ആലപ്പുഴ: കടുത്ത ചൂടിൽ നാട് വെന്തുരുകുന്നു. അങ്കണ വാടികൾക്കും ഈ വേനലിൽ അവധി നൽകണമെന്ന് ആവശ്യമുയരുന്നു. സംസ്ഥാനത്ത്, പ്രത്യേകിച്ച് പാലക്കാട് ജില്ലയിൽ പകൽ താപനില 40 ഡിഗ്രിയായി ഉയർന്നു. മറ്റ് ജില്ലകളിൽ 37 മുതൽ 39 ഡിഗ്രി വരെയാണ് താപനില. അൾട്രാവയലറ്റ് രശ്മികൾ കൂടുതലുള്ളതിനാൽ പല ജില്ലയിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് അങ്കണവാടികൾക്ക് അവധി നൽകണമെന്ന ആവശ്യമുയർന്നത്. പകൽ സമയത്ത് കടുത്ത ചൂടായതിനാൽ കുരുന്നുകൾക്ക് ഫാൻ പ്രവർത്തിപ്പിച്ചാൽ പോലും ഇരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇപ്പോൾ പകൽ പലപ്പോഴും വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവും കൂടിയായതിനാൽ അംങ്കണ വാടികളിൽ കുരുന്നുകൾ വെന്തുരുകുകയാണ്.
ഇതിനാൽ നിരവധി കുട്ടികൾക്ക് പനി ഉൾപ്പെടെയുള്ള അസുഖങ്ങളും വിട്ടുമാറാത്ത സ്ഥിതിയായി. ജില്ലയിലെ 37 ഡിഗ്രി താപനില മുതിർന്നവർക്കു പോലും താങ്ങാൻ കഴിയാതെ വന്നിരിക്കുകയാണ്. മിക്ക അങ്കണ വാടി കെട്ടിടങ്ങളുടെയും മേൽക്കൂര വാർത്തതാണ്.
അതു കൊണ്ടു തന്നെ പകൽ സമയങ്ങളിൽ ഇതിനുള്ളിൽ ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഹൈ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് വേനലവധി നൽകുമ്പോഴാണ് സംസ്ഥാനത്തെ അങ്കണ വാടി കുരുന്നുകൾ വാടിത്തളർന്ന് പഠനം നടത്തുന്നത്.
ഈ സാഹചര്യത്തിൽ അങ്ക ണ വാടികൾക്ക് അവധി നൽകുന്നത് പരിഗണിക്കാൻ ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് ,ജില്ലാ കളക്ടർമാർ എന്നിവർ തയാറാകണമെന്നു ആവശ്യമുയരുകയാണ്.
