ആരെങ്കിലുമൊക്കെ സഹായിക്കണേ… വക്കീലിനു കൊടുക്കാന്‍ പോലും പണമില്ലാതെ റാം റഹിമിന്റെ ദത്തുപുത്രി; ധനസഹായം തേടിയുള്ള കത്ത് പുറത്ത്

അംബാല:കേസു വാദിക്കുന്ന അഭിഭാഷകനു കൊടുക്കാന്‍ പോലും പണമില്ലാതെ റാം റഹിമിന്റെ വളര്‍ത്തു പുത്രി ഹണിപ്രീത് ഇന്‍സാന്‍. പണം നല്‍കി സഹായിക്കണമെന്നാവശ്യപ്പെട്ട് ഹണിപ്രീത് കത്തെഴുതിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.ഹരിയാനയിലെ അംബാല സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്കാണ് ഹണിപ്രീത് കത്തെഴുതിയത്. ഇവിടെയാണ് ഹണിപ്രീത് തടവില്‍ കഴിയുന്നത്. അഭിഭാഷകനെ നിയോഗിക്കാന്‍ സ്വന്തം നിലയ്ക്കു സാധിക്കില്ലെന്നു കത്തില്‍ പറയുന്നു. പ്രത്യേക അന്വേഷണ സംഘം തനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കേസിന്റെ വിചാരണ നടപടി ഡിസംബര്‍ ഏഴിന് തുടങ്ങുമെന്നു കോടതി അറിയിച്ചിരിക്കുന്നു. അന്വേഷണ സംഘം തന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്. അതിനാല്‍ പണം പിന്‍വലിക്കാനാവുന്നില്ല. കത്തില്‍ പറയുന്നു.

തന്റെ ഭാഗം കോടതിയില്‍ വാദിക്കുന്നതിന് അഭിഭാഷകനെ വയ്ക്കാന്‍ കൈയ്യില്‍ പണമില്ല. ഇതിനായി ബൗങ്ക് അക്കൗണ്ടുകള്‍ പുനഃസ്ഥാപിക്കണമെന്നും ഹണിപ്രീത് കത്തില്‍ ആവശ്യപ്പെടുന്നു. ഗുര്‍മീത് ജയിലിലായതിനു പിന്നാലെ, പഞ്ച്കുലയിലും മറ്റും കലാപത്തിന് ആസൂത്രണം ചെയ്‌തെന്ന കേസില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് ഹണിപ്രീത് അറസ്റ്റിലായത്. 38 ദിവസത്തെ ഒളിവുജീവിതത്തിനു ശേഷമായിരുന്നു അറസ്റ്റ്. ഗുര്‍മീതുമായുള്ള ബന്ധം വിവാദമായപ്പോള്‍, പവിത്രമായ അച്ഛന്‍- മകള്‍ ബന്ധമാണ് തങ്ങള്‍ക്കിടയിലെന്നു ഹണിപ്രീത് വ്യക്തമാക്കിയിരുന്നു. കലാപത്തിനുശേഷം ഹരിയാന, പഞ്ചാബ്, ഡല്‍ഹി, നേപ്പാള്‍ എന്നിവിടങ്ങളിലാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞത്. കലാപമുണ്ടാക്കാന്‍ ഹണിപ്രീത് ഒന്നരക്കോടി രൂപ നല്‍കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. രാജ്യദ്രോഹക്കുറ്റം, കലാപശ്രമം, ഗുര്‍മീതിനെ കോടതിയില്‍നിന്ന് രക്ഷിക്കാന്‍ ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

Related posts