മിഷണറിമാര്‍ നടത്തുന്ന സാമൂഹിക സേവന പ്രവര്‍ത്തനങ്ങളെ തടയുക എന്ന ഏകലക്ഷ്യമാണ് ഈ നീക്കങ്ങളുടെയെല്ലാം പിന്നില്‍. ഭാരതത്തിലെ ക്രൈസ്തവ സഭകളുടെ മുകളില്‍ ഉദ്യോഗസ്ഥ നിയന്ത്രണമേര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ അങ്ങേയറ്റം പ്രതിഷേധവും ഭരണഘടനാ വിരുദ്ധവുമാണെന്നും ഈ നീക്കങ്ങള്‍ വിശ്വാസി സമൂഹം ശ്രദ്ധയോടെ വിലയിരുത്തണമെന്നും ജോസ് കെ. മാണി പറഞ്ഞു.
