വൈദ്യുതിയൊക്കെ എന്നാ ഉണ്ടായത്! വിഡ്ഢിയെന്ന് ചിലപ്പോള്‍ ആളുകള്‍ വിളിച്ചേക്കാം, പക്ഷേ ഈ ജീവിതമാണ് എനിക്കെല്ലാം; 79 വര്‍ഷക്കാലം വൈദ്യുതി ഉപയോഗിക്കാതെ ജീവിച്ച അധ്യാപിക പറയുന്നു

ആധുനിക ലോകത്തില്‍ മനുഷ്യര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വൈദ്യുതി. ഏത് കാര്യവും സുഗമമായും വേഗത്തിലും ചെയ്തു തീര്‍ക്കാന്‍ വൈദ്യുതി കൂടിയേ തീരൂ. വൈദ്യുതി ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് ചിന്തിച്ച് നോക്കാന്‍ പോലും ചിലര്‍ക്ക് ഭയമായിരിക്കാം.

എന്നാല്‍ ഇപ്പോഴിതാ ഏവരെയും ഞെട്ടിക്കുന്ന രീതിയില്‍ ഒരു അധ്യാകപികയുടെ കാര്യം വാര്‍ത്താമാധ്യമങ്ങളിലൂടെ പുറത്തെത്തിയിരിക്കുന്നു. ഓര്‍മവച്ച നാള്‍ മുതല്‍ വീട്ടിലോ ജീവിച്ച ഒരിടത്തെങ്കിലുമോ വൈദ്യുതി ഉപയോഗിക്കേണ്ടി വന്നിട്ടില്ല , ഇവര്‍ക്ക്. അതിനുള്ള കാരണമാണ് വാര്‍ത്തയായിരിക്കുന്നത്.

പൂനെയിലെ ബുധ്വര്‍ പെട്ടില്‍ താമസിക്കുന്ന ഡോ. ഹേമ സനെ എന്ന 79കാരിയാണ് ഈ വ്യക്തി. സാവിത്രിബായ് ഫുലെ സര്‍വകലാശാലയില്‍ നിന്ന് ബോട്ടണിയില്‍ ഡോക്ടറേറ്റ് നേടിയ ഹേമ സനെ നീണ്ട വര്‍ഷം പൂനെയിലെ ഗര്‍വാരെ കോളജില്‍ പ്രൊഫസറായിരുന്നു.

വൈദ്യുതി ഇല്ലാതെ എങ്ങനെയാണ് കഴിയുന്നതെന്ന് ആളുകള്‍ ചോദിക്കാറുണ്ട്. തിരിച്ച് അവരോടുള്ള ചോദ്യം ഇതാണ് വൈദ്യുതി ഉണ്ടായിട്ട് എങ്ങനെയാണ് ജീവിക്കുന്നത്. മറ്റുള്ളവര്‍ തന്നെ വിഢിയെന്നാണ് വിശേഷിപ്പിക്കുന്നതെന്ന് ഹേമ പറയുന്നു. എന്നാല്‍ താന്‍ അതേക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് ഹേമ പറയുന്നത്.

ജോലിയില്‍ നിന്ന് വിരമിച്ച ശേഷം പ്രകൃതിയെ സ്നേഹിച്ച് പരിസ്ഥിതിയോടിണങ്ങിയാണ് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്. അതുകൊണ്ടാണ് തനിക്ക് വൈദ്യുതി ആവശ്യമില്ലാത്തത്. ഭക്ഷണം താമസം വസ്ത്രം എന്നിവയാണ് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍. അതേ ആവശ്യമുള്ളൂ. ഈയുടത്ത കാലത്തല്ലേ വൈദ്യുതി വന്നത് അതില്ലാതെ തന്നെ ജീവിക്കാന്‍ താന്‍ ശീലിച്ചിട്ടുണ്ടെന്നും ഹേമ സനെ പറയുന്നു.

നിറയെ മരങ്ങളും ചെടികളുമുള്ള ഒരു കൊച്ചു കുടിലിലാണ് ഹേമ സനെയുടെ താമസം. കൂട്ടിന് രണ്ട് പൂച്ചകളും ഒരു നായയും ഒരു കീരിയും കുറേ പക്ഷികളും. പക്ഷികളടക്കം സുഹൃത്തുക്കളാണ്. വീട്ടു ജോലികള്‍ ചെയ്യുമ്പോള്‍ അവര്‍ അരികിലെത്താറുണ്ട്. വീടും സ്ഥലവും വില്‍ക്കാന്‍ പലരും ആവശ്യപ്പെടുന്നുണ്ട്. നല്ല വില കിട്ടുമെന്നാണ് പറയുന്നത്.

എന്നാല്‍ ഇത് വിറ്റാല്‍ ഈ മരങ്ങളേയും പക്ഷികളേയും ആര് സംരക്ഷിക്കും. അതുകൊണ്ട് എങ്ങോട്ടുമില്ല. അവര്‍ക്കൊപ്പം താമസിക്കുമെന്നും ഹേമ സനെ പറഞ്ഞു. എഴുത്തുകാരി കൂടിയാണ് ഹേമ.

Related posts