ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം പുതിയ തലത്തിലേക്ക്. ഹോർമുസ് കടലിടുക്കിലെ ഉപരോധത്തിന് നേതൃത്വം നൽകിയിരുന്ന ഇറാന്റെ പ്രമുഖ നാവികസേനാ കമാൻഡർ അഡ്മിറൽ അലിരേസ തംഗ്സിരി കൊല്ലപ്പെട്ടു. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
ഹോർമുസ് കടലിടുക്ക് വഴിയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസപ്പെടുത്തുന്നതിനും ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകൾ പിടിച്ചെടുക്കുന്നതിനും ചുക്കാൻ പിടിച്ചിരുന്നത് തംഗ്സിരി ആയിരുന്നു. ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ നാവികസേനാ വിഭാഗം മേധാവിയായിരുന്നു ഇദ്ദേഹം.
ഇറാന്റെ തെക്കൻ തീരപ്രദേശത്ത് വെച്ചാണ് ഇസ്രയേൽ ഡ്രോണുകളോ മിസൈലുകളോ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നാണ് കരുതപ്പെടുന്നത്. ഇസ്രയേൽ ഔദ്യോഗികമായി ഇതിനോട് പ്രതികരിച്ചിട്ടില്ലെങ്കിലും, ഇറാന്റെ സൈനിക ശേഷി തകർക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ.
