ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ് പ്ലാറ്റ്ഫോമിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്ബോട്ടായ ‘ഗ്രോക്ക്’ ഉപയോഗിച്ച് കുട്ടികളുടെയും സ്ത്രീകളുടെയും ലൈംഗികാതിപ്രസരമുള്ള 30 ലക്ഷത്തിലധികം ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടതായി അന്വേഷണ റിപ്പോര്‍ട്ട്. ‘സെന്റര്‍ ഫോര്‍ കൗണ്ടറിംഗ് ഡിജിറ്റല്‍ ഹേറ്റ്’ എന്ന സംഘടനയുടേതാണ് റിപ്പോര്‍ട്ട്.
ഗ്രോക്കിന്റെ സുരക്ഷാ മാനദണ്ഡങ്ങളിലെ പാളിച്ചകള്‍ കാരണമാണ് ഉപയോക്താക്കള്‍ക്ക് ഇത്തരം അശ്ലീലകരവും ഹാനികാരകവുമായ ദൃശ്യങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മോശം ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഈ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യപ്പെട്ടുവെന്നതാണ് ഏറ്റവും ഗുരുതരമായ വീഴ്ചയെന്നും റിപ്പോര്‍ട്ടിലുണ്ട്.
മറ്റ് പ്രമുഖ എഐ പ്ലാറ്റ്ഫോമുകളായ ഓപ്പണ്‍ എഐ, ഗൂഗിള്‍ ജെമിനി എന്നിവ അശ്ലീല ദൃശ്യങ്ങള്‍ നിര്‍മ്മിക്കുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇലോണ്‍ മസ്ക് മുന്നോട്ടുവെക്കുന്ന ‘പരിധിയില്ലാത്ത ആവിഷ്കാര സ്വാതന്ത്ര്യം’ എന്ന നയം ഗ്രോക്കിനെ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കി മാറ്റുകയാണെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വിവിധ രാജ്യങ്ങളിലെ സൈബര്‍ സുരക്ഷാ ഏജന്‍സികള്‍ ഗ്രോക്കിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
