ഫോർട്ടുകൊച്ചി: ഫോര്‍ട്ട്കൊച്ചി കടല്‍ത്തീരം വീണ്ടും മാലിന്യ തീരമായി മാറി. കായലില്‍ നിന്നൊഴുകിയെത്തുന്ന പായലുകള്‍ക്ക് പുറമേ മാലിന്യങ്ങളും കുമിഞ്ഞ് കൂടിയതോടെ കടപ്പുറത്തേക്ക് കാലെടുത്ത് വെക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് വിനോദത്തിനായി എത്തുന്നവര്‍.
സൗത്ത് കടപ്പുറത്തെ നടപ്പാത ഉള്‍പ്പെടെ തകര്‍ന്ന് നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. തീരത്തേക്ക് ഇറങ്ങുന്നതിന് താല്‍ക്കാലിക പാതയുണ്ടാക്കിയിട്ടുണ്ടെങ്കിലും തീരം മോശമായ അവസ്ഥയിലാണ്.
മിഡില്‍ ബീച്ചിന്റെയും നോര്‍ത്ത് ബീച്ചിന്റേയും അവസ്ഥ ഇത് തന്നെയാണ്.ഹെറിറ്റേജ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടേയും ഡിറ്റിപിസിയുടേയും സ്ത്രീ തൊഴിലാളികള്‍ ഇവിടെ ശുചീകരണ ജോലികള്‍ ചെയ്യുന്നുണ്ട്. പക്ഷെ മാലിന്യങ്ങള്‍ മാത്രം മാറുന്നില്ലയെന്നതാണ് വസ്തുത.
ഇതിന് പുറമേ തെരുവ് നായ്ക്കളുടേയും ഇഴ ജന്തുക്കളുടേയും ശല്യം കടപ്പുറത്ത് രൂക്ഷമാണ്. കഴിഞ്ഞ ദിവസം ഒരു തെരുവ് കച്ചവടക്കാരന് പാമ്പ് കടിയേറ്റിയിരുന്നു.
