കൊച്ചി: സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ഇരട്ടിയായി കൂട്ടിയതിന് പിന്നാലെ സ്വര്‍ണ വിലയില്‍ കൂറ്റന്‍ വര്‍ധനവ്. ഗ്രാമിന് 1,275 രൂപയും പവന് 10,200 രൂപയുമാണ് വര്‍ധിച്ചത്. യുദ്ധം ആരംഭിച്ചതിന് ശേഷം ഇത്രയും രൂപ ഒറ്റയടിക്ക് വര്‍ധിച്ചത് അപൂര്‍വമാണ്. ഇതോടെ 22 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 15,390 രൂപയും പവന് 1,23,120 രൂപയുമെന്ന സര്‍വകാല റെക്കോര്‍ഡിലെത്തി.
ഇന്നലെ ഗ്രാമിന് 14,115 രൂപയും പവന് 1,12,920 രൂപയുമായിരുന്നു വില. 18 കാരറ്റ് സ്വര്‍ണത്തിന് 1040 രൂപ വര്‍ധിച്ച് ഗ്രാമിന് 12640 രൂപയും പവന് 1,01,120 രൂപയുമായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9485 രൂപയും പവ് 78760 രൂപയുമായി. 815 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്.
സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി കുറയ്ക്കാനും രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കാനുമായി തിരുവ ആറില്‍ നിന്നു 15 ശതമാനമാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയത്. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ തിരുവ നിലവില്‍ വന്നു. ഇതോടെയാണ് സ്വര്‍ണവിലയില്‍ അസാധാരണമായ കുതിപ്പുണ്ടായത്.
സ്വര്‍ണത്തിനും വെള്ളിക്കും അടിസ്ഥാന കസ്റ്റംസ് തീരുവ അഞ്ച് ശതമാനമായിരുന്നു. ഇത് 10 ശതമാനമായി ഉയര്‍ത്തി. ഒരു ശതമാനമായിരുന്ന അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് ഡവലപ്മെന്റ് സെസ് (എഐഡിസി) അഞ്ച് ശതമാനമായും ഉയര്‍ത്തി. ഇതോടെയാണ് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ആകെ ഇറക്കുമതി തീരുവ 15 ശതമാനമായി വര്‍ധിച്ചത്.
രാജ്യാന്തര വിലയേക്കാള്‍ ഒമ്പത് ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങരുതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം വന്നപ്പോള്‍ തന്നെ ഇത്തരമൊരു നീക്കം വ്യാപാരികള്‍ പ്രതീക്ഷിച്ചിരുന്നു. കേന്ദ്ര തീരുമാനം ഡിമാന്‍ഡ് കുറയ്ക്കാനും കള്ളക്കടത്ത് വര്‍ധിപ്പിക്കാനും ഇടയാക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. 2024ല്‍ തീരുവ കുറച്ചതോടെ സ്വര്‍ണക്കള്ളക്കടത്ത് വലിയ രീതിയില്‍ കുറഞ്ഞിരുന്നു.
